03 November Sunday

കോവിഡ് ഭൂമിയെ മാത്രമല്ല ചന്ദ്രനെയും ബാധിച്ചതായി റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ന്യൂഡൽഹി > കോവിഡ് മഹാമാരിയെ തുടർന്ന് ആഗോളതലത്തിൽ ഉണ്ടായ അടച്ചിടൽ ചന്ദ്രനിലും സ്വാധീനമുണ്ടാക്കിയെന്ന് ഇന്ത്യന്‍ ഗവേഷകരുടെ കണ്ടെത്തൽ. ലോക്ഡൗണിൽ ചന്ദ്രോപരിതല താപനിലയിൽ ഗണ്യമായ ഇടിവുണ്ടായതായി അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍നിന്നുള്ള കെ ദുര്‍ഗപ്രസാദും ജി അമ്പിളിയും നടത്തിയ പഠനത്തിൽ പറയുന്നു. റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുട മന്ത്‌ലി നോട്ടീസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നാസയുടെ ലൂണാർ റിക്കണൈസൻസ് ഓർബിറ്ററിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് 2020ലെ ലോക്ഡൗൺ കാലത്ത്  താപനില കുറയുന്നതായി ഗവേഷകർ കണ്ടെത്തിയത്. 2017നും 2023നും ഇടയിലായി ചന്ദ്രന് സമീപമുള്ള ആറ് വ്യത്യസ്ത ഇടങ്ങളിലെ രാത്രികാല ഉപരിതല താപനില വിശകലനം ചെയ്തു. മറ്റ് വര്‍ഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ലോക്ഡൗണ്‍ മാസങ്ങളില്‍ ചന്ദ്രനിലെ താപനിലയില്‍ 8-10 കെല്‍വിന്‍ വ്യത്യാസം അനുഭവപ്പെട്ടതായി നിരീക്ഷിച്ചു. ലോക്ഡൗൺ കാലത്ത് ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളുന്നതിലും എയറോസോളിലും ഉണ്ടായ കുറവ് ഭൂമിയിൽ നിന്ന് പുറന്തള്ളുന്ന വികിരണങ്ങളുടെ അളവിൽ മാറ്റം വരുത്തിയതാകാം ഇതിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്. ലോക്ഡൗണിന് ശേഷം മനുഷ്യന്റെ  പ്രവർത്തനം പുനരാരംഭിച്ചപ്പോൾ ചന്ദ്രന്റെ താപനില വർദ്ധിച്ചു. ഈ മാറ്റം ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബന്ധത്തെ അടിവരയിടുന്നതാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഇത് പൂര്‍ണമായി അറിയുന്നതിന് കൂടുതല്‍ ഡേറ്റ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top