27 September Monday

ബംഗാളിൽ വ്യാജന്മാരുടെ സമാന്തര ഭരണം

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021

കൊൽക്കത്ത > ബംഗാളിൽ വ്യാജ കോവിഡ്‌ വാക്‌സിൻ ക്യാമ്പ്‌ നടത്തിയതിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രിംകോടതിയുടെ പരിഗണനയിൽ എത്തിയതോടെ വിവാദം വീണ്ടും ചർച്ചയായി. ഈ ആവശ്യം തള്ളിയ കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌താണ്‌ സുപ്രിംകോടതിയിലെ ഹർജി. മുഖ്യമന്ത്രി മമത ബാനർജിയുടെ ചുമതലയിലുള്ള ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും ഉന്നത തൃണമൂൽ കോൺഗ്രസ്‌ നേതാക്കളും ഉൾപ്പെട്ട കേസാണിത്‌. നിഷ്‌പക്ഷ അന്വേഷണം ഉറപ്പാക്കാനുള്ള അവസരം ഹൈക്കോടതി ഇല്ലാതാക്കിയെന്ന്‌ ചൂണ്ടിക്കാട്ടി അജിത്‌ കുമാർ മിശ്ര എന്നയാളാണ്‌ ഹർജി നൽകിയത്‌.

ഐഎഎസ്‌ തട്ടിപ്പ്‌

വ്യാജ വാക്‌സിൻ നൽകി എണ്ണൂറിലേറെ പേരുടെ ജീവൻ അപകടത്തിലാക്കിയ സംഭവത്തിൽ ദേബാഞ്‌ജൻ ദേബ്‌, മമത ബാനർജി സർക്കാരിന്റെ കൺമുന്നിൽ ഒരു വർഷത്തോളമാണ്‌ ഐഎഎസ്‌ ഓഫീസർ ചമഞ്ഞ്‌ വിലസിയത്‌. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ ജോയിന്റ്‌ കമീഷണറായും മുഖ്യമന്ത്രി മമത ബാനർജിയുടെ ചുമതലയിലുള്ള ഇൻഫർമേഷൻ ആൻഡ്‌ കൾച്ചറൽ വകുപ്പ്‌ സെക്രട്ടറിയായും ദേബ്‌ ‘പ്രവർത്തിച്ചു’. കോർപറേഷന്റെ ചിഹ്നവും പേരും പതിച്ച്‌ കസ്‌ബയിൽ ഓഫീസും സർക്കാർ ബോർഡും നീല ബീക്കൺ ലൈറ്റുമുള്ള കാറും ഉപയോഗിച്ചു. വീടിനുമുന്നിൽ ഐഎഎസ്‌ ഉദ്യോഗസ്ഥനെന്ന്‌ ബോർഡ്‌ വച്ചു. ഇവിടെ 50 മീറ്റർ ചുറ്റളവിൽ മറ്റ്‌ വാഹനങ്ങൾ വിലക്കി. തൃണമൂൽ കോൺഗ്രസ്‌ മന്ത്രിമാരും എംപിമാരുമടക്കം നിരവധിപേർക്കൊപ്പമുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യമത്തിൽ പോസ്‌റ്റുചെയ്‌താണ്‌ തട്ടിപ്പിന്‌ കളമൊരുക്കിയത്‌.

മനുഷ്യത്വരഹിതം

ജൂൺ 11നും 22നും ഇടയിൽ ഏഴ്‌ കോവിഡ്‌ വാക്‌സിൻ ക്യാമ്പ്‌ നടത്തി 802 പേർക്ക്‌ കുത്തിവയ്‌പ്‌ നൽകി. കോവിഷീൾഡ്‌ എന്നപേരിൽ മെനിഞ്ചൈറ്റിസ് ചികിത്സയ്‌ക്കുള്ള അമികാസിൻ സൾഫേറ്റും സ്‌പുട്‌നിക്കിന്‌ പകരം അലർജിക്കുള്ള ട്രയാംസിനോലോൺ അസെറ്റോണൈഡുമാണ്‌ കുത്തിവച്ചത്‌.
ദേബ്‌ ക്ഷണിച്ചു വരുത്തിയ തൃണമൂൽ എംപി മമി ചക്രബർത്തിക്കും കുത്തിവയ്‌പെടുത്തു. മമിക്ക്‌ സന്ദേശം ലഭിക്കാത്തതോടെയാണ്‌ പരാതിപ്പെട്ടത്‌. ഒരു സർക്കാർ വകുപ്പിന്റെയും അനുമതിയില്ലാതെയാണ്‌ ക്യാമ്പ്‌ നടത്തിയത്‌. പരാതിയുണ്ടാകുംവരെ ഒരുതടസ്സവും തട്ടിപ്പുകാർക്കുണ്ടായില്ല. ദേബും ഒമ്പത്‌ അനുയായികളും പിടിയിലായി. കുത്തിവയ്‌പെടുത്ത നിരവധിപേർക്ക്‌ ശാരീരിക അസ്വസ്ഥതകളുണ്ടായി.

കോടികളുടെ തട്ടിപ്പ്‌

വിരമിച്ച ഡെപ്യൂട്ടി കലക്‌ടറുടെ മകനാണ്‌ ജന്തുശാസ്‌ത്രത്തിൽ ബിരുദമുള്ള ദേബ്‌. സിവിൽ സർവീസ്‌ ശ്രമം പരാജയപ്പെട്ടു. തുടർന്നാണ്‌ വ്യാജരേഖകളിലൂടെ സൃഷ്‌ടിച്ച ‘സമാന്തര സർക്കാരിൽ’ ഉദ്യോഗസ്ഥനായത്‌. സർക്കാർ സ്ഥാപനങ്ങളുടെ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി കോടിക്കണക്കിന്‌ രൂപയുടെ ഇടപാടുകൾ നടത്തി. പരീക്ഷ നടത്തിയശേഷം കോഴ വാങ്ങി നിരവധിപേർക്ക്‌ നിയമനം നൽകി. വടക്കൻ ബംഗാളിൽ ടീ ബോർഡ്‌ ഓഫീസ്‌ സ്ഥാപിക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തും കോഴവാങ്ങി. ദേബിന്റെ അറസ്‌റ്റിനു പിന്നാലെ, സിബിഐ അഭിഭാഷകൻ, സിബിഐ ഓഫീസർ, സിഐഡി, ദേശീയ മനുഷ്യാവകാശ കമീഷൻ അംഗം തുടങ്ങി ഒരുനിര വ്യാജൻമാർ ബംഗാളിൽ പിടിയിലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top