18 September Wednesday

മരുന്നിനലഞ്ഞ്‌ കശ്‌മീർ; അവശ്യസാധനങ്ങൾക്കും കടുത്തക്ഷാമം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

ശ്രീനഗർ > പ്രമേഹരോഗിയായ അമ്മയ്‌ക്കുള്ള മരുന്നുതേടി സാജിദ്‌ അലി താഴ്‌വരയാകെ അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഗതികെട്ട്‌ വിമാനത്തിൽ ഡൽഹിയിൽ പോയാണ്‌ മരുന്നുകൊണ്ടുവന്നത്‌. രണ്ടുദിവസത്തേക്കുള്ള മരുന്നുമാത്രം ബാക്കിയുള്ളപ്പോഴാണ്‌ സാജിദ്‌ അലിയുടെ 65 വയസ്സായ അമ്മ സുരയ്യ ബീഗത്തിന്‌ മരുന്നുതേടി ഇറങ്ങിയത്‌. ഗതാഗതസംവിധാനമില്ലാത്തതിനാൽ വീടിനടുത്തുള്ള ആശുപത്രിയിൽനിന്ന്‌ പുറപ്പെട്ട ആംബുലൻസിൽ കയറിയാണ്‌ അലി ശ്രീനഗറിലെത്തിയത്‌. മൂന്നുമണിക്കൂർ അലഞ്ഞിട്ടും മരുന്നുകിട്ടിയില്ല. ഒടുവിൽ ശ്രീനഗർ വിമാനത്താവളത്തിൽനിന്ന്‌ ഡൽഹിയിലേക്ക്‌ ടിക്കറ്റെടുത്തു. മരുന്നു വാങ്ങി വീട്ടിൽ തിരിച്ചെത്തിയ ബിസിനസുകാരനായ അലി അമ്മയോട് അനുഭവം പറഞ്ഞപ്പോൾ അവർ പൊട്ടിക്കരഞ്ഞു. “എനിക്ക് ഈ രീതിയിൽ മരുന്ന് വാങ്ങാൻ കഴിഞ്ഞു, പക്ഷേ പാവപ്പെട്ടവർ എന്തു ചെയ്യും?” –-അമ്മ വിങ്ങിപ്പൊട്ടി.
 ഇത്‌ ഒരു അലിയുടെയും അമ്മയുടെയും കഥയല്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്ന കശ്‌മീരിൽ അവശ്യസാധനങ്ങൾക്കൊപ്പം മരുന്നിനും കടുത്ത ക്ഷാമമാണ്‌.
നഗരങ്ങളിൽ തുറന്നുപ്രവർത്തിക്കുന്നത്‌ മരുന്നുകടകൾ മാത്രമാണെങ്കിലും അവശ്യമരുന്നുകളുടെയെല്ലാം സ്‌റ്റോക്ക്‌ തീർന്നുകൊണ്ടിരിക്കുകയാണ്‌. ജീവൻരക്ഷാമരുന്നുകൾക്കടക്കം വൻ ക്ഷാമമാണ്‌ നേരിടുന്നത്‌. ഗ്രാമപ്രദേശങ്ങളിൽ മരുന്നില്ലാതെ മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നാണ്‌ പുറത്തുവരുന്ന വിവരം.
ഉറിയിൽ നിയന്ത്രണരേഖയ്‌ക്കു സമീപമുള്ള അറിയപ്പെടുന്ന ഫാർമസിയായ മാലിക്‌ മെഡിക്കൽ ഹാളിൽ പ്രധാനമരുന്നുകളെല്ലാം തീർന്നു. ആഗസ്‌ത്‌ അഞ്ചിനുശേഷം ഇവിടത്തേക്ക്‌ പുതിയ സ്‌റ്റോക്ക്‌ എത്തിയിട്ടില്ലെന്ന്‌ ജീവനക്കാർ പറഞ്ഞു. ഏതാനും ആന്റിബയോട്ടിക്‌ മാത്രമാണ്‌ ബാക്കിയുള്ളത്‌. 
പ്രമേഹത്തിനുൾപ്പെടെയുള്ള മരുന്നുതേടി വിദൂരഗ്രാമങ്ങളിൽനിന്നുപോലും നിരവധി ആളുകളാണ്‌ കടയിലെത്തുന്നതെന്ന്‌ ജീവനക്കാർ പറഞ്ഞു.
 ജീവൻരക്ഷാ മരുന്നുകൾക്കുള്ള ആവശ്യക്കാർ ഏറുകയാണെന്ന്‌ ശ്രീനഗറിലെ പ്രധാന ആശുപത്രികളിലെ ഡോക്‌ടർമാർ പറയുന്നു. സർക്കാർ ആശുപത്രികളിലെ ഉദ്യോഗസ്ഥർ വിഷയത്തിൽ പ്രതികരിച്ചില്ല.
അവശ്യമരുന്നുകൾ ഉടൻ എത്തിച്ചില്ലെങ്കിൽ താഴ്‌വരയിൽ നിരവധിപേർ മരിച്ചുവീഴുമെന്ന്‌ എസ്‌എംഎച്ച്‌എസ്‌ ആശുപത്രിയിലെ ഡോക്‌ടർ പറഞ്ഞു.
സ്‌റ്റോക്കിൽ മുപ്പത്‌ ശതമാനം മാത്രമാണ്‌ ബാക്കിയുള്ളതെന്നും ഡൽഹിയിൽനിന്ന്‌ മരുന്നെത്തുന്നില്ലെന്നും ശ്രീനഗറിലെ പ്രധാന മരുന്നു വിതരണക്കാരായ ഇഇഇ എഎവൈ ഫാർമസ്യൂട്ടിക്കൽസ്‌ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിൽ മരുന്നെത്തിക്കാൻ കഴിയുന്നില്ലെന്നും ഡൽഹിയിലെ വിതരണക്കാരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും മരുന്നുകിട്ടാതെ ജനങ്ങൾ ക്ഷുഭിതരാവുന്നതിന്‌ താൻ സാക്ഷിയാണെന്നും ഉറി നംല ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ്‌ ഇസ്‌മായിൽ സാക്ഷ്യപ്പെടുത്തുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top