26 January Tuesday

തരിഗാമിയുടെ മോചനം സിപിഐ എമ്മിന്റെ വിജയം

എം പ്രശാന്ത്‌Updated: Friday Sep 6, 2019

ന്യൂഡൽഹി
കേന്ദ്രസർക്കാർ നിയമവിരുദ്ധമായി അടിച്ചേൽപ്പിച്ച വീട്ടുതടങ്കലിൽനിന്ന്‌ മുഹമദ്‌ യൂസഫ്‌ തരിഗാമിക്ക്‌ മോചനമാകുമ്പോൾ അത്‌ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയുംകൂടി വിജയം. താഴ്‌വരയിലെ മുഖ്യധാരാ രാഷ്ട്രീയ പാർടികളിലെ നൂറുകണക്കിന്‌ നേതാക്കൾ  ഒരു മാസത്തിലേറെയായി തടങ്കലിൽ കഴിയുമ്പോഴാണ്‌ തരിഗാമി മോചിക്കപ്പെടുന്നത്‌. കശ്‌മീരിലുള്ള നേതാക്കളെയെല്ലാം തടങ്കലിലാക്കുകയും പുറത്തുനിന്നുള്ള നേതാക്കൾക്ക്‌ പ്രവേശനം നിഷേധിക്കുകയുംചെയ്‌ത കേന്ദ്രസർക്കാരിന്‌ തരിഗാമിയെ ഡൽഹി എയിംസിലേക്ക്‌ മാറ്റാനുള്ള സുപ്രീംകോടതി ഉത്തരവ്‌ കനത്ത തിരിച്ചടിയായി.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമർപ്പിച്ച ഹേബിയസ്‌ കോർപസ്‌ ഹർജിയാണ്‌ കോടതി ഇടപെടലിന്‌ വഴിയൊരുക്കിയത്‌. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയ്‌ക്കും പിന്നീട്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പവും യെച്ചൂരി ശ്രീനഗറിലേക്ക്‌ പോയിരുന്നെങ്കിലും അധികൃതർ വിമാനത്താവളത്തിൽ തടഞ്ഞ്‌ തിരിച്ചയക്കുകയായിരുന്നു. തുടർന്നാണ്‌ കോടതിയെ സമീപിച്ചത്‌. ഹർജി പരിഗണിച്ച കോടതി യെച്ചൂരിക്ക്‌ തരിഗാമിയെ കാണുന്നതിന്‌ അനുമതി നൽകുകയും ഒപ്പം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അടക്കം വിശദമാക്കി റിപ്പോർട്ട്‌ സമർപ്പിക്കാൻ നിർദേശിക്കുകയുംചെയ്‌തു. ഈ റിപ്പോർട്ട്‌ പരിഗണിച്ചാണ്‌ തരിഗാമിയെ എയിംസിലേക്ക്‌ മാറ്റാനുള്ള കോടതി ഉത്തരവ്‌.

കശ്‌മീരുകാരനായ കോൺഗ്രസ്‌ രാജ്യസഭാനേതാവ്‌ ഗുലാംനബി ആസാദ്‌ അടക്കമുള്ള നേതാക്കൾ താഴ്‌വരയിൽ പ്രവേശിക്കാനാകാതിരിക്കുമ്പോഴാണ്‌ യെച്ചൂരി  തരിഗാമിയെ കണ്ടത്‌. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ്‌ അബ്‌ദുള്ള, ഒമർ അബ്‌ദുള്ള, മെഹ്‌ബൂബ മുഫ്‌തി എന്നിവരടക്കമുള്ള നേതാക്കൾ ഇപ്പോഴും വീട്ടുതടങ്കലിലാണ്‌.  തരിഗാമിക്ക്‌ ലഭിച്ച ആനുകൂല്യം മറ്റ്‌ നേതാക്കൾക്കും പാർടികൾക്കും പ്രതീക്ഷയാണ്‌.

ആഗസ്‌ത്‌ അഞ്ചുമുതൽ ശ്രീനഗറിലെ ഗുപ്‌കാർ റോഡിലുള്ള എച്ച്‌1 വസതിയിൽ തടങ്കലിലാണ്‌ തരിഗാമി. മുൻ മുഖ്യമന്ത്രി ഫാറൂഖ്‌ അബ്‌ദുള്ളയും ഗുപ്‌കാർ റോഡിൽത്തന്നെയാണുള്ളത്‌. ആഗസ്‌ത്‌ 12 ന്‌ ഈദ്‌ ദിനത്തിൽ ദേശാഭിമാനി ലേഖകൻ ഗുപ്‌കാർ റോഡിലെ തരിഗാമിയുടെ വസതിയിൽ എത്തിയെങ്കിലും അകത്തേക്ക്‌കടത്തിവിട്ടില്ല. കുറിപ്പ്‌ കൈമാറിയെങ്കിലും മറുപടി എത്തിച്ചില്ല.

    യെച്ചൂരി സഹായിക്കൊപ്പം ആഗസ്‌ത്‌ 29 ന്‌ ഗുപ്‌കാർ റോഡിൽ എത്തിയപ്പോഴും മാധ്യമങ്ങളുമായി കൂടിക്കാഴ്‌ച നിഷേധിച്ചു.  തരിഗാമി ഉൾപ്പെടെ നൂറുകണക്കിന്‌ നേതാക്കളെ നിയമവിരുദ്ധമായി തടങ്കലിലാക്കി കശ്‌മീരിനെയാകെ ജയിലറയാക്കിയ മോഡി സർക്കാരിന്‌ കോടതിവഴി സിപിഐ എം നടത്തിയ ഇടപെടൽ രാഷ്ട്രീയ തിരിച്ചടികൂടിയാണ്‌.


സത്യവാങ്മൂലത്തിന്റെ ചുരുക്കം

എസ്‌എസ്‌പി ഇംത്യാസ്‌ ഹുസൈനാണ്‌ വിമാനത്താവളത്തിൽ സ്വീകരിച്ചത്‌. തരിഗാമിയെ കണ്ട ശേഷം വൈകിട്ട്‌ അഞ്ചിനുള്ള വിമാനത്തിൽ മടങ്ങണമെന്ന്‌ ഇംത്യാസ്‌ ആവശ്യപ്പെട്ടു. ഗുപ്‌കാർ റോഡിലെ തരിഗാമിയുടെ വസതിയിലേക്ക്‌ സ്വന്തംനിലയിൽ പോകാൻ അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചു. പൊലീസ്‌  അകമ്പടിയോടെ തരിഗാമിയുടെ വീട്ടിൽ എത്തിച്ചു.

സ്വീകരണമുറിയിൽ തരിഗാമിക്കൊപ്പമിരുന്ന്‌ സംസാരിച്ചു. തരിഗാമിക്കെതിരെ കുറ്റമൊന്നുമില്ലെന്നും അദ്ദേഹം തടങ്കലിലല്ലെന്നും സ്വതന്ത്രനാണെന്നും ഇംത്യാസ്‌ പറഞ്ഞു. ഇസഡ്‌ പ്ലസ്‌ സുരക്ഷപ്രകാരമുണ്ടായിരുന്ന സുരക്ഷാവാഹനം പിൻവലിച്ചെന്നും പുറത്തിറങ്ങാൻ അനുവദിക്കരുതെന്നാണ്‌ പൊലീസിനുള്ള നിർദേശമെന്നും തരിഗാമി പറഞ്ഞു. ആശുപത്രിയിൽ പരിശോധനയ്‌ക്ക്‌ അനുമതി നിഷേധിച്ചു. തുടർച്ചയായ അഭ്യർഥനയെ തുടർന്ന്‌ ആഗസ്‌ത്‌ 19ന്‌ രണ്ട്‌ ഡോക്ടർമാരെ അനുവദിച്ചു. ആഗസ്‌ത്‌ 24ന്‌ സ്‌കിംസ്‌  ആശുപത്രിയിൽ കൊണ്ടുപോയി.

പ്രമേഹത്തിനൊപ്പം ഹൃദ്‌രോഗമുണ്ട്‌. സ്‌റ്റെന്റ്‌ ഇട്ടിട്ടുണ്ട്‌. പേസ്‌മേക്കറുണ്ട്‌. ശ്വാസകോശ അസുഖവും ഇടതുകൈയിൽ മരവിപ്പുമുണ്ട്‌. തരിഗാമി പറയുന്നത്‌ കേട്ടിരുന്ന ഇംത്യാസിനോട്‌ പുറത്തുപോകാൻ ആവശ്യപ്പെട്ടു. ഡോക്ടറെ വിളിച്ച്‌ പരിശോധിപ്പിക്കണമെന്ന്‌ പറഞ്ഞു. ഡോക്ടർ രാവിലെമാത്രമേ ലഭ്യമാകൂ എന്നായിരുന്നു മറുപടി. തരിഗാമിയുടെ ഭാര്യയും കുടുംബാംഗങ്ങളും ആശങ്കാകുലരാണ്‌. എയിംസിലേക്ക്‌ അദ്ദേഹത്തെ മാറ്റാൻ കോടതിയോട്‌ അഭ്യർഥിക്കണമെന്ന്‌ അവർ ആവശ്യപ്പെട്ടു.

തങ്ങൾ പൂർണമായും ഒറ്റപ്പെട്ട നിലയിലാണെന്ന്‌ തരിഗാമി പറഞ്ഞു. വീട്ടാവശ്യത്തിനുള്ള സാധനങ്ങളടക്കം സുരക്ഷാഭടന്മാരാണ്‌ കൊണ്ടുവരുന്നത്‌. വാർത്താവിനിമയസൗകര്യവുമില്ല. അത്യാവശ്യത്തിന്‌ പണമില്ല.
നാലരയോടെ തന്നെ ഗസ്‌റ്റ്‌ഹൗസിലേക്ക്‌ മാറ്റി. രാവിലെ ഒരു ഡോക്ടറെത്തി തരിഗാമിയെ പരിശോധിച്ചു. ഡോക്ടർ ഒരു റിപ്പോർട്ട്‌ നൽകി. അത്‌ സമർപ്പിക്കുന്നു. അന്യായമായ തടങ്കലും നിയന്ത്രണവും തരിഗാമിയുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്‌. ഡോക്ടറുടെ റിപ്പോർട്ടുമായി മടങ്ങിയ താൻ വിമാനത്താവളത്തിൽ മാധ്യമങ്ങളോട്‌ പ്രതികരിച്ചിരുന്നു.

കശ്‌മീരിൽ താൻ കണ്ട കാര്യങ്ങൾ സർക്കാർ അവകാശപ്പെടുന്നതിന്‌ വിരുദ്ധമെന്ന്‌ അവരോട്‌ പറഞ്ഞു. നിയന്ത്രിതമായ സാഹചര്യങ്ങളിലും താൻ കണ്ട കാര്യങ്ങൾ ബോധിപ്പിക്കുന്നതിന്‌ അനുവദിക്കണമെന്ന്‌ അഭ്യർഥിക്കുന്നു. ശ്രീനഗറിലേക്കും തിരിച്ചുമുള്ള യാത്രാചെലവും താമസചെലവുമെല്ലാം സ്വയമാണ്‌ വഹിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top