18 November Monday

യുപിയിൽ പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി; രണ്ടുപേർ അറസ്‌റ്റിൽ

സ്വന്തം ലേഖകൻUpdated: Saturday Jun 8, 2019

ന്യൂഡൽഹി> ഉത്തർപ്രദേശിലെ അലിഗഢിൽ രണ്ടരവയസ്സുകാരിയെ  ക്രൂരമായി ശ്വാസംമുട്ടിച്ച‌് കൊലപ്പെടുത്തി. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം. താപ്പൽ ടൗണിലെ ഭൻവാരിലാൽ ശർമയുടെ മകൾ ട്വിങ്കിൾ ശർമയെ ആണ‌് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത‌്. ഭൻവാരിലാൽ ശർമ കടം തിരികെ ചോദിച്ചതിന്റെ പേരിൽ കുപിതരായ അയൽക്കാരായ രണ്ടുപേർ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന‌് കാണിച്ച‌് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട‌് ജാഹിദ‌് (27), അസ്ലം (42) എന്നിവരെ ചൊവ്വാഴ‌്ച അറസ‌്റ്റ‌് ചെയ‌്തു.

|ട്വിങ്കിളിന്റെ മൃതദേഹം ഞായറാഴ‌്ച  വീട്ടിൽ നിന്ന‌്  50–-60 മീറ്റർ അകലെ മാലിന്യക്കൂമ്പാരത്തിൽ  പകുതി ജീർണിച്ച നിലയിലാണ‌് കണ്ടെത്തിയത‌്. ശരീരഭാഗങ്ങൾ തെരുവുനായ‌്ക്കൾ കടിച്ചുപുറത്തിട്ടത‌് കണ്ട നാട്ടുകാരാണ‌് പൊലീസിനെ അറിയിച്ചത‌്.  പ്രാഥമിക പരിശോധനയിൽ ട്വിങ്കിളിന്റേതാണെന്ന‌് തിരിച്ചറിഞ്ഞു.

സംഭവം  വിവാദമായതിനെ തുടർന്ന‌് കേസ‌് രജിസ‌്റ്റർ ചെയ്യാൻ വൈകിയതിന‌് സ‌്റ്റേഷൻ ഹൗസ‌് ഓഫീസർ ഉൾപ്പെടെ അഞ്ച‌് പൊലീസുകാരെ സസ‌്പെൻഡ‌് ചെയ‌്തു. കഴിഞ്ഞ വ്യാഴാഴ‌്ചയാണ‌് വീടിന‌് പുറത്ത‌് കളിച്ചുകൊണ്ടിരുന്ന ട്വിങ്കിളിനെ കാണാതായതെന്ന‌് അമ്മ ശിൽപ്പ ശർമ മാധ്യമങ്ങളോട‌് പറഞ്ഞു. ‘സമീപപ്രദേശത്ത‌് എല്ലാം കുട്ടിയെ തെരഞ്ഞിട്ടും കണ്ടെത്താനായില്ല. ഞായറാഴ‌്ച ശുചീകരണത്തൊഴിലാളികളാണ‌് മൃതദേഹം കണ്ടെത്തിയത‌്. ഞങ്ങൾ കാണുമ്പോൾ കുഞ്ഞിന്റെ ശരീരത്തിൽ ഒരു കൈ ഉണ്ടായിരുന്നില്ല. കണ്ണുകൾ ആസിഡ‌് ഒഴിച്ച‌് പൊള്ളിച്ചിരുന്നു. കാലുകൾക്കും ഒടിവുണ്ടായിരുന്നു’–- അമ്മ പറ ഞ്ഞു.

അതേസമയം പെൺകുട്ടി ബലാത്സംഗത്തിന‌് ഇരയായതായി പോസ‌്റ്റ‌്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടില്ലെന്ന‌് അലിഗഢ‌് എസ‌്എസ‌്പി ആകാശ‌് കുൽഹരി പറഞ്ഞു. പ്രതികൾക്ക‌് എതിരെ ദേശീയസുരക്ഷാനിയമം (എൻഎസ‌്എ) ചുമത്തിയിട്ടുണ്ടെന്നും   അദ്ദേഹം അറിയിച്ചു. 
ജാഹീദിന്റെ പിതാവിന്റെ ചികിത്സയ‌്ക്ക‌് കടംവാങ്ങിയ പണത്തിന്റെ പേരിലുള്ള തർക്കമാണ‌് വൈരാഗ്യത്തിന‌് കാരണമെന്ന‌് ട്വിങ്കിളിന്റെ പിതാവ‌് ഭൻവാരിലാൽ ശർമ പറഞ്ഞു. ചികിത്സയ‌്ക്കായി കടംവാങ്ങിയ 50,000 രൂപയിൽ 40,000 തിരികെ നൽകിയിരുന്നു. ബാക്കി 10,000 രൂപ ആവശ്യപ്പെട്ടതോടെ ജഹീദ‌് കുപിതനായി.

വലിയ അപകടം നേരിടേണ്ടിവരുമെന്ന‌് ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെയാണ‌് കുട്ടിയെ കാണാതായത‌്. ദുരൂഹത നീക്കാൻ വിശദമായ അന്വേഷണത്തിന‌് എസ‌്പി (റൂറൽ) മണിലാൽ പാട്ടീദാറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. 
പെൺകുട്ടിയുടെ കഴുത്തിൽ ദുപ്പട്ട മുറുക്കി കൊന്ന ശേഷം മൃതദേഹം ബാഗിലാക്കി ചവറുകൂനയിൽ ഇടുകയായിരുന്നു. ജഹീദ‌് കുറ്റം സമ്മതിച്ചെന്ന‌് പൊലീസ‌് പറഞ്ഞു. അതേസമയം, ട്വിങ്കിളിന്റെ കൊലപാതകത്തിന്റെ പശ‌്ചാത്തലത്തിൽ വർഗീയധ്രുവീകരണം ലക്ഷ്യമിട്ട‌്‌ സാമൂഹ്യമാധ്യമങ്ങളിൽ തീവ്രഹിന്ദുത്വ സംഘങ്ങൾ  പ്രചാരണം തുടങ്ങി.  ‘ജസ‌്റ്റിസ‌് ഫോർ ട്വിങ്കിൾ’ എന്ന പേരിലുള്ള ഹാഷ‌്ടാഗും സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു.


പ്രധാന വാർത്തകൾ
 Top