20 September Friday

കശ്‌മീരിൽ ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കുന്നത്‌ പ്രത്യാഘാതമുണ്ടാക്കും: തരിഗാമി

സ്വന്തം ലേഖകൻUpdated: Sunday Aug 4, 2019

ന്യൂഡൽഹി> ജമ്മു കശ്‌മീരിൽ ആർഎസ്‌എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ അജൻഡ നടപ്പാക്കു ന്നത്‌ പ്രത്യാഘാതം ഉണ്ടാക്കുമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കുൽഗാം എംഎൽഎയുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി പറഞ്ഞു. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിനും ഫെഡറൽ സംവിധാനത്തിനും എതിരെ കടന്നാക്രമണമാണ്‌ കേന്ദ്രം നടത്തുന്നത്‌.
 
കശ്‌മീരിൽ ഇന്ന്‌ നടക്കുന്നത്‌ നാളെ മറ്റ്‌ സംസ്ഥാനങ്ങളിലും നടക്കാനിടയുണ്ട്‌. ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവർ കശ്‌മീരിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ രംഗത്തിറങ്ങണമെന്നും അദ്ദേഹം ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. കശ്‌മീരിന്‌ പ്രത്യേക അവകാശങ്ങൾ വാഗ്‌ദാനംചെയ്യുന്ന ഭരണഘടനയിലെ 370, 35എ അനുച്ഛേദങ്ങൾ റദ്ദാക്കാനുള്ള നീക്കമാണ്‌ സർക്കാർ നടത്തുന്നതെന്ന അഭ്യൂഹം ശക്തമാണ്‌. ജമ്മു കശ്‌മീരിന്‌ ഇന്ത്യൻ യൂണിയനുമായുള്ള ബന്ധത്തിന്റെ അടിത്തറയാണ്‌ ഈ അനുച്ഛേദങ്ങൾ.

നിക്ഷിപ്‌ത താൽപ്പര്യത്തിനായുള്ള നീക്കങ്ങൾമൂലം ജനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. താഴ്‌വരയിൽ ഉടനീളം ഭീതിയുടെയും ആശങ്കയുടെയും അന്തരീക്ഷമാണ്‌. കടുത്ത അനിശ്ചിതത്വം പ്രകടമാണ്‌. ഭരണഘടന നൽകുന്ന അവകാശങ്ങൾ റദ്ദാക്കാൻ പോകുന്നു, സംസ്ഥാനത്തെ മൂന്നായി തിരിക്കുന്നു തുടങ്ങി പലതും പ്രചരിക്കുന്നു.

സുരക്ഷാഭീഷണിയുണ്ടെന്ന ഇന്റലിജൻസ്‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ അസാധാരാണ നീക്കങ്ങളെന്നാണ്‌ ഔദ്യോഗിക വിശദീകരണം. എന്നാൽ, ഭീകരപ്രവർത്തനം തടയാൻ സാധിച്ചെന്നും അക്രമങ്ങൾ കുറഞ്ഞുവെന്നുമാണ്‌ കഴിഞ്ഞദിവസം സൈന്യത്തിന്റെയും പൊലീസിന്റെയും ഉന്നതഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടത്‌. പാർലമെന്റ്‌ നടക്കുന്ന അവസരമായിട്ടും വിഷയത്തിൽ  പ്രസ്‌താവന നടത്താൻ കേന്ദ്രം തയ്യാറാകാത്തത്‌ പ്രശ്‌നത്തിന്റെ ആഴം വർധിപ്പിക്കുകയാണെന്നും തരിഗാമി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top