16 January Saturday

ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്ക് കര്‍ഷകകൊടുങ്കാറ്റ്; മനോഹര്‍ലാല്‍ ഖട്ടറിന് മറുപടി

സ്വന്തം ലേഖകന്‍Updated: Monday Nov 30, 2020

ഫോട്ടോ: കെ എം വാസുദേവന്‍

ന്യൂഡല്‍ഹി > കര്‍ഷകദ്രോഹനിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം നടത്തുന്നവരുടെ കൂട്ടത്തില്‍ ഹരിയാനയിലെ കര്‍ഷകര്‍ ഇല്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അവകാശപ്പെട്ടതിന് പിന്നാലെ ഹരിയാനയില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്താന്‍ നീക്കം തുടങ്ങി.  മിക്ക ഗ്രാമങ്ങളിലും കര്‍ഷകര്‍ സംഘം ചേര്‍ന്ന്   ഡല്‍ഹിയിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ചില കര്‍ഷകസംഘങ്ങള്‍ ഞായറാഴ്ച്ച വൈകിട്ട് തന്നെ ഡല്‍ഹി അതിര്‍ത്തിയിലേക്ക് നീങ്ങി.

ഫത്തേഹാബാദ് ജില്ലയിലെ സമെയിന്‍ ഗ്രാമത്തില്‍ നിന്നും 20 ട്രാക്ടറുകളില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഭിത്ത്മാഡ,ഭിമാവാല, ഗജുവാല,ദനോഡ തുടങ്ങിയ സമീപഗ്രാമങ്ങളിലും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോകാന്‍ സംഘം ചേരുന്നുണ്ട്.  26, 27 തിയതികളില്‍ സംസ്ഥാനത്തിന്റെ പലഭാഗത്ത് നിന്നും കര്‍ഷകനേതാക്കളെ ഹരിയാനപൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗര്‍, ഫത്തേഹാബാദ് തുടങ്ങിയ ജില്ലകളില്‍ നിന്നും ഡല്‍ഹി അതിര്‍ത്തിയിലേക്കുള്ള കര്‍ഷകരുടെ പ്രവാഹം തടയാനായില്ല.

25ന് ദേശീയപാത--44ല്‍  പൊലീസ് ബാരിക്കേഡുകള്‍ തള്ളിയിട്ടാണ് അംബാലയില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കുതിച്ചത്. നേരത്തെ അറസ്റ്റ് ചെയ്ത ചില കര്‍ഷകനേതാക്കളെ ഇപ്പോള്‍ മോചിപ്പിച്ചിട്ടുണ്ട്.

പുറത്തുവന്ന ഉടനെ ഈ നേതാക്കള്‍ കൂടുതല്‍ കര്‍ഷകരെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി. ചൊവ്വാഴ്ച്ച ചാര്‍ക്കിദാദ്രി ജില്ലയില്‍ 19 ഗ്രാമങ്ങളിലെ കര്‍ഷകരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തിന് ശേഷം കൂടുതല്‍ കര്‍ഷകര്‍ ട്രാക്ടറുകളിലും മറ്റ് വാഹനങ്ങളിലും ഡല്‍ഹിയിലേക്ക് തിരിക്കും. ചൊവ്വാഴ്ച്ച മുതല്‍ ഭിവാനി ജില്ലയില്‍ നിന്നുള്ള കര്‍ഷകരും ഡല്‍ഹിയിലേക്ക് തിരിക്കുമെന്ന് അഖിലേന്ത്യാകിസാന്‍സഭ സെക്രട്ടറി ദയാനന്ദ് പുണിയ അറിയിച്ചു.

ഹിസാര്‍ജില്ലയിലെ കര്‍ഷകരും പ്രക്ഷോഭത്തിന് ശക്തിപകരാന്‍ ഡല്‍ഹിയിലേക്ക് തിരിക്കാനുള്ള ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത്  നിന്നും ബലപ്രയോഗങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനുള്ള നീക്കങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രോഹ്തക്ക് ജില്ലയിലെ കര്‍ഷകര്‍ അതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

ഹരിയാനയിലെ കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കര്‍ഷകര്‍ക്ക് വലിയ രോഷമുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വലിയ കൊടുങ്കാറ്റിനായിരിക്കും മുഖ്യമന്ത്രി സാക്ഷ്യം വഹിക്കുകയെന്ന് അവര്‍ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top