31 March Tuesday

പട്ടാളം തടഞ്ഞാലും യൂത്ത്മാര്‍ച്ച് തുടരും; കോണ്‍ഗ്രസ് ബിജെപിയുടെ 'ബി' ടീമായി: മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

ന്യൂഡല്‍ഹി> എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ചിനെ പൊലീസിനെ ഉപയോഗിച്ച് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. യുപിയിലെ പൊലീസ് വേട്ടയ്ക്കു സമാനമാണ് മഹാരാഷ്ട്രയിലും നടക്കുന്നത്.

 കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത്. പട്ടാളം തടഞ്ഞാലും യൂത്ത്മാര്‍ച്ച് തുടരുമെന്ന് മുഹമ്മദ് റിയാസ് പ്രസ്താവനയില്‍ പറഞ്ഞു. പൊലീസ് അതിക്രമം അവസാനിപ്പിക്കാനും എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സര്‍ക്കാരിനോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെടണം. ദേശീയ തലത്തില്‍ കൈക്കൊള്ളുന്ന സിഎഎ വിരുദ്ധ നിലപാടില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ എന്‍പിആര്‍ നടപടികള്‍ മഹാരാഷ്ട്രയില്‍ ഉടന്‍ നിര്‍ത്തിവയ്ക്കണം.

കഴിഞ്ഞ നാലുദിവസവും യൂത്ത് മാര്‍ച്ച് പൊലീസ് തടഞ്ഞു. ചൊവ്വാഴ്ച പ്രവര്‍ത്തകര്‍ താമസിച്ച ബിടിആര്‍ ഭവന്‍ വളഞ്ഞ് പൊലീസ് മാര്‍ച്ച് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുക്കുന്നവരെ പാകിസ്ഥാനിലേക്ക് പോകുവാന്‍ ആക്രോശിച്ചുകൊണ്ടാണ് പൊലീസ് മര്‍ദ്ദിച്ചത്. മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതിശേഖര്‍, പ്രസിഡന്റ് സുനില്‍ ധനവാ ഉള്‍പ്പടെയുള്ളവരെ വീണ്ടും അറസ്റ്റ് ചെയ്തു.

എന്‍പിആര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുക, വിദ്യാഭ്യാസം സൗജന്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂത്ത്മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് മുഹമ്മദ് റിയാസ്  പ്രസ്താവനയില്‍ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top