14 December Saturday

നിതി ആയോഗ്‌ യോഗം ; ഐക്യം തകർക്കാൻ 
മമതയുടെ കുതന്ത്രം

സാജൻ എവുജിൻUpdated: Sunday Jul 28, 2024

image credit Mamata Banerjee facebook


ന്യൂഡൽഹി
ബിജെപി സർക്കാരിന്റെ സ്വേച്ഛാധിപത്യ നയങ്ങൾക്കെതിരായ പ്രതിപക്ഷഐക്യം തകർക്കാൻ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്‌ നേതാവുമായ മമത ബാനർജിയുടെ കുടിലനീക്കം. ഇന്ത്യ കൂട്ടായ്‌മയിലെ മുഖ്യമന്ത്രിമാർ സ്വീകരിച്ച നിലപാടിനു വിരുദ്ധമായി മമത നിതി ആയോഗ്‌ യോഗത്തിൽ പങ്കെടുത്തു. ബഹിഷ്‌കരണ തീരുമാനം സംബന്ധിച്ച്‌ തന്നോട്‌ കൂടിയാലോചന നടത്തിയില്ലെന്ന്‌ മമത ആരോപിച്ചു. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക്‌ ബാനർജി ഉൾപ്പടെയുള്ളവർ നടത്തിയ അഭ്യർഥന മാനിച്ചാണ്‌ താൻ പങ്കെടുത്തതെന്ന്‌ മമത പറഞ്ഞു. മമതയുടെ അനന്തരവൻ കൂടിയായ അഭിഷേക്‌ ബിജെപിയുമായി പലപ്പോഴും നീക്കുപോക്കുകൾ നടത്തുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്‌.

കേന്ദ്രബജറ്റിൽ രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾ ലംഘിച്ചതിൽ പ്രതിഷേധിച്ച്‌ നിതി ആയോഗ്‌ യോഗം ബഹിഷ്‌കരിക്കാനുള്ള പ്രഖ്യാപനം അതത്‌ സംസ്ഥാനങ്ങളിലാണ്‌ ബിജെപിയിതര മുഖ്യമന്ത്രിമാർ നടത്തിയത്‌. ബജറ്റിൽ ബംഗാളിനെ അവഗണിച്ചതായി മമതയും പ്രതികരിച്ചയാണ്‌. നിതി ആയോഗ്‌ യോഗത്തിൽ മമതയും പങ്കെടുക്കില്ലെന്ന്‌ സൂചനയും നൽകി. വെള്ളിയാഴ്‌ച വൈകിട്ട്‌ നാടകീയമായി നിലപാട്‌ മാറ്റിയ മമത ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറനും നിതി ആയോഗ്‌ യോഗത്തിനു വരുമെന്ന്‌ അറിയിച്ചു. എന്നാൽ സോറൻ അടക്കം ഏഴ്‌ മുഖ്യമന്ത്രിമാർ യോഗത്തിൽനിന്ന്‌ വിട്ടുനിന്നു.

ഡൽഹിയിൽ എത്തിയ മമത ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ ഭാര്യ സുനിതയെ കണ്ടു. കോൺഗ്രസ്‌ നേതാക്കളെ കാണുമോയെന്ന ചോദ്യത്തോട്‌ അതിന്റെ ആവശ്യമെന്താണെന്ന്‌ ക്ഷുഭിതയായി ചോദിക്കുകയും ചെയ്‌തു. ഏതാനും ദിവസം മുമ്പ്‌ മുംബൈയിൽ എത്തിയ മമത എൻസിപി അധ്യക്ഷൻ ശരദ്‌ പവാറിനെയും ശിവസേന നേതാവ്‌ ഉദ്ദവ്‌ താക്കറേയെയും സന്ദർശിച്ചു. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ടിഎംസി സംഘടിപ്പിച്ച റാലിയിൽ എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവിനെ അതിഥിയായി  പങ്കെടുപ്പിച്ചു.

നേരത്തെ സ്‌പീക്കർ സ്ഥാനത്തേയ്‌ക്ക്‌ കോൺഗ്രസ്‌ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിൽ ടിഎംസി എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കുന്നതിലും താൽപര്യമില്ലാത്ത ടിഎംസിയും മമതയും ബിജെപിയെ പരോക്ഷമായി സഹായിക്കുന്ന നീക്കങ്ങളാണ്‌ നടത്തുന്നത്‌.

മൈക്ക്‌ 
ഓഫാക്കിയെന്ന്‌ മമത; ഇല്ലെന്ന്‌ കേന്ദ്രം
നിതി ആയോഗ്‌ യോഗത്തിൽ പ്രസംഗം അഞ്ച്‌ മിനിട്ട്‌ കഴിഞ്ഞപ്പോൾ തന്റെ മൈക്ക്‌ ഓഫ്‌ ചെയ്‌തുവെന്ന്‌ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി മുഖ്യമന്ത്രിമാർക്ക്‌ 10–-20 മിനിട്ട്‌ നൽകിയെന്നും മമത ആരോപിച്ചു. 
   എന്നാൽ മമതയുടെ പരാതി തെറ്റിദ്ധാരണാജനകമാണെന്ന്‌ കേന്ദ്രസർക്കാർ പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോ(പിഐബി) വഴി പ്രതികരിച്ചു. അനുവദിച്ച സമയം കഴിഞ്ഞുവെന്ന്‌ ക്ലോക്കിൽ കാണിക്കുക മാത്രമാണ്‌ ചെയ്‌തത്‌. 
   ബെൽ പോലും മുഴക്കിയില്ലെന്ന്‌ പിഐബി ഫാക്ട്‌ ചെക്ക്‌ സംവിധാനം ‘എക്‌സ്‌’ വഴി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top