ന്യൂഡൽഹി
‘ദി ഹിന്ദു’ ഗ്രൂപ്പിന്റെ ബോർഡിൽനിന്ന് ചെയർപേഴ്‌സണായ മാലിനി പാർഥസാരഥി രാജിവച്ചു. എഡിറ്റോറിയൽ നയത്തിന്റെ കാര്യത്തിൽ ബോർഡിലെ മറ്റംഗങ്ങളുമായുള്ള ഭിന്നതകളെത്തുടർന്നാണ് രാജി. ചെയർപേഴ്‌സൺ സ്ഥാനത്ത് മാലിനിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ബോർഡ് അംഗത്വമടക്കം രാജിവച്ചത്. ചെയർപേഴ്‌സൺ കാലാവധി കഴിഞ്ഞാലും എഡിറ്റോറിയൽ ഡയറക്ടറായി തുടരാനുള്ള മാലിനിയുടെ താൽപ്പര്യത്തോട് മറ്റ് അംഗങ്ങൾ യോജിച്ചില്ല.
തന്റെ എഡിറ്റോറിയൽ കാഴ്‌ചപ്പാടുകൾക്കുള്ള സാധ്യതയും ഇടവും കൂടുതൽ ചുരുങ്ങുകയാണെന്ന് ബോർഡ് അംഗത്വം രാജിവച്ചതായി അറിയിച്ചുള്ള പ്രസ്‌താവനയിൽ മാലിനി പറഞ്ഞു.
സംഘപരിവാറിനോട് അനുഭാവം പുലർത്തുന്നെന്ന ആക്ഷേപം മാലിനി നേരിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റിൽ സ്ഥാപിച്ച ചെങ്കോൽ കേന്ദ്ര സർക്കാർ അവകാശപ്പെടുംപോലെ മൗണ്ട്‌ബാറ്റൺ നെഹ്‌റുവിന് കൈമാറിയതല്ലെന്ന് ചരിത്രരേഖകൾ ഉദ്ധരിച്ച് ഹിന്ദു റിപ്പോർട്ട് നൽകിയിരുന്നു. ആർഎസ്‌എസുകാരനായ ഗുരുമൂർത്തി ഇതിനോട് വിയോജിച്ചപ്പോള്‍ റിപ്പോർട്ടിൽ പിഴവുണ്ടെങ്കിൽ തിരുത്താമെന്ന് മാലിനി പ്രതികരിച്ചു. ഇത് ബോർഡ് അംഗങ്ങളിൽ വലിയ അതൃപ്‌തിക്കിടയാക്കി. മുൻ ചെയർമാൻ എൻ റാം അടക്കമുള്ളവർ മാലിനിയുടെ നിലപാടിനെ തള്ളി. 2020 ജൂലൈയിൽ റാം ചെയർപേഴ്‌സൺ സ്ഥാനമൊഴിഞ്ഞപ്പോഴാണ് മാലിനി ചുമതലയേറ്റത്. മാലിനിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് പി സായ്‌നാഥ് അടക്കം നിരവധി മുതിർന്ന മാധ്യമപ്രവർത്തകർ ഹിന്ദു വിടാൻ നിർബന്ധിക്കപ്പെട്ടു.
നയിക്കാന്‍ നിർമല ലക്ഷ്മണ്‍
‘ദി ഹിന്ദു’ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡിന്റെ ചെയർപേഴ്‌സണായി നിർമ്മല ലക്ഷ്മണനെ മൂന്ന് വർഷത്തേക്ക് ഏകകണ്ഠമായി നിയമിച്ചു. മാലിനി പാർത്ഥസാരഥിയുടെ പിൻഗാമിയായി അവർ അധികാരമേറ്റു. ഹിന്ദുവിന്റെ വിവിധ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ, എഴുത്തുകാരി തുടങ്ങിയ നിലകളിൽ നാല് പതിറ്റാണ്ടിലേറെ നീണ്ട അനുഭവപരിചയം ഇവര്‍ക്കുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..