11 October Friday

തീക്കളി ; രണ്ടാംദിവസവും ഇംഫാൽ 
യുദ്ധക്കളം , 3 ജില്ലയിൽ നിരോധനാജ്ഞ

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2024


ന്യൂഡൽഹി
ആഭ്യന്തരയുദ്ധ ഭീതിയിലായ മണിപ്പുരിൽ രണ്ടാംദിവസവും സുരക്ഷസേനയോട് ഏറ്റുമുട്ടി മെയ്‌ത്തി വിഭാഗം വിദ്യാർഥികള്‍. ക്രമസമാധാന പാലനത്തില്‍  സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ  ഇംഫാലിലടക്കം തെരുവുയുദ്ധം തുടരുന്നു. അമ്പതോളം പേർക്ക്‌ പരിക്കേറ്റു.  ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബൽ എന്നീ മൂന്നു ജില്ലകളിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി.  സംസ്ഥാനത്ത്‌ ഇന്റർനെറ്റ്‌ സേവനം അഞ്ചു ദിവസത്തേക്ക് റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി 12വരെ നീട്ടി.  
ഡിജിപിയെയും സുരക്ഷ ഉപദേഷ്‌ടാവിനെയും പുറത്താക്കുക, കേന്ദ്രസേനയെ പിൻവലിക്കുക തുടങ്ങിയ  ആവശ്യങ്ങൾ അംഗീകരിക്കാൻ വിദ്യാർഥികൾ ഗവർണർ ലക്ഷ്‌മൺ പ്രസാദ്‌ ആചാര്യയ്‌ക്കും മുഖ്യമന്ത്രി ബിരേൻ സിങ്ങിനും നൽകിയ സമയം ചൊവ്വാഴ്‌ച പകൽ രണ്ടിന്‌ അവസാനിച്ചതോടെയാണ്‌  അക്രമം പുനരാരംഭിച്ചത്‌.

തിങ്കളാഴ്ച മുതൽ ഖ്വൈരംബന്ദ് വനിതാ മാർക്കറ്റിൽ ക്യാമ്പ് ചെയ്ത വിദ്യാർഥികൾ  രാജ്ഭവനിലേക്ക് നീങ്ങി.  മെയ്‌ത്തി വനിതസംഘം മെയ്‌ര പെയ്‌ബികളും അനുഗമിച്ചു.  തുടർന്ന്‌ പ്രക്ഷോഭകരെ നേരിട്ട  സേന ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. വിദ്യാര്‍ഥികള്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ കോലം  കത്തിച്ചു.  

പ്രശ്‌നപരിഹാരത്തിന്‌ കൂട്ടായി ശ്രമിക്കണമെന്ന്‌ രാജ്‌ഭവൻ ആവശ്യപ്പെട്ടു. ഡ്രോൺ ആക്രമണങ്ങൾ സംബന്ധിച്ച കേസ്‌ ദേശീയ അന്വേഷണ ഏജൻസിക്ക്‌  കൈമാറിയേക്കും. ആക്രമണങ്ങളിൽ വിദേശ ശക്തികൾക്ക്‌ പങ്കുണ്ടെന്നും ഡ്രോൺ ഭാഗങ്ങൾ ഫോറൻസിക്‌ ലാബിലേക്ക്‌ അയച്ചെന്നും ഐജി ഐ കെ മുവ പറഞ്ഞു. കുക്കി ഭൂരിപക്ഷ മേഖലകളിൽനിന്ന്‌ അസംറൈഫിൾസിനെ പിൻവലിച്ച്‌ സിആർപിഎഫിനെ വിന്യസിക്കണമെന്ന ശുപാർശയിൽ കുക്കി വിഭാഗം ആശങ്കയിലാണ്‌. കുക്കി മേഖലകളിലേക്ക്‌ തീവ്ര മെയ്‌ത്തി സംഘാംഗങ്ങൾ ഇരച്ചു കയറുന്നത്‌ ചെറുക്കുന്ന അസം റൈഫിൾസിനെ പിൻവലിക്കുന്നത്‌  കുക്കികളുടെ വംശീയ ഉന്മൂലനത്തിനാണെന്ന്‌ ചൂണ്ടിക്കാട്ടി  കുക്കി വനിതകൾ പ്രതിഷേധ റാലി  നടത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top