15 November Friday

മോട്ടോർവാഹന ഭേദഗതി ബിൽ: കോണ്‍​ഗ്രസ്‌ കൈയടിച്ചു, എതിര്‍ത്തത് ഇടതുപക്ഷം

സ്വന്തം ലേഖകൻUpdated: Tuesday Sep 10, 2019

ന്യൂഡൽഹി > ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴ പല മടങ്ങ്‌ വർധിപ്പിച്ച മോട്ടോർ വാഹന നിയമഭേദഗതി ബില്ലിനെ പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായി എതിർത്തത്‌ ഇടതുപക്ഷവും ഡിഎംകെയും മാത്രം. കേന്ദ്ര റോഡുഗതാഗത–- ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി കൊണ്ടുവന്ന ബില്ലിനെ കോൺഗ്രസ്‌ പൂർണമായും പിന്തുണച്ചു. ഉയർന്ന പിഴ ഉൾപ്പെടെയുള്ള ബില്ലിലെ തെറ്റായ വ്യവസ്ഥകളോട്‌ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്‌ വിയോജിച്ചെങ്കില്‍ രാജ്യസഭയിൽ ബില്‍ പാസാക്കാൻ സർക്കാർ ബുദ്ധിമുട്ടിയേനെ. 

ഒന്നാം മോഡി സർക്കാർ കാലത്ത്തന്നെ  കോർപറേറ്റുകൾക്ക്‌ അനുകൂലമായി മോട്ടോർ വാഹന ഭേദഗതികൊണ്ടുവരാന്‍ ശ്രമം തുടങ്ങി. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുമൂലം സ്‌റ്റാൻഡിങ്‌ കമ്മിറ്റിയുടെയും സെലക്ട്‌ കമ്മിറ്റിയുടെയും മറ്റും പരിഗണനയ്‌ക്ക്‌ ബില്‍ വിടേണ്ടിവന്നു. ലോക്‌സഭയിൽ ബില്‍ പാസാക്കിയെടുത്തെങ്കിലും എൻഡിഎ ന്യൂനപക്ഷമായ രാജ്യസഭ  തടസ്സം നിന്നു. രാജ്യസഭയിലും ഇടതുപക്ഷമാണ്‌ ബില്ലിനെതിരായി നിലകൊണ്ടത്‌.
രണ്ടാം മോഡി സർക്കാർ മോട്ടോർ വാഹന ഭേദഗതി ആദ്യ സമ്മേളനത്തിൽ  അവതരിപ്പിച്ചു. കോൺഗ്രസ്‌ നിലപാട് മാറ്റിയതോടെ സർക്കാരിന്‌ കാര്യങ്ങൾ എളുപ്പമായി. രാജ്യസഭയിൽ ഇടതുപക്ഷവും ഡിഎംകെയും എതിർത്തെങ്കിലും കോൺഗ്രസ്‌ പിന്തുണച്ചു. ബില്‍ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യം ബിജെപിയും കോൺഗ്രസും ശബ്‌ദവോട്ടോടെ തള്ളി. ഇടതുപക്ഷവും ഡിഎംകെയും അടക്കം 13 എംപിമാർ മാത്രമാണ്‌ എതിർത്ത്‌ വോട്ടുചെയ്‌തത്‌. കോൺഗ്രസും ബിജെപിയും യോജിച്ചതോടെ അനുകൂലമായി 108 വോട്ട്‌ ലഭിച്ചു. 

മികച്ച ഭേ​ദ​ഗതി കൊണ്ടുവന്ന മന്ത്രി ഗഡ്‌കരിയെ അഭിനന്ദിക്കുന്നുവെന്നാണ് കോൺഗ്രസിനായി ചർച്ചയിൽ പങ്കെടുത്ത സുബ്ബരാമി റെഡ്ഡി പറഞ്ഞത്‌. ചില നിയമലംഘനങ്ങൾക്കുള്ള പിഴയും ശിക്ഷയും വീണ്ടും കൂട്ടണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ ബില്‍ പാസാക്കാൻ കോൺഗ്രസ്‌ കൂട്ടുനിന്നപ്പോള്‍ കേരളത്തില്‍ സർക്കാരിനെതിരെ രം​ഗത്തെത്തി. കരുണയില്ലാതെ കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാനം ശ്രമിക്കുന്നുവെന്നാണ് രമേശ്‌ ചെന്നിത്തലയുടെ കുറ്റപ്പെടുത്തല്‍.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top