21 October Monday

കൽക്കരിഖനനത്തിൽ എഫ്‌ഡിഐ: കേന്ദ്ര തീരുമാനം തിരുത്തണം: പൊളിറ്റ്‌ബ്യൂറോ

സ്വന്തം ലേഖകൻUpdated: Friday Aug 30, 2019

ന്യൂഡൽഹി
വാണിജ്യാടിസ്ഥാനത്തിലുള്ള കൽക്കരി ഖനനം, കരാർ ഉൽപ്പാദനം എന്നീ മേഖലകളിൽ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്‌ഡിഐ) അനുവദിക്കാനുള്ള കേന്ദ്ര തീരുമാനം രാജ്യത്തെ പ്രകൃതിവിഭവങ്ങൾ വിദേശകമ്പനികൾ കൊള്ളയടിക്കുന്നതിന്‌ വഴിയൊരുക്കുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അഭിപ്രായപ്പെട്ടു.

പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യയെയും ഇത്‌ ദോഷകരമായി ബാധിക്കും.  കഴിഞ്ഞ മോഡിസർക്കാർ കൽക്കരിഖനനമേഖല രാജ്യത്തെ സ്വകാര്യ കോർപറേറ്റുകൾക്ക്‌ തുറന്നുകൊടുത്തിരുന്നു. രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കേണ്ട ധാതുവിഭവങ്ങളിലുള്ള ദേശീയ നിയന്ത്രണം മോഡിസർക്കാർ അടിയറവയ്‌ക്കുകയാണ്‌.

ഏകബ്രാൻഡ്‌ ചില്ലറവ്യാപാരമേഖലയിൽ 100 ശതമാനം എഫ്‌ഡിഐ അനുവദിക്കാനുള്ള  വ്യവസ്ഥകളിൽ ഇളവുവരുത്തിയത്‌ രാജ്യത്തെ വ്യാപാരികൾക്കും തിരിച്ചടിയാണ്‌. ഈ തീരുമാനങ്ങൾ തിരുത്തണമെന്ന്‌ പിബി ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top