16 September Monday

മുത്തലാഖിൽ വഞ്ചന കാട്ടി കോൺഗ്രസ്‌

സ്വന്തം ലേഖകൻUpdated: Thursday Aug 1, 2019

ന്യൂഡൽഹി> ജയിൽശിക്ഷ വ്യവസ്ഥചെയ്യുന്ന മുത്തലാഖ്‌ നിരോധന ബില്ലിന്‌ പാർലമെന്റിന്റെ അംഗീകാരം ലഭിക്കാൻ  കോൺഗ്രസ്‌ ബിജെപിക്ക്‌ കൂട്ടുനിന്നതായി ആക്ഷേപം. മുത്തലാഖ്‌ ബില്ലിനെ പൂർണമായും എതിർത്താൽ ഭൂരിപക്ഷ മതവിഭാഗത്തിന്റെ പിന്തുണ നഷ്ടപ്പെടുമെന്ന ഭീതിയാണ്‌ രാജ്യസഭയിൽ ബില്ലിനെ എതിർക്കുന്നതിൽനിന്ന്‌ കോൺഗ്രസിനെ പിന്തിരിപ്പിച്ചത്‌.

ലോക്‌സഭയിൽ ബില്ലിനെതിരായി വോട്ടുചെയ്യാൻപോലും തയ്യാറാകാതിരുന്ന കോൺഗ്രസ്‌ രാജ്യസഭയിൽ സർക്കാരിന്‌ ഭൂരിപക്ഷമുണ്ടെന്ന്‌ ഉറപ്പുവരുത്തിയാണ്‌ വോട്ടെടുപ്പിൽ പങ്കാളിയായത്‌.  രാഹുൽ ഗാന്ധി ലോക്‌സഭയിൽ മുത്തലാഖ്‌ ചർച്ചയിലോ വോട്ടെടുപ്പിലോ പങ്കെടുത്തില്ല.
84 നെതിരായി 99 വോട്ടുകൾക്കാണ്‌ മുത്തലാഖ്‌ ബിൽ രാജ്യസഭ കടന്നത്‌. 24 പ്രതിപക്ഷ എംപിമാർ വോട്ടെടുപ്പ്‌ സമയത്ത്‌ സഭയിൽ ഇല്ലായിരുന്നു.

മുസ്ലിംലീഗിന്റെ ഏക രാജ്യസഭാംഗമായ അബ്‌ദുൾ വഹാബ്‌ വോട്ടെടുപ്പിലേക്ക്‌  ഓടിയെത്തുകയായിരുന്നു. ചർച്ചയിൽ എതിർക്കാൻ വഹാബുണ്ടായില്ല. കോൺഗ്രസിന്റെ നാല്‌, എസ്‌പിയുടെ ഏഴ്‌, ബിഎസ്‌പിയുടെ നാല്‌, പിഡിപിയുടെ രണ്ട്‌, എൻസിപിയുടെ രണ്ട്‌, ടിഡിപിയുടെ രണ്ട്‌, തൃണമൂലിന്റെയും ആർജെഡിയുടെയും ഓരോ അംഗങ്ങൾ വീതം എന്നിങ്ങനെയാണ്‌ വോട്ടെടുപ്പിൽ വിട്ടുനിന്നത്‌.

പിഡിപിയുടെ രണ്ട്‌ എംപിമാർ ബില്ലിനെതിരെ സംസാരിച്ച ശേഷമാണ്‌ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നത്‌. ചില പ്രതിപക്ഷാംഗങ്ങളെ സഭയിൽനിന്ന്‌ അകറ്റിനിർത്താൻ ബിജെപി കുതന്ത്രങ്ങൾ പ്രയോഗിച്ചതായും ആക്ഷേപമുണ്ട്‌. 24 പ്രതിപക്ഷാംഗങ്ങളുടെ അഭാവത്തിലാണ്‌ 15 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിൽ പാസായത്‌.

സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ട ആറു ബില്ലുകളിൽ ഉൾപ്പെട്ടതായിരുന്നു മുത്തലാഖ്‌ ബില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഗുലാംനബി ആസാദ്‌ രാജ്യസഭയിൽ പറഞ്ഞു.  ഇവ സെലക്ട്‌ കമ്മിറ്റിക്ക്‌ പോകുമെന്നാണ്‌   പ്രതീക്ഷിച്ചത്‌. എന്നാൽ, മുത്തലാഖ്‌ ബിൽ സർക്കാർ പെട്ടെന്ന്‌ കാര്യപരിപാടിയിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇത്‌ വഞ്ചനയാണ്‌–- ഗുലാംനബി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top