27 May Monday

മൈതാനം നിറയ്ക്കാനാവില്ല; മോഡിയുടെ ബ്രിഗേഡ് റാലി വേണ്ടെന്നുവച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

കൊൽക്കത്ത> വിശാലമായ ബ്രിഗേഡ് പരേഡ് മൈതാനം നിറയ്ക്കാനാവില്ലെന്ന് മനസ്സിലാക്കി പ്രധാനമന്ത്രി  നരേന്ദ്ര മോഡി പങ്കെടുക്കേണ്ട ഫെബ്രുവരി എട്ടിന്റെ റാലി വേണ്ടെന്നു വച്ചു. കുറഞ്ഞ സമയംകൊണ്ട‌് ബ്രിഗേഡ് പരേഡ് മൈതാനിയിൽ നിറയെ ആളെ അണിനിരത്താൻ കഴിയുമെന്ന് കേന്ദ്ര നേതാക്കൾക്ക് വിശ്വാസമില്ലാത്തതിനാൽ  റാലി വേണ്ടെന്നുവയ‌്ക്കുന്നുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞത്.

തങ്ങളും തൃണമൂലും തമ്മിലാണ് ബംഗാളിൽ പ്രധാന പോരാട്ടമെന്ന ബിജെപിയുടെ വാദത്തിൽനിന്നുള്ള സ്വയം പിന്മാറ്റമായാണ് പ്രധാനമന്ത്രിയുടെ റാലി റദ്ദാക്കലിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. കുറഞ്ഞ സമയമെന്ന ബിജെപിയുടെ വാദം തെറ്റാണ്. 2018 ജൂലൈയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ബ്രിഗേഡ് റാലി ബിജെപി പ്രഖ്യാപിച്ചത്. ജനുവരി 23ന് റാലി നടത്താനാണ് ആദ്യം നിശ്ചയിച്ചത്. അത് ജനുവരി 29ലേക്കും പിന്നീട് ഫെബ്രുവരി എട്ടിലേക്കും മാറ്റുകയായിരുന്നു.

തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനുവരി 19ന് 23 പ്രതിപക്ഷ പാർട്ടി നേതാക്കളെ പങ്കെടുപ്പിച്ച് ഐക്യ ഇന്ത്യ റാലി ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടത്തിയിരുന്നു. ഫെബ്രുവരി മൂന്നിന് ഇടതുമുന്നണി പീപ്പിൾസ്  ബ്രിഗേഡ് എന്ന പേരിൽ ബ്രിഗേഡ് പരേഡ് മൈതാനിയിൽ റാലി നടത്തുന്നുണ്ട്. അതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

കൊൽക്കത്തയിൽ റാലി നടത്തുന്നില്ലെങ്കിലും  ജനുവരി 28ന് ബൻഗാവിലും ഫെബ്രുവരി രണ്ടിന് സിലിഗുഡിയിലും എട്ടിന് അസൻസോളിലും മോദി പങ്കെടുക്കുന്ന റാലികൾ നടക്കും.


പ്രധാന വാർത്തകൾ
 Top