14 September Saturday
അമിത് ഷായുടെ സന്ദര്‍ശനവും ഫലംകണ്ടില്ല

മണിപ്പുരിൽ 15 പള്ളി കത്തിച്ചു , 11 സ്കൂളും കത്തിച്ചു ; ബിജെപി പിന്തുണയുള്ള 
തീവ്രവാദ സംഘടനകൾ അഴിഞ്ഞാടുന്നു

പ്രത്യേക ലേഖകൻUpdated: Tuesday Jun 6, 2023


ന്യൂഡൽഹി
ഒരുമാസമായി അരക്ഷിതമായി തുടരുന്ന മണിപ്പുരിൽ കലാപത്തീ നിയന്ത്രിക്കാനാകുന്നില്ല. സുഗ്‌നു മേഖലയിൽ തിങ്കളാഴ്‌ച 15 പള്ളിക്കും 11 സ്‌കൂളിനും അക്രമികൾ തീയിട്ടു. 15 ഗ്രാമത്തിൽ ആക്രമണം ഉണ്ടായെന്ന്‌ ഗോത്രവർഗ ഫോറം നേതാക്കൾ പറഞ്ഞു. കേന്ദ്രആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ സന്ദർശനത്തിനുശേഷവും കലാപം ആളിക്കത്തുകയാണ്‌. സംസ്ഥാനത്തെ ഇന്റർനെറ്റ്‌ നിരോധനം ശനിയാഴ്‌ചവരെ സർക്കാർ നീട്ടി. മെയ്‌ത്തീ തീവ്രവാദ സംഘടനകളായ ആരംബായ്‌ തെംഗോൽ, മെയ്‌ത്തീ ലീപുൺ എന്നിവയാണ്‌ വ്യാപകമായി ആക്രമണങ്ങൾ നടത്തുന്നതെന്ന്‌ ഗോത്രവർഗ നേതാക്കൾ പറഞ്ഞു. ബിജെപി പിന്തുണയുള്ള ഈ തീവ്രവാദ സംഘടനകൾ സായുധരാണ്‌. പൊലീസിന്റെ ആയുധശാലകളിൽനിന്ന്‌ കൊള്ളയടിച്ചതടക്കം തോക്കുകളാണ്‌ അക്രമികൾ ഉപയോഗിക്കുന്നത്‌.

മെയ്‌ 30ന്‌ ചന്ദേലിൽ എട്ടും കാംങ്‌പോപ്‌കിയിൽ ഏഴും ഗ്രാമങ്ങൾ കത്തിച്ചു. 15 ദിവസത്തേക്ക്‌ സമാധാനം പാലിക്കണമെന്ന്‌ അമിത്‌ ഷാ നിർദേശിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി എൻ ബീരേൻസിങ്‌ ഇതു നടപ്പാക്കാൻ താൽപ്പര്യം കാണിക്കുന്നില്ല. അമിത്‌ ഷായുടെ സന്ദർശനം മറയാക്കി കുക്കി, സോ സമുദായങ്ങൾക്കുനേരെ മെയ്‌ത്തീ തീവ്രവാദികൾ ആക്രമണം നടത്തുകയാണെന്ന്‌ ഗോത്രവർഗ നേതാക്കൾ പറഞ്ഞു. ആരംബായ്‌ തെംഗോൽ, മെയ്‌ത്തീ ലീപുൺ എന്നിവയെ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഓൺലൈനിൽ ഒപ്പുശേഖരണവും തുടങ്ങി. മണിപ്പുർ താഴ്‌വരയിൽപോലും സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്‌ പൗരസമൂഹ സംഘടനകളുടെ കൂട്ടായ്‌മ ഖുരായ്‌ജം അതൗബ നേതാക്കൾ പറഞ്ഞു.

മെയ്‌ മൂന്നിനാണ്‌ മണിപ്പുരിൽ വംശീയകലാപം തുടങ്ങിയത്‌. മെയ്‌ത്തീകൾക്ക്‌ പട്ടികവർഗ പദവി നൽകാനുള്ള സർക്കാർനീക്കത്തെ തുടർന്നാണ്‌  സംഘർഷം തുടങ്ങിയത്‌. ഇതുവരെ 98 പേർ കലാപത്തിൽ കൊല്ലപ്പെട്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌.

ബിഎസ്‌എഫ്‌ ജവാൻ 
കൊല്ലപ്പെട്ടു
മണിപ്പുർ സെറോ മേഖലയിൽ സുരക്ഷാസേനയും സായുധ അക്രമികളും തമ്മിൽ ചൊവ്വാഴ്ചയുണ്ടായ വെടിവയ്‌പിൽ പരിക്കേറ്റ ബിഎസ്‌എഫ്‌ ജവാൻ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ട്‌ അസം റൈഫിൾസ്‌ ജവാൻമാർ ചികിത്സയിലാണെന്നും കരസേനയുടെ സ്പിയർ കോർപ് പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top