06 December Friday

കോർപറേറ്റ്‌ ലോകത്ത്‌ അസ്വസ്ഥത; ഗുണം അംബാനിക്കും അദാനിക്കും മാത്രം

സ്വന്തം ലേഖകൻUpdated: Tuesday Dec 3, 2019

ന്യൂഡൽഹി > ബജാജ്‌ ഗ്രൂപ്പ്‌ മേധാവി രാഹുൽ ബജാജിന്റെ തുറന്നുപറച്ചിൽ മോഡിസർക്കാരിന്റെ നയം രാജ്യത്തെ കോർപറേറ്റ്‌ ലോകത്ത്‌ സൃഷ്ടിച്ച അസ്വസ്ഥതയുടെ പ്രതിഫലനം. അംബാനിമാരെയും അദാനിയെയും  കേന്ദ്രം വഴിവിട്ട്‌ പ്രോത്സാഹിപ്പിക്കുമ്പോൾ ഇതര കോർപറേറ്റ്‌ സ്ഥാപനങ്ങൾക്ക്‌ നീതി ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്‌.     രാജ്യത്തിന്റെ സാമ്പത്തികവളർച്ച താഴോട്ടുപോകുമ്പോൾ മുകേഷ്‌ അംബാനിയുടെയും അദാനി ഗ്രൂപ്പിന്റെയും ആസ്‌തി പെരുകുന്നു. ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇരുവരുടെയും സ്ഥാനം കുതിച്ചുയരുന്നു. നയപരമായ കാര്യങ്ങളിൽ സർക്കാരിന്റെ തലോടലും ചുരുങ്ങിയ വിലയിൽ പ്രകൃതിവിഭവങ്ങൾ ഇവർക്ക്‌ ലഭിക്കുന്നതാണ്‌ കാരണം.

ടെലികോംമേഖലയിൽ സർക്കാർ നടപ്പാക്കുന്ന നയത്തിന്റെ മുഖ്യഗുണഭോക്താവ്‌ മുകേഷ്‌ അംബാനിയാണ്‌. പ്രധാനമന്ത്രി മോഡിതന്നെ ജിയോപരസ്യത്തിൽ പ്രചാരകനായി.
ജിയോയുടെ നേട്ടത്തിനായി ബിഎസ്‌എൻഎല്ലിനെയും എംടിഎൻഎല്ലിനെയും തകർക്കുകയാണ്‌. എന്നാൽ, ഓട്ടോമൊബൈൽ, വളം, ഇതര ഉൽപ്പന്നങ്ങൾ, കാർഷികമേഖല, വ്യോമയാനം, സേവനങ്ങൾ എന്നീ മേഖലകളിലെ മാന്ദ്യം പരിഹരിക്കാൻ സർക്കാരിന്‌ താൽപ്പര്യമില്ല. ഈ മേഖലകളിൽ ശക്തമായ സാന്നിധ്യമുള്ള കോർപറേറ്റുകളുടെ പരിഭവത്തിനും രോഷത്തിനും കാരണം ഇതാണ്‌. ആദി ഗോദ്‌റെജ്‌, ഇൻഫോസിസ്‌ നാരായണമൂർത്തി എന്നിവർ സർക്കാർ നിലപാടിൽ നേരത്തെ  പ്രതിഷേധം പ്രകടിപ്പിച്ചു.


പ്രധാന വാർത്തകൾ
 Top