21 April Sunday

മുസഫർനഗർ കലാപം: സ്വന്തം സഹോദരങ്ങളെ കൊലപ്പെടുത്തുന്നതിന‌് ദൃക‌്സാക്ഷിയായ ആളെ വെടിവെച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 13, 2019

ന്യൂഡൽഹി> മുസഫർനഗർ കലാപത്തിനിടെ തന്റെ രണ്ട‌് സഹോദരങ്ങളെ കൊലപ്പെടുത്തുന്നതിന‌് ദൃക‌്സാക്ഷിയായ ആളെ തിരക്കേറിയ ചന്തയിൽ വെടിവെച്ചുകൊന്നു. 25ന‌് കോടതിയിൽ സാക്ഷി വിസ‌്താരത്തിന‌് ഹാജരാകാനിരിക്കെയാണ‌് അഷ‌്ബാബ‌് (35) കൊല്ലപ്പെട്ടത‌്. യുപിയിലെ ഇന്ദിരാ മൂർത്തി മേഖലയിലെ ചന്തയിൽ തിങ്കളാഴ‌്ച രാത്രിയാണ‌് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടി ഉതിർത്തത‌്. ഇവിടെ പാൽക്കച്ചവടം നടത്തുന്ന അഷ‌്ബാബ‌് അഞ്ച‌് വെടിയുണ്ടകളേറ്റ‌് സംഭവസ്ഥലത്ത‌് തന്നെ മരിച്ചു.

ജീവന‌് ഭീഷണിയുണ്ടെന്ന‌് പൊലീസിൽ അദ്ദേഹം പരാതിപ്പെട്ടിരുന്നെന്ന‌് അഷ‌്ബാബിന്റെ അഭിഭാഷകൻ നസീർ അലി ‌പറഞ്ഞു.കേസിലെ ആറ‌് പ്രതികളും ജാമ്യത്തിൽ പുറത്തുണ്ട‌്. കേസ‌് ഒത്തുതീർക്കണമെന്ന‌് ആവശ്യപ്പെട്ട‌്  ഇദ്ദേഹത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടേക്കും എന്ന ഭീതിയെ തുടർന്ന‌ാണ‌് ഫെബ്രുവരിയിൽ പൊലീസിൽ പരാതി നൽകിയത‌് നസീർ അലി പറഞ്ഞു.

കലാപത്തെ തുടർന്ന‌് മുസഫർനഗറിലെ ഖേരി ഗ്രാമം വിട്ട‌് തങ്ങൾക്ക‌് ഓടിപ്പോരേണ്ടി വന്നുവെന്ന‌് അഷ‌്ബാബ‌ിന്റെ പിതാവ‌് അഖ‌്തർ  പറഞ്ഞു. രണ്ട‌് മക്കൾ കൊല്ലപ്പെടുകയും അതിന‌് ദൃക‌്സാക്ഷിയായ മകന്റെ ജീവന‌് ഭീഷണി ഉണ്ടാവുകയും ചെയ‌്തതോടെയാണ‌് ഉള്ളതെല്ലാം ഉപേക്ഷിച്ച‌് നാടുവിട്ടത‌്. തങ്ങൾക്ക‌് ആരുമായും ശത്രുതയില്ല. കേസ‌് വിസ‌്താരവുമായി ബന്ധപ്പെട്ടാണ‌് മൂന്നാമത്തെ മകനും കൊല്ലപ്പെട്ടത‌്. തന്റെ രണ്ട‌് സഹോദരങ്ങളെയും ക്രൂരമായി കൊല്ലുന്നത‌് കണ്ട അഷ‌്ബാബ‌ിനോട‌് കേസ‌് ഒത്തുതീർപ്പാക്കണമെന്ന‌് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. അതിനൊരിക്കലും അഷ‌്ബാബ‌ബ‌് വഴങ്ങിയില്ലെന്നും അഖ‌്തർ പറഞ്ഞു.

അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും എസ‌്പി സത‌്പാൽ അന്തിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top