21 February Thursday

15 ലക്ഷം വാഗ്‌ദാനംചെയ്‌ത്‌ ഭരണത്തിലേക്ക‌്: കടബാധ്യത ഇരട്ടിയാക്കി പടിയിറക്കം

സ്വന്തം ലേഖകൻUpdated: Monday Jan 21, 2019

ന്യൂഡൽഹി > അധികാരത്തിലെത്തിയാൽ വിദേശത്തുള്ള കള്ളപ്പണ നിക്ഷേപം തിരിച്ചുപിടിച്ച‌് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിൽ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രിക്ക‌് ഇപ്പോൾ മൗനം. 2014ലെ പൊതുതെരഞ്ഞെടുപ്പ‌് പ്രചാരണവേളയിൽ നരേന്ദ്ര മോഡി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 100 ദിവസത്തിനകം കള്ളപ്പണമെല്ലാം തിരിച്ചുപിടിക്കുമെന്നായിരുന്നു മോഡിയുടെ അവകാശവാദം.

എന്നാൽ, അഞ്ചുവർഷത്തെ ഭരണകാലയളവ‌് അവസാനിക്കുന്ന ഘട്ടത്തിൽ കള്ളപ്പണം തിരിച്ചുപിടിച്ച വകയിൽ ഒരു രൂപ പോലും ഇന്ത്യക്കാരുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ മോഡിക്കായിട്ടില്ല. മാത്രമല്ല, സർക്കാർ കടമെടുത്ത വകയിൽ ഓരോ പൗരന്റെയും ബാധ്യത 42,000 രൂപയിൽനിന്ന‌് 63,000 രൂപയായി ഉയർത്തുകയും ചെയ‌്തു. രാജ്യത്തിന്റെ ആകെ കടബാധ്യത 50 ശതമാനത്തിൽ അധികമായി വർധിപ്പിച്ചുകൊണ്ടാണ‌് മോഡിയുടെ പടിയിറക്കം. 2014ൽ മോഡി അധികാരമേൽക്കുമ്പോൾ 54.90 ലക്ഷം കോടിയായിരുന്നു കടബാധ്യതയെങ്കിൽ ഇപ്പോഴത‌് 68 ലക്ഷം കോടി രൂപയായി വർധിച്ചു.

മുൻ സർക്കാരുകളാണ‌് രാജ്യത്തെ കടക്കെണിയിൽ ആഴ‌്ത്തിയതെന്ന ആക്ഷേപവും 2014ലെ തെരഞ്ഞെടുപ്പ‌് പ്രചാരണവേളയിൽ മോഡി നടത്തി. എന്നാൽ, മോഡിയുടെ ഭരണകാലയളവിലാകട്ടെ കടബാധ്യത കുറഞ്ഞില്ലെന്ന‌് മാത്രമല്ല വർധിക്കുകയും ചെയ‌്തു.

കള്ളപ്പണം തിരിച്ചുപിടിക്കുന്നതിനെ കുറിച്ച‌് വലിയ വമ്പുപറച്ചിൽ പ്രധാനമന്ത്രിയായശേഷം മോഡി നടത്തിയിട്ടില്ല. 15 ലക്ഷം അക്കൗണ്ടിൽ ഇടുന്നതിനെ കുറിച്ച‌് വിവരാവകാശ നിയമപ്രകാരം വന്ന ചോദ്യങ്ങളോട‌് മറുപടി നൽകാനാകില്ലെന്ന പ്രതികരണമാണ‌് പ്രധാനമന്ത്രി കാര്യാലയം നടത്തിയത‌്. റിസർവ‌് ബാങ്ക‌് പണം അനുവദിക്കാത്ത‌തുകൊണ്ടാണ‌് 15 ലക്ഷം അക്കൗണ്ടിൽ ഇടാൻ കഴിയാത്തതെന്ന‌് കേന്ദ്രമന്ത്രിയായ രാംദാസ‌് അത്താവലെ പ്രസ‌്താവിച്ചിരുന്നു. ഘട്ടംഘട്ടമായി പണം അക്കൗണ്ടിലേക്ക‌് വരുമെന്നും വലിയ തുകയായത‌ുകൊണ്ടാണ‌് ഒന്നിച്ച‌് ഇടാത്തതെന്നും അത്താവലെ വിശദീകരിക്കുകയുണ്ടായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top