14 July Tuesday

ശ്രമിക് ട്രെയിന്‍ യാത്രയ്ക്കിടെ മരിച്ചത് 80 അതിഥി തൊഴിലാളികള്‍; കണക്ക് പുറത്തുവിട്ട് റെയില്‍വേ സുരക്ഷാ സേന

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

ന്യൂഡല്‍ഹി> കോവിഡിന്റെ ഭാഗമായുള്ള ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ യാത്ര ചെയ്തവരില്‍ 80 ഓളം പേര്‍ മരിച്ചതായി റെയില്‍വേ സുരക്ഷാസേന.അഞ്ച് ദശലക്ഷം തൊഴിലാളികളെയാണ് ശ്രമിക് ട്രെയിന്‍ വഴി നാട്ടിലെത്തിച്ചത്.

എന്നാല്‍, യാത്രക്കിടെയുണ്ടായ തിക്കും തിരക്കും ഭക്ഷണവും വെള്ളവും ലഭ്യമാകാത്ത അവസ്ഥയും ചൂടും കാരണം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് റെയില്‍വേ സുരക്ഷാ സേന വ്യക്തമാക്കുന്നത്.മെയ് 9 മുതല്‍ 27 വരെയുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ സോണില്‍ 18 പേരും, നോര്‍ത്ത് സെന്‍ട്രല്‍ സോണില്‍ 19 പേരും, ഈസ്റ്റ് കോസ്റ്റ് റെയില്‍വേ സോണില്‍ 13 പേരുമാണ് ട്രെയിന്‍ യാത്രക്കിടെ മരണപ്പെട്ടത്. ശ്രമിക് ട്രെയിനുകളുടെ 80 ശതമാനവും ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് സര്‍വീസ് നടത്തിയത്. മരണപ്പെട്ടവരില്‍ തന്നെ പലരും ഗുരുതര രോഗങ്ങളുള്ളവരും ചികിത്സയില്‍ തുടരുന്നവരാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ആദ്യമായാണ് ഇത്തരത്തില്‍ ശ്രമിക് ട്രെയിന്‍ യാത്രക്കിടെ മരണപ്പെടുന്നവരുടെ കണക്ക് റെയില്‍വേ സുരക്ഷാ സേന പുറത്തുവിടുന്നത്. പ്രാഥമിക പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നതെന്നും സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ പട്ടിക പുറത്തുവിടുമെന്നും ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

അതേസമയം, ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ മരിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത് സംബന്ധിച്ച് കണക്കുകള്‍ ലഭ്യമായ ശേഷം കൃത്യമായ വിവരം പുറത്തുവിടുമെന്നുമാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവ് പ്രതികരിച്ചത്.











 


പ്രധാന വാർത്തകൾ
 Top