24 May Friday

വാഹന രംഗം കുത്തകകൾക്ക‌് തീറെഴുതുന്ന മോട്ടോർ വാഹന ഭേദഗതി ബിൽ ഇന്ന‌് പാസായേക്കും

എം പ്രശാന്ത്‌Updated: Tuesday Jul 24, 2018


ന്യൂഡൽഹി
നോട്ടുനിരോധനവും ജിഎസ് ടിയും രാജ്യത്തെ വാണിജ്യവ്യാപാരമേഖലയെ തകർത്തതിനു സമാനമായ ആഘാതം സൃഷ്ടിക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. റോഡുസുരക്ഷ വർധിപ്പിക്കാനെന്ന പേരിൽ രാജ്യത്തെ മോട്ടോർ വാഹനരംഗത്ത് കുത്തകവൽക്കരണവും സ്വകാര്യവൽക്കരണവും  പ്രോത്സാഹിപ്പിക്കുന്നതാണ‌് ബിൽ.

ബിൽ  പാസായാൽ രാജ്യത്തെ സാമ്പത്തികമേഖലയിൽ മറ്റൊരു ആഘാതംകൂടി സൃഷ്ടിക്കുമെന്നാണ‌് വിലയിരുത്തൽ. നിയമത്തിലെ 223 ഉപവിഭാഗത്തിൽ 68 എണ്ണം ഭേദഗതി ചെയ്യുകയും 28 പുതിയ വകുപ്പ‌ുകൾ കൂട്ടിച്ചേർക്കുകയുമാണ‌് ചെയ‌്തത‌്. 

റോഡ‌് ഗതാഗത നിയമം രൂപീകരിക്കാനും നിർമിക്കാനും പബ്ലിക് അതോറിറ്റി എന്ന സംവിധാനമാണ് ഉപയോഗിക്കുക. എന്നാൽ, ഈ സംവിധാനം രൂപപ്പെടുത്താൻ സ്വകാര്യ ഏജൻസിയെയാണ് ചുമതലപ്പെടുത്തുന്നത്.

ഇതോടെ റോഡ‌് ഗതാഗതം ഈ അതോറിറ്റിയുടെ നിയന്ത്രണത്തിലാകും. തിങ്കളാഴ്ച ബിൽ രാജ്യസഭയിൽ ചർച്ചയ്ക്കെടുത്തപ്പോൾ സിപിഐ എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടികൾ  പല വ്യവസ്ഥകളോടും വിയോജിപ്പറിയിച്ചു.

ബിൽ പിൻവലിക്കണമെന്ന് സിപിഐ എം സഭാ നേതാവ് ടി കെ രംഗരാജനും ഉപനേതാവ് എളമരം കരീമും ആവശ്യപ്പെട്ടു.
2017 ഏപ്രിലിൽ ലോക്സഭ പാസാക്കിയ ബിൽ ചൊവ്വാഴ്ച രാജ്യസഭകൂടി പാസാക്കിയാൽ പാർലമെന്റിന്റെ അംഗീകാരമാകും. നിരവധി ഭേദഗതികൾ അവതരിപ്പിക്കുമെന്ന് സിപിഐ എം അടക്കമുള്ള പ്രതിപക്ഷ പാർടികൾ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരും
റോഡ‌് ഗതാഗതരംഗത്ത് സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നതാണ് പല വ്യവസ്ഥകളും. ഈ മേഖലയിൽ മത്സരം വർധിപ്പിക്കാനും സേവനം മെച്ചപ്പെടുത്താനുമെന്ന പേരിൽ  ഉൾപ്പെടുത്തിയ ഒമ്പത‌് വ്യവസ്ഥ സംസ്ഥാന റോഡ‌് ട്രാൻസ്പോർട്ട് കോർപറേഷനുകളെ (എസ്ടിസി) ദുർബലപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷാംഗങ്ങൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. എസ്ടിസി ബസുകൾക്ക് തേർഡ് പാർടി ഇൻഷുറൻസ് നിർബന്ധമാക്കിയുള്ള വ്യവസ്ഥയും പൊതുഗതാഗത സംവിധാനത്തിന് ദോഷം ചെയ്യും.

വാഹന രജിസ്ട്രേഷനുള്ള അധികാരം സ്വകാര്യ ഡീലർമാർക്ക് കൈമാറാനുള്ള വ്യവസ്ഥകളുമുണ്ട‌്. കേന്ദ്ര‐ സംസ്ഥാന സർക്കാരുകൾക്ക് നടപടി വലിയ നഷ്ടംവരുത്തും. രജിസ്ട്രേഷൻ‐ ലൈസൻസിങ് പ്രക്രിയ സുതാര്യമാക്കുന്നതിന് രണ്ട് ദേശീയ രജിസ്റ്ററിന‌് രൂപം നൽകാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

വിവിധ ട്രാഫിക‌് ലംഘനങ്ങൾക്കുള്ള പിഴകളിൽ വൻ വർധനയാണ് വരുത്തിയത്.  പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് ഗുരുതരമായ അപകടം വരുത്തിയാൽ മാതാപിതാക്കൾക്ക് മൂന്നുവർഷം തടവ് അടക്കമുള്ള വ്യവസ്ഥ ബില്ലിലുണ്ട്. ലൈസൻസ് കൂടാതെ വണ്ടിയോടിച്ചാലുള്ള പിഴ 500ൽ നിന്ന് 5000 രൂപയാക്കി.  അപകടകരമായി വണ്ടിയോടിച്ചാലുള്ള പിഴ 1000ൽ നിന്ന‌് 5000 ആയും മദ്യപിച്ച് വണ്ടിയോടിച്ചാലുള്ള പിഴ 2000ൽ നിന്ന‌് 10,000 ആയും പെർമിറ്റില്ലാത്ത വാഹനങ്ങളുടെ പിഴ 5000ൽ നിന്ന് 10,000 ആയും ഉയരും. ഹെൽമെറ്റ് വയ്ക്കാത്തതിനും സീറ്റ് ബെൽറ്റ് ഇടാത്തതിനുമുള്ള പിഴ 100ൽ നിന്ന് 1000 ആയും ഇൻഷുറൻസ് കൂടാതെ വണ്ടിയോടിച്ചാലുള്ള പിഴ 1000ൽ നിന്ന് 2000 ആയും ഉയർത്താൻ ബില്ലിൽ വ്യവസ്ഥയുണ്ട‌്.

ടാക‌്സിമേഖല കുത്തകവൽക്കരിക്കും

യൂബർ, ഒല തുടങ്ങി വെബ‌് അധിഷ്ഠിത ടാക്സി സേവനദാതാക്കൾക്ക് കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കുന്നതാണ് ബിൽ.

നിലവിൽ ടാക്സി, ഓട്ടോ മേഖലകളിൽ അനുവദിക്കപ്പെട്ട ഇത്തരം കുത്തകക്കമ്പനികൾക്ക് ട്രക‌് മേഖലയിൽക്കൂടി പ്രവേശനത്തിന് വഴിയൊരുക്കും. ഇത്  മേഖലയെ ദുർബലപ്പെടുത്തി കുത്തകവൽക്കരണത്തിലേക്ക‌് നയിക്കും. ബ്രാൻഡഡ് സ്പെയർ പാർട്ടുകൾ നിർബന്ധമായും വാങ്ങുക, കമ്പനിഷോറൂമുകളിൽമാത്രം സർവീസ‌് നടത്തുക തുടങ്ങിയ വ്യവസ്ഥകൾ ചെറുകിടക്കാർക്ക് തിരിച്ചടിയാകും.

പ്രധാന വാർത്തകൾ
 Top