21 October Monday
മനുഷ്യരെ ഇറക്കിയുള്ള മാൻഹോൾ ശുചീകരണത്തിനെതിരെ സുപ്രീംകോടതി

"മരിക്കാനായി ജനങ്ങളെ ഗ്യാസ്‌ ചേംബറിലേക്ക്‌ അയക്കുന്ന ഏതെങ്കിലും രാജ്യമുണ്ടോ'

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

ന്യൂഡൽഹി > മനുഷ്യരെ ഇറക്കിയുള്ള മാൻഹോൾ ശുചീകരണത്തൊഴിലിനും ജാതീയമായ തൊട്ടുകൂടായ്‌മയ്‌ക്കുമെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശം. എസ്‌സി–-എസ്‌ടി നിയമത്തിലെ വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട്‌ കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ്‌ സുപ്രീംകോടതിയുടെ പരാമർശം.
 
ഓവു വൃത്തിയാക്കുന്നതിന്‌ സുരക്ഷയില്ലാതെ മനുഷ്യരെ ഉപയോഗിക്കുന്നതിനെ കോടതി വിമർശിച്ചു. സ്വന്തം ജനങ്ങളെ മരിക്കാൻവേണ്ടി ഗ്യാസ്‌ ചേംബറിലേക്ക്‌ അയക്കുന്ന ഏതെങ്കിലും രാജ്യം ലോകത്തുണ്ടോയെന്ന്‌ ജസ്‌റ്റിസ്‌ അരുൺ മിശ്ര തലവനായ ബെഞ്ച്‌ ചോദിച്ചു.

 ഓവുകളിലും മാൻഹോളുകളിലും ഇറങ്ങി ജോലി ചെയ്യുന്നവർക്ക്‌ മുഖാവരണവും ഓക്‌സിജൻ സിലിണ്ടറും ലഭ്യമാക്കാത്തത്‌ എന്തുകൊണ്ടെന്ന്‌ കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനോട്‌ കോടതി ചോദിച്ചു.

  സുരക്ഷാസംവിധാനമില്ലാത്തതിനാൽ മാസം നാലും അഞ്ചും പേരാണ്‌ മരിക്കുന്നതെന്നും ജസ്‌റ്റിസ്‌ എം ആർ ഷാ, ബി ആർ ഗവയ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു. സ്വാതന്ത്ര്യം ലഭിച്ച്‌ 70 വർഷമായിട്ടും ഭരണഘടന അവസാനിപ്പിച്ച ജാതി വിവേചനം രാജ്യത്ത്‌ നിലനിൽക്കുകയാണെന്നും ആ വഴിക്കാണ്‌ നാം പോയിക്കൊണ്ടിരിക്കുന്നതെന്നും ജസ്‌റ്റിസ്‌ അരുൺ മിശ്ര പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top