24 May Friday

അവിശ്വാസ പ്രമേയം :ജനകീയപ്രശ്‌നങ്ങളിൽ മോഡിക്ക്‌ മറുപടിയില്ല ,പരിഹാസംമാത്രം

സാജൻ എവുജിൻUpdated: Saturday Jul 21, 2018


ന്യൂഡൽഹി>മോഡി സർക്കാരിന്റെ വാഗ്ദാനലംഘനവും ജനദ്രോഹവും അഴിമതിയും എണ്ണിപ്പറഞ്ഞ് പ്രതിപക്ഷം നടത്തിയ ശക്തമായ കടന്നാക്രമണത്തിൽ  ഉലഞ്ഞ് കേന്ദ്രസർക്കാർ. 126 നെതിരെ 325 വോട്ടുകൾക്ക്‌ അവിശ്വാസ പ്രമേയം വോട്ടിനിട്ട്‌ തള്ളിയെങ്കിലും ലോക് സഭയിലെ പ്രമേയ ചർച്ചയിൽ സർക്കാരിനെതിരായി ഉയർന്ന ആരോപണങ്ങൾ ബിജെപിയെയും കൂട്ടാളികളെയും പ്രതിരോധത്തിലാക്കി. പ്രതിപക്ഷവിമർശങ്ങൾക്ക് യുക്തിസഹമായ മറുപടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക‌് കഴിഞ്ഞില്ല. പകരം പ്രതിപക്ഷത്തെ പരിഹസിക്കാനും വ്യക്തിപരമായി കടന്നാക്രമിക്കാനുമാണ‌് ശ്രമിച്ചത‌്. സഖ്യകക്ഷിയായ ശിവസേന ചർച്ചയിൽനിന്ന് വിട്ടുനിൽക്കുമെന്ന് സഭ ചേരുംമുമ്പേ പ്രഖ്യാപിച്ചത്  ബിജെപിക്ക് തിരിച്ചടിയായി. ബിജെഡി അംഗങ്ങളും തുടക്കത്തിൽ തന്നെ ഇറങ്ങിപോയി.

മാസങ്ങൾക്കുമുമ്പുവരെ എൻഡിഎ ഘടകകക്ഷിയായിരുന്ന ടിഡിപി അംഗം കെസനേനി ശ്രീനിവാസാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ആന്ധ്രപ്രദേശിലെ അഞ്ചുകോടി ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന മോഡി സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ശ്രീനിവാസിനു പകരം സംസാരിച്ച ജയദേവ് ഗല്ല പറഞ്ഞു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ചില പദ്ധതികൾക്ക് പണം വാരിക്കോരി ചെലവഴിക്കുമ്പോൾ ആന്ധ്രപ്രദേശിന‌് ആവശ്യമായ ഫണ്ടിന്റെ രണ്ട്‐മൂന്ന് ശതമാനംമാത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

റാഫേൽ യുദ്ധവിമാന ഇടപാടിൽ 45,000 കോടി രൂപ ഖജനാവിനു നഷ്ടപ്പെട്ടുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. കരാറിന്റെ വിശദാംശങ്ങൾ മറച്ചുപിടിച്ച് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും രാജ്യത്തെ വഞ്ചിക്കുകയാണ്. കർഷകശബ്ദം കേൾക്കാത്ത പ്രധാനമന്ത്രി സുഹൃത്തുക്കളായ ബിസിനസുകാരുടെ താൽപ്പര്യംമാത്രമാണ് സംരക്ഷിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

സങ്കുചിത രാഷ്ട്രീയനേട്ടത്തിനായി കശ്മീരിലും ത്രിപുരയിലും വിഘടനവാദികളുമായിവരെ ബിജെപി കൂട്ടുകൂടുന്നുവെന്ന് സിപിഐ എം ഉപനേതാവ് മുഹമ്മദ് സലിം പറഞ്ഞു. കള്ളപ്പണം തടയാൻ നോട്ടുനിരോധനം പ്രഖ്യാപിച്ച മോഡി രാജ്യത്തുനിന്ന് കള്ളപ്പണം പുറത്തേക്ക് ഒഴുകുമ്പോൾ മൗനത്തിലാണ്. കഴിഞ്ഞവർഷം ഇന്ത്യക്കാരുടെ സ്വിസ്ബാങ്ക് നിക്ഷേപത്തിൽ 50 ശതമാനം വർധനയാണ് ഉണ്ടായത്. രാജ്യത്തെ സ്വത്തിൽ 90 ശതമാനവും ഒരു ശതമാനത്തിന്റെ കൈയിലാണ്. ഈ ഒരു ശതമാനത്തെ പരിപോഷിപ്പിക്കാൻ 99 ശതമാനത്തെ മതത്തിന്റെപേരിൽ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലളിത് മോഡിയും നീരവ് മോഡിയും മറ്റൊരു മോഡിയും ചേർന്ന് രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് സൗഗത റോയ് (തൃണമൂൽ കോൺഗ്രസ്) പറഞ്ഞു. ഉത്തർപ്രദേശിൽ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് മൂന്ന് സീറ്റ് നഷ്ടപ്പെട്ടത് സർക്കാരിനുള്ള താക്കീതാണെന്ന് മുലായംസിങ് യാദവ് (എസ്പി) പറഞ്ഞു. കർഷകരും ചെറുകിടവ്യവസായികളും ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളെ കബളിപ്പിച്ച 31 പേർ രാജ്യംവിട്ടുപോയപ്പോൾ സർക്കാർ നിഷ്ക്രിയത്വം പാലിച്ചെന്ന് താരിഖ് അൻവർ (എൻസിപി) പറഞ്ഞു.  തമിഴ്നാടിന്റെ അവകാശങ്ങൾ കേന്ദ്രം നിഷേധിക്കുന്നുവെന്ന് എഐഎഡിഎംകെ യും തെലങ്കാനയോട് വിവേചനം കാട്ടുന്നുവെന്ന് ടിആർഎസും പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി, എൻ  പ്രേമചന്ദ്രൻ എന്നിവരും സംസാരിച്ചു. എഎപി, ആർജെഡി, വൈഎസ്ആർ കോൺഗ്രസ്, ഐഎൻഎൽഡി, എഐയുഡിഎഫ് എന്നീ കക്ഷികളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. സർക്കാരിനുവേണ്ടി സംസാരിച്ച മന്ത്രി രാജ്നാഥ്സിങ്ങിന‌് ഭരണനേട്ടങ്ങളൊന്നും പറയാൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസ് സഭാനേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജ്നാഥ്സിങ് പ്രസംഗത്തിൽ ആർഎസ്എസ്‐ബിജെപി അജൻഡ അവതരിപ്പിക്കുകമാത്രമാണ് ചെയ്തത്. 

ബിജെപിയിൽനിന്ന് രാകേഷ്സിങ്, ഹരിബാബു എന്നിവരും സംസാരിച്ചു. മന്ത്രിമാരായ രാംവിലാസ് പസ്വാൻ, അനുപ്രിയ പട്ടേൽ എന്നിവരുടെ പ്രതിരോധം ദുർബലമായി. മോഡിസർക്കാരിനെ പൂർണമായും തുറന്നുകാണിക്കുന്ന സന്ദർഭമായി അവിശ്വാസപ്രമേയ ചർച്ച മാറി.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top