25 May Monday

AUDIO - "ഒന്നര വയസ്സുള്ള കുട്ടിക്ക്‌ പാൽ വാങ്ങാൻ പോലും പണമില്ല'; ഡൽഹിയിലെ അതിഥി തൊഴിലാളി അങ്കിത്ത്‌ തിവാരി സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020

ന്യൂഡൽഹി > കോവിഡ്‌ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി മുന്നൊരുക്കം കൂടാതെ പ്രഖ്യാപിച്ച മൂന്നാഴ്‌ചത്തെ അടച്ചിടൽ ഡൽഹിയിലെ ദിവസക്കൂലിക്കാരായ അതിഥി തൊഴിലാളികളെ കടുത്ത പ്രതിസന്ധിലാഴ്‌ത്തിയിരിക്കയാണ്‌. വരും ദിവസങ്ങൾ പട്ടിണിയുടേതാകുമെന്ന ആശങ്കയിൽ യുപി, രാജസ്ഥാൻ, ഹരിയാന, ബീഹാർ എന്നിവിടങ്ങളിൽ നിന്നെത്തിയ അതിഥി തൊഴിലാളികൾ ഏതുവിധേനയും നാടുപിടിക്കാനുള്ള ശ്രമത്തിലാണ്‌‌. ട്രെയിനും ബസും ഇല്ലാത്തതിനാൽ കിലോമീറ്ററുകൾ നടന്നുനീങ്ങുകയല്ലാതെ മറ്റ്‌ മാർഗമില്ല. അടച്ചിടലിന്റെ നാലാം ദിനവും ആയിരങ്ങളാണ്‌‌ കുടുംബസമേതം കാൽനടയായി ഡൽഹിക്ക്‌ പുറത്തേക്ക്‌ കടക്കുന്നത്‌.

അവശ്യവസ്‌തുക്കൾ ഉറപ്പുവരുത്തുമെന്നും ഡൽഹി വിട്ട്‌ ആരും പോകരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളും ആവർത്തിച്ച്‌ പറയുന്നുണ്ടെങ്കിലും അതിഥി തൊഴിലാളികൾക്ക്‌ വിശ്വാസമില്ല. പലചരക്ക്‌–- പച്ചക്കറി കടകൾ തുറന്നിട്ടുണ്ടെങ്കിലും കൈയ്യിൽ പണമില്ലെങ്കിൽ എന്തുചെയ്യുമെന്നാണ്‌ അവരുടെ ചോദ്യം. കടം തരാൻ ഒരാളും തയ്യാറല്ല. പട്ടിണി ഒഴിവാക്കണമെങ്കിൽ ഏതുവിധേനയും നാട്ടിലെത്തണമെന്ന്‌ അതിഥിതൊഴിലാളികൾ പറയുന്നു. പൊരിവെയിലിൽ കുട്ടികളെയടക്കം തോളിലേന്തിയാണ്‌ പലരും കിലോമീറ്ററുകൾ താണ്ടുന്നത്‌.

ദേശാഭിമാനിയുടെ ഡൽഹി ലേഖകൻ എം പ്രശാന്തിനെ ശനിയാഴ്‌ച ഫോണിൽ ഒരു അതിഥി തൊഴിലാളി വിളിച്ചു. യുപി ഗോണ്ട സ്വദേശി അങ്കിത്ത്‌ തിവാരി.  ഡൽഹിയിലെ ചാന്ദ്‌ബാഗിൽ വർഗീയ കലാപം റിപ്പോർട്ടുചെയ്യാൻ പോയപ്പോൾ പരിചയപ്പെട്ടതാണ്‌. അന്ന്‌ വിസിറ്റിങ്‌ കാർഡ്‌ നൽകിയിരുന്നു. അടച്ചിടലിനെ തുടർന്ന്‌ അങ്കിത്തും കുടുംബവും പട്ടിണിയിലേക്ക്‌ നീങ്ങുകയാണ്‌. ഒന്നര വയസ്സുള്ള കുട്ടിക്ക്‌ പാൽ വാങ്ങാൻ പോലും പണമില്ല. നാട്ടിലേക്ക്‌ അഞ്ഞൂറ്‌ കിലോമീറ്ററിലധികം ദൂരമുണ്ട്‌. 15 വർഷമായി ഒരു കടയിൽ ജോലിയെടുക്കുകയാണ്‌. മുതലാളിയെ സഹായത്തിന്‌ വിളിച്ചപ്പോൾ ഫോണെടുക്കുന്നില്ല. കടകൾ തുറന്നിട്ടുണ്ട്‌. ആരും കടം തരില്ല. കലാപ സമയത്ത്‌ തന്നെ ബുദ്ധിമുട്ടി. അതിന്‌ പിന്നാലെയാണ്‌ ഇപ്പോഴത്തെ ദുരവസ്ഥ. നാട്ടിൽ പോകാൻ അനുവദിച്ചാലെങ്കിലും മതിയായിരുന്നു. അവിടെ എരുമയും പശുവുമൊക്കെയുണ്ട്‌. പട്ടിണി കിടക്കില്ല. ഇതിപ്പോൾ കോവിഡ്‌ വന്നില്ലെങ്കിലും പട്ടിണി കിടന്ന്‌ മരിക്കുന്ന സ്ഥിതിയാണ്‌. സർക്കാർ പല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്‌. തങ്ങൾക്ക്‌ ഒരു സഹായവും ലഭിക്കുന്നില്ല. എന്തെങ്കിലും ചെയ്യണം–- അങ്കിത്ത്‌ പറഞ്ഞു. ശബ്‌ദരേഖ കേൾക്കാം. 


പ്രധാന വാർത്തകൾ
 Top