15 December Sunday

ബിജെപിക്ക്‌ ത്രിപുരയിൽ ഇല്ലാത്ത വിജയം നൽകി മനോരമ; വസ്‌തുതകൾ മറച്ചുവച്ച്‌ വ്യാജവാർത്ത

സാജൻ എവുജിൻUpdated: Wednesday Oct 9, 2019

ന്യൂഡൽഹി > ബിജെപിയെ പ്രീണിപ്പിക്കാൻ മലയാള മനോരമയുടെ വ്യാജവാർത്ത. ത്രിപുരയിൽ 2018ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ്‌ നടന്ന രണ്ട്‌ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചിരുന്നുവെന്ന്‌ മനോരമയുടെ ഡൽഹി, പത്തനംതിട്ട എഡിഷനുകളിൽ ‘ത്രിപുര മോഡൽ ലക്ഷ്യമിട്ട്‌ ബിജെപി’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. പൂർണമായും തെറ്റായ വാർത്തയാണിത്‌.

2018ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ്‌ ത്രിപുരയിൽ ഒരു സീറ്റിൽപോലും ബിജെപി ജയിച്ചിട്ടില്ല. കോൺഗ്രസ്‌ എംഎൽഎമാർ കൂട്ടത്തോടെ കൂറുമാറി ബിജെപിയിൽ എത്തിയെന്നതാണ്‌ വസ്‌തുത. കേരളത്തിൽ നടക്കുന്ന അഞ്ച്‌ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന്‌ വാർത്തയിൽ സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ‘ഭാഗമായാണ്‌ ത്രിപുരമോഡൽ’ പരാമർശം. ത്രിപുരയിൽ 2018നു മുമ്പ്‌ രണ്ട്‌ ഉപപതെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിച്ചെന്നും തുടർന്നാണ്‌ സംസ്ഥാനത്ത്‌ അധികാരം പിടിച്ചതെന്നും വാർത്തയിൽ പറയുന്നു. അതുപോലെ മഞ്ചേശ്വരം, കോന്നി, വട്ടിയൂർക്കാവ്‌ മണ്ഡലങ്ങളിൽ ജയിക്കാൻ ആവശ്യമായ തന്ത്രങ്ങൾ ബിജെപി നേതാക്കൾ രൂപപ്പെടുത്തുമത്രെ.

ത്രിപുരയിൽ 2018 പൊതുതെരഞ്ഞെടുപ്പിനുമുമ്പ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌ 2016ലാണ്‌; ബർജാല, ഖോവായ്‌ മണ്ഡലങ്ങളിൽ. രണ്ടിടത്തും ഇടതുമുന്നണി വൻഭൂരിപക്ഷത്തിൽ ജയിച്ചു. ഒരിടത്ത്‌ കോൺഗ്രസും രണ്ടാമത്തെ സീറ്റിൽ തൃണമൂലുമാണ്‌ രണ്ടാമതെത്തിയത്‌. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ്‌ കോൺഗ്രസ്‌, തൃണമൂൽ അംഗങ്ങൾ ഒന്നാകെ ബിജെപിയിൽ ചേക്കേറിയതോടെയാണ്‌ നിയമസഭയിൽ ബിജെപിക്ക്‌ സാന്നിധ്യം ലഭിച്ചത്‌.

പൊതുതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക്‌ സീറ്റുകൾ 16 ആയി കുറഞ്ഞുവെങ്കിലും 42.7 ശതമാനം വോട്ട്‌ നേടാനായി. അതേസമയം 2013ൽ 36.5 ശതമാനം വോട്ട്‌ കിട്ടിയ കോൺഗ്രസിനു 2018ൽ 1.8 ശതമാനം വോട്ട്‌ മാത്രമാണ്‌ ലഭിച്ചത്‌. കോൺഗ്രസിന്റെ വോട്ട്‌ ലഭിക്കുകയും തീവ്രവാദികളായ ഐപിഎഫ്‌ടിയുമായി സഖ്യമുണ്ടാക്കുകയും ചെയ്‌തതോടെ ബിജെപി മുന്നണിക്ക്‌ 43 ശതമാനം വോട്ടും 36 സീറ്റും നേടാനായി. ബിജെപിക്ക്‌ ത്രിപുര നിയമസഭയിൽ ആദ്യമായി നേരിട്ട്‌ എത്താനായത്‌ 2018ൽ കോൺഗ്രസിന്റെ സമ്പൂർണതകർച്ചയുടെ പിൻബലത്തിലാണ്‌. ഈ  വസ്‌തുതകൾ മറച്ചുവെച്ചാണ്‌ മനോരമയുടെ വാർത്ത. പത്തനംതിട്ടയിൽ രണ്ട്‌ കോളത്തിൽ പ്രസിദ്ധീകരിച്ച വാർത്ത ഡൽഹി  എഡിഷനിൽ മൂന്ന്‌ കോളമായി. ബിജെപി കേന്ദ്രനേതൃത്വത്തെ പ്രീതിപ്പെടുത്താനാണ്‌ മനോരമയുടെ ഈ കളി.


പ്രധാന വാർത്തകൾ
 Top