20 June Thursday

ഭീകരാക്രമണത്തിനുശേഷവും മോഡിയുടെ ഫോട്ടോ ഷൂട്ട‌്: കൂടുതൽ ചിത്രങ്ങൾ പുറത്ത‌്

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

ന്യൂഡൽഹി> പുൽവാമയിൽ 40 സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനുശേഷവും തുടർന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത‌്. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ‌് ദേശീയ ഉദ്യാനത്തിൽ മോഡി ബോട്ട‌് സവാരി നടത്തുന്ന മൂന്ന‌് ചിത്രം കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ‌് ചെയ‌്തു. കേന്ദ്രസർക്കാർ ‘ഫോട്ടോഷൂട്ട‌് സർക്കാരാണെന്നും മോഡി ‘പ്രൈം ടൈം മിനിസ‌്റ്റർ’ ആണെന്നും രാഹുൽ പരിഹസിച്ചു. രാജ്യവും ജവാൻമാരുടെ കുടുംബങ്ങളും ദുഃഖത്തിലാണ്ടിരിക്കവെ മോഡി ചിത്രീകരണത്തിനായി ചിരിക്കുകയായിരുന്നെന്നും രാഹുൽ ട്വീറ്റ‌് ചെയ‌്തു.



ഭീകരാക്രമണം നടന്ന‌് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉത്തരവാദിത്തം നിറവേറ്റാൻ മറന്ന‌് മോഡി ഡോക്യുമെന്ററി ചിത്രീകരണത്തിലായിരുന്നെന്ന‌് കോൺഗ്രസ‌് വക്താവ‌് രൺദീപ‌് സുർജെവാലയാണ‌് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത‌്. തീർത്തും നിന്ദ്യവും അപമാനകരവുമായ നടപടിയാണെന്നും കോൺഗ്രസ‌് കുറ്റപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ‌് രാഹുൽ  ആക്രമണം കടുപ്പിച്ചത‌്.



രാഹുൽ ഗാന്ധിക്ക‌് മറുപടിയുമായി ബിജെപി വക്താവ‌് മീനാക്ഷി ലേഖി രംഗത്തെത്തി. ആക്രമണവിവരം അറിഞ്ഞതുമുതൽ മോഡി ആവശ്യമായ നിർദേശങ്ങൾ നൽകുകയായിരുന്നെന്ന‌് ലേഖി പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ രാഹുൽ ഗാന്ധി ആഘോഷങ്ങളിലായിരുന്നെന്ന പഴയ പത്രവാർത്തയും ലേഖി പങ്കുവച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top