04 December Saturday

മുല്ലപ്പെരിയാര്‍: സുരക്ഷ സംബന്ധിച്ച് മേല്‍നോട്ട സമിതി തീരുമാനമെടുക്കണം- സുപ്രീം കോടതി

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021


ന്യൂഡൽഹി
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പുമായി ബന്ധപ്പെട്ടുള്ള വിഷയം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതെന്ന്‌ സുപ്രീംകോടതി. ജനങ്ങളുടെ ആശങ്ക തിരിച്ചറിയണമെന്നും ജലനിരപ്പിൽ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കണമെന്നും ജസ്റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു. 2018ൽ പ്രളയ സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ്‌ 139 അടിയായി കുറയ്‌ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത്‌ കനത്ത മഴ ആയതിനാൽ സമാനമായി ജലനിരപ്പ്‌ കുറയ്‌ക്കാൻ അടിയന്തരമായി നിർദേശിക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടു. എന്നാൽ, തിങ്കൾ രാവിലെ ഒമ്പതുവരെ അണക്കെട്ടിലെ ജലനിരപ്പ്‌ 137.2 അടിയാണെന്ന്‌ തമിഴ്‌നാട്‌ അറിയിച്ചു. അണക്കെട്ടിലേക്കുള്ള ജലത്തേക്കാൾ കൂടുതൽ പുറത്തേക്ക്‌ ഒഴുക്കുന്നുണ്ട്‌. ഇടുക്കിയിൽ അടുത്ത അഞ്ചു ദിവസം മഴ കുറവാകുമെന്നാണ്‌ പ്രവചനം. സാഹചര്യം നിരീക്ഷിച്ച്‌ നടപടിയെടുക്കുമെന്നും തമിഴ്‌നാട്‌ അറിയിച്ചു. മേൽനോട്ട സമിതി തീരുമാനംവരെ ജലനിരപ്പ്‌ 137 അടിയായി നിലനിർത്തണമെന്ന ആവശ്യം കേരളം ഉന്നയിച്ചെങ്ങിലും കോടതി തള്ളി.

മേൽനോട്ട സമിതി തീരുമാനം അറിയിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറലിന്‌ കോടതി നിർദേശം നൽകി. സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ്‌ ഗുപ്‌ത, സ്റ്റാൻഡിങ്‌ കോൺസൽ ജി പ്രകാശ്‌, തമിഴ്‌നാട്‌ സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. വി കൃഷ്‌ണമൂർത്തി, സുരക്ഷാ ട്രസ്റ്റിനുവേണ്ടി അഡ്വ. വിൽസ്‌ മാത്യു തുടങ്ങിയവർ ഹാജരായി.

എന്തുചെയ്യും മേൽനോട്ട സമിതി
മുല്ലപ്പെരിയാറിൽ ജലനിരപ്പ്‌ എത്ര അടിയാക്കണമെന്ന ശുപാർശയാകും മേൽനോട്ട സമിതി നൽകുക. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയും സാഹചര്യം വിലയിരുത്തിയുമാകും തീരുമാനം. ഈ ശുപാർശയുടെ അടിസ്ഥാനത്തിലാകും സുപ്രീംകോടതി ഉത്തരവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top