18 September Wednesday

‘മോഡിയിൽനിന്നോ ഷായിൽനിന്നോ വിളി വന്നാൽമാത്രം നിങ്ങൾ മന്ത്രിസഭയിലുണ്ടെന്ന‌് ഉറപ്പിച്ചോളൂ. ; ചർച്ചയും തീരുമാനവും മോഡി–ഷാ മയം

വെബ് ഡെസ്‌ക്‌Updated: Friday May 31, 2019


ന്യൂഡൽഹി
‘ഹലോ അമിത‌് ഷായാണ‌് വിളിക്കുന്നത‌്. വൈകിട്ട‌് അഞ്ചിന‌് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തണം. അവിടെ ചായസൽക്കാരമുണ്ടാകും. ഏഴിനാണ‌് സത്യപ്രതിജ്ഞ’–- രണ്ടാം മോഡി മന്ത്രിസഭയിൽ അംഗങ്ങളാകുന്നവർക്ക‌് ഫോണിലൂടെ ലഭിച്ച ഔദ്യോഗികക്ഷണം ഇങ്ങനെ.

ലോക‌്കല്യാൺ റോഡിലെ മോഡിയുടെ ഔദ്യോഗിക വസതിക്കും അക‌്ബാർ ഷാ റോഡിലെ അമിത‌് ഷായുടെ വസതിക്കും ചുറ്റുമായിരുന്നു മന്ത്രിസഭാ രൂപീകരണ ചർച്ച ഭ്രമണംചെയ‌്തത‌്.  ‘മോഡിയിൽനിന്നോ ഷായിൽനിന്നോ വിളി വന്നാൽമാത്രം നിങ്ങൾ മന്ത്രിസഭയിലുണ്ടെന്ന‌് ഉറപ്പിച്ചോളൂ. പലരും പലതും പറഞ്ഞ‌് പറ്റിക്കാൻ ശ്രമിക്കും. അതൊന്നും കാര്യമാക്കേണ്ടതില്ല’ എന്നായിരുന്നു എൻഡിഎ എംപിമാർക്ക‌് നൽകിയിരുന്ന നിർദേശം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നാല‌് മണിക്കൂർവീതം മോഡിയും അമിത‌് ഷായും നടത്തിയ ചർച്ചകളിൽനിന്നാണ‌് പുതിയ മന്ത്രിസഭയുടെ ഘടന ഉരുത്തിരിഞ്ഞത‌്.

മന്ത്രിസഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും മോഡിയുടെയും ഷായുടെയും വിശ്വസ‌്തരാണ‌്. ഏതെങ്കിലും രീതിയിൽ ഇരുവരുടെയും അപ്രീതിക്ക‌് കാരണമായവർ മുഴുവൻ ഒഴിവാക്കപ്പെട്ടു. പേരിന‌് രാജ‌്നാഥ‌്സിങ്ങിനെക്കൂടി ചർച്ചയിൽ പങ്കെടുപ്പിച്ചു.

ധനമന്ത്രിയായ അരുൺ ജെയ‌്റ്റ‌്‌ലി ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച‌് മന്ത്രിസഭയിൽനിന്ന‌് ഒഴിവാക്കണമെന്ന‌് കത്ത‌് നൽകിയ സാഹചര്യത്തിൽ നിതിൻ ഗഡ‌്കരിയെ ധനമന്ത്രിയാക്കണമെന്ന‌് ആർഎസ‌്എസ‌് ആവശ്യമുന്നയിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. ജെയ‌്റ്റ‌്‌ലി ഇല്ലെങ്കിൽ തന്റെ വലംകൈയായ അമിത‌് ഷാതന്നെ ധനമന്ത്രിപദം ഏറ്റെടുക്കണമെന്ന നിലപാടിൽ മോഡി ഉറച്ചുനിന്നു.

മോഡിയുടെയും ഷായുടെയും അപ്രമാദിത്തത്തെ ഗഡ‌്കരി  ചോദ്യംചെയ‌്തിരുന്നു. മന്ത്രിസഭയിൽ ആരൊക്കെ എന്ന കാര്യം അവസാനനിമിഷംവരെ പുറത്തുവരാതിരുന്നത‌് മോഡി–-ഷാ ദ്വന്ദത്തിന്റെ മേന്മയായിട്ടാണ‌് പാർടി അനുയായികൾ കണക്കാക്കുന്നത‌്. ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും മുഴുവൻ നിയന്ത്രണവും രണ്ട‌് വ്യക്തികളിലേക്ക‌് ചുരുങ്ങുന്നതിൽ പാർടിക്കുള്ളിലും ആർഎസ‌്എസിലും അസ്വസ്ഥതയുണ്ട‌്.


പ്രധാന വാർത്തകൾ
 Top