05 December Thursday

യുക്തിയുടെ അസാധാരണ കസര്‍ത്ത്: ജസ്റ്റിസ് കട്ജു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

ന്യൂഡൽഹി >  അയോധ്യ കേസിലെ വിധി യുക്തിയുടെ അസാധാരണമായ കസര്‍ത്താണെന്ന് പരിഹസിച്ച് സുപ്രീംകോടതി മുന്‍ ജഡ്‌ജി മാര്‍ക്കണ്ഡേയ കട്ജു.
“1528ൽ മസ്‌ജിദ്‌ നിർമിച്ചതിനോ, കൈവശംവച്ചതിനോ, 1857 മുതൽ ആരാധിക്കുന്നതിനോ ഉള്ള തെളിവ്‌  മുസ്ലിംകക്ഷികൾക്ക്‌ ഹാജരാക്കാനായില്ലെന്ന്‌ വിധിയുടെ 786 മുതൽ 798 വരെയുള്ള ഖണ്ഡികകളിൽ പറയുന്നു. ഇതിൽ എന്തുതെളിവാണ്‌ ഹാജരാക്കാനാകുക. അതിന്‌ ദൃക്‌സാക്ഷികളായവർ ആരും ജീവിച്ചിരിപ്പില്ല, ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ കാലമായതിനാൽ രേഖകളെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു. ആരാധനാലയം അതെന്തോ ക്ഷേത്രമോ, പള്ളിയോ, മസ്‌ജിദോ എന്തായാലും അലങ്കാരത്തിനല്ല, ആരാധിക്കാനുള്ളതാണ്‌ എന്നത്‌ സാമാന്യവിവരമുള്ള ആർക്കും മനസ്സിലാകും’.

വിധിന്യായത്തിന്റെ 798–--ാം ഖണ്ഡികയില്‍ പറയുന്നത് ഇങ്ങനെ-: “1949 ഡിസംബർ 22നും 23നുമിടയിൽ രാത്രി പള്ളിയിൽ കയറി വിഗ്രഹം സ്ഥാപിച്ച്‌ അശുദ്ധമാക്കിയിരുന്നു. നിയമപ്രകാരമല്ല അവിടെനിന്ന്‌ മുസ്ലിങ്ങളെ പുറത്താക്കാൻ ശ്രമിച്ചത്‌. 450 വർഷം പഴക്കമുള്ള ആരാധനാലയത്തിൽനിന്ന്‌ അവരെ അങ്ങനെ പുറത്താക്കുന്നത്‌ തെറ്റായ രീതിയുമാണ്.’ ഇങ്ങനെ നിരീക്ഷിച്ചശേഷവും ഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറിയത് യുക്തിയുടെ അസാധാരണമായ കസര്‍ത്താണ്. ഡൽഹിയിലെ ജുമാമസ്‌ജിദ്‌ അമ്പലത്തിനു മുകളിൽ സ്ഥാപിച്ചതാണെന്ന്‌ ബിജെപി എംപി സാക്ഷിമഹാരാജ്‌ ആരോപിച്ചു.

താജ്‌മഹലിനു നേരെയും ഭീഷണി ഉയർന്നിട്ടുണ്ട്‌. ഇത്‌ എവിടെച്ചെന്ന്‌ അവസാനിക്കും.’ “ഒരു പ്രത്യേക സ്ഥലത്താണ്‌ രാമൻ ജനിച്ചതെന്ന്‌ പറയുന്നതുതന്നെ തമാശയാണ്‌. അദ്ദേഹം പുരാണത്തിലെയല്ല, ഇനി ചരിത്രപുരുഷനാണെങ്കിൽപോലും 1000 വർഷംമുമ്പ്‌ ജനിച്ച ഒരാളുടെ ജന്മസ്ഥലം എങ്ങനെ കണ്ടെത്താനാകും. മസ്‌ജിദ്‌ തകർത്തത്‌ നിയമവിരുദ്ധമാണെന്ന്‌ അയോധ്യാ വിധിതന്നെ സമ്മതിക്കുന്നു. എന്നാൽ, അതേ വിധിയിൽത്തന്നെ അതിനെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു’- –-കട്ജു ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top