24 August Saturday

മെ‍ഡിക്കല്‍ പിജിക്ക് നീറ്റ് ഒഴിവാക്കുന്ന ബില്‍ അം​ഗീകരിച്ചു

സ്വന്തം ലേഖകൻUpdated: Thursday Jul 18, 2019

ന്യൂഡൽഹി > പിജി മെഡിക്കൽ കോഴ‌്സുകളിലേക്ക‌് നീറ്റ‌് പ്രവേശനപരീക്ഷ ഒഴിവാക്കിയുള്ള ദേശീയ മെഡിക്കൽ കമീഷൻ ബില്ലിന‌് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പിജി കോഴ‌്സുകളിലേക്കുള്ള പ്രവേശനത്തിന‌ുകൂടി പരിഗണിക്കാനാകുംവിധം എംബിബിഎസ‌് അവസാനവർഷ പരീക്ഷയെ ലൈസൻസിയേറ്റ‌് പരീക്ഷയാക്കാനാണ‌് നിർദേശം. വിദേശത്ത‌് മെഡിക്കൽ ബിരുദപഠനം കഴിഞ്ഞ‌് എത്തുന്നവർക്കുള്ള സ‌്ക്രീനിങ‌് പരീക്ഷയായി കൂടി അവസാനവർഷ എംബിബിഎസ‌് പരീക്ഷയെ മാറ്റും. ഇത‌് നാഷണൽ എക‌്സിറ്റ‌് ടെസ‌്റ്റ‌് (നെക‌്സ‌്റ്റ‌്) എന്നറിയപ്പെടും.

മെഡിക്കൽ വിദ്യാഭ്യാസം നിയന്ത്രിക്കുന്ന മെഡിക്കൽ കൗൺസിൽ ഓഫ‌് ഇന്ത്യക്ക‌് പകരമായി ദേശീയ മെഡിക്കൽ കമീഷന‌് രൂപംനൽകിയുള്ളതാണ‌് പുതിയ ബിൽ. ഇതുപ്രകാരം മെഡിക്കൽ കമീഷന‌് നാല‌് ബോർഡുണ്ടാകും. അണ്ടർ ഗ്രാജുവേറ്റ‌് മെഡിക്കൽ വിദ്യാഭ്യാസം, പിജി മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ അസസ‌്മെന്റ‌് ആൻഡ‌് റേറ്റിങ‌്, എത്തിക‌്സ‌് ആൻഡ‌് മെഡിക്കൽ രജിസ‌്ട്രേഷൻ എന്നിവ. സ്വകാര്യ മെഡിക്കൽ കോളേജുകളിലെയും കൽപ്പിത സർവകലാശാലകളായി പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകളിലെയും പകുതി സീറ്റുകളിലെ ഫീസ‌് നിർണയ അധികാരവും പുതിയ  കമീഷനായിരിക്കും.


പ്രധാന വാർത്തകൾ
 Top