18 June Friday

മറാത്താ സംവരണം റദ്ദാക്കിയ വിധി
നിയമപോരാട്ടങ്ങൾക്ക്‌ വഴിയൊരുക്കും

വെബ് ഡെസ്‌ക്‌Updated: Friday May 7, 2021


ന്യൂഡൽഹി
മറാത്താ സംവരണം റദ്ദാക്കിയ സുപ്രീംകോടതി വിധി വലിയ ചർച്ചയ്‌ക്കും നിയമപോരാട്ടങ്ങൾക്കും വഴിയൊരുക്കും. സംവരണത്തിന്‌ 50 ശതമാനം പരിധി ഏർപ്പെടുത്തിയ ഇന്ദിര സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന്‌ മഹാരാഷ്ട്രയ്‌ക്കു പുറമെ ബിഹാർ, ജാർഖണ്ഡ്‌, കർണാടകം, പഞ്ചാബ്‌, രാജസ്ഥാൻ, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. നിരവധി സംസ്ഥാനങ്ങളിൽ ഇപ്പോൾ 50 ശതമാനത്തിനു മുകളിൽ സംവരണമുണ്ട്. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ 10 ശതമാനം സംവരണം അനുവദിക്കുന്ന 103–-ാം ഭരണഘടനാഭേദഗതി പ്രാബല്യത്തിൽ വന്നശേഷം പല സംസ്ഥാനവും അതിനുവേണ്ടി നിയമങ്ങളും രൂപീകരിച്ചു. 

ഇന്ദിര സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കില്ലെന്ന്‌ ഉത്തരവിട്ടെങ്കിലും സംസ്ഥാനങ്ങൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കപ്പെടേണ്ടതാണെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്‌. മാറിയ സാഹചര്യങ്ങൾ കണക്കിലെടുത്താൽ ഈ വിഷയങ്ങൾ മറ്റൊരു ഭരണഘടനാ ബെഞ്ച്‌ പരിഗണിക്കുന്നതാകും ഉചിതമെന്ന്‌ വിധിന്യായത്തിലുണ്ട്.  ഉത്തരവ്‌ പുനഃപരിശോധിക്കണമെന്ന്‌ സംസ്ഥാനങ്ങള്‍ ആവശ്യമുന്നയിക്കും.

പിന്നോക്ക വിഭാഗങ്ങളെ തീരുമാനിക്കാനും ആനുകൂല്യങ്ങൾ നൽകാനുമുള്ള സംസ്ഥാനങ്ങളുടെ അധികാരം 102–-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇല്ലാതായി എന്ന ഭൂരിപക്ഷവിധിയും ചര്‍ച്ചയാകും. സംസ്ഥാന അധികാരം ഇല്ലാതായിട്ടില്ലെന്നാണ് ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ നിരീക്ഷിച്ചത്.  ഈ നിഗമനവും പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top