06 December Friday

കോൺഗ്രസിൽ വീണ്ടും രാജി; മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് മിലിന്ദ് ദേവര രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019

മുംബൈ> കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിവെച്ചതിനുപിന്നാലെ വീണ്ടും പാർടിയിൽ നേതാക്കന്മാരുടെ രാജി പരമ്പര. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെതുടർന്നാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെച്ചത്. അതിനുപിന്നാലെയാണ് കർണാടകയിൽ 14 എംഎൽഎമാർ കൂട്ടരാജിവെച്ചത്. ഏറ്റവും ഒടുവിലായി രാജിവെച്ചിരിക്കുന്നത് മുംബൈ കോൺഗ്രസ് പ്രസിഡന്റ് മിലിന്ദ് ദേവരയാണ്. ഇന്നാണ് ദിയോറ രാജി പ്രഖ്യാപിച്ചത്.

കേന്ദ്രത്തിൽ പ്രധാനചുമതല വഹിക്കേണ്ട സാഹചര്യം വന്നതാണ് രാജിക്ക് കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജിവെക്കുന്ന കാര്യം എഐസിസി ജനറല്‍ സെക്രട്ടറിമാരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെയും കെ സി വേണുഗോപാലിനെയും അറിയിച്ചതായും മിലിന്ദ് ദേവര വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വര്‍ഷമാദ്യമാണ് മിലിന്ദിനെ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലപ്പെടുത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിലിന്ദ് ദേവര മുംബൈ സൗത്ത് മണ്ഡലത്തില്‍ മത്സരിച്ചിരുന്നെങ്കിലും ശിവസേനയുടെ അരവിന്ദ് സാവന്ദിനോട് പരാജയപ്പെടുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top