05 December Thursday

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: ബിജെപി പിൻമാറി; ഇനി ശിവസേന

സാജൻ എവുജിൻUpdated: Monday Nov 11, 2019

ന്യൂഡൽഹി 
മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരണത്തിന്‌ ഗവർണർ ശിവസേനയെ ക്ഷണിച്ചു. തിങ്കളാഴ്‌ച രാത്രി 7.30നകം ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാനും ആവശ്യപ്പെട്ടു. ബിജെപി പിന്മാറിയതോടെയാണ്‌ രണ്ടാമത്തെ വലിയ കക്ഷിയെ ഗവർണർ ഭഗത്‌സിങ്‌ കോശ്‌യാരി ക്ഷണിച്ചത്‌. ഭൂരിപക്ഷം അകലെയാണെന്ന്‌ ബോധ്യമായതോടെയാണ്‌ ബിജെപി സർക്കാർ രൂപീകരണത്തിനില്ലെന്ന്‌ കാവൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ ഗവർണറെ അറിയിച്ചത്‌. ശിവസേനയുമായുള്ള സഖ്യം അവസാനിച്ചെന്നും ബിജെപി വ്യക്തമാക്കി.

288 അംഗ നിയമസഭയിൽ 105അംഗങ്ങളാണ്‌ ബിജെപിക്കുള്ളത്‌. രണ്ടം കക്ഷിയായ ശിവസേനയ്‌ക്ക്‌ 56 സീറ്റും എൻസിപിയ്‌ക്ക്‌ 54ഉം കോൺഗ്രസിന്‌ 44 സീറ്റുമാണുള്ളത്‌. മറ്റുകക്ഷികൾക്ക്‌ 28 സീറ്റും സിപിഐ എമ്മിന്‌ ഒരു സീറ്റുമാണുള്ളത്‌.സർക്കാരുണ്ടാക്കാൻ ശിവസേനയ്‌ക്ക്‌ പിന്തുണ നൽകണമെങ്കിൽ കേന്ദ്രമന്ത്രിസഭയിൽ നിന്ന്‌ രാജിവച്ച്‌ എൻഡിഎ വിട്ട്‌ പുറത്തുവരണമെന്ന്‌ എൻസിപി നേതാവ്‌ നവാബ്‌ മാലിക്‌ പറഞ്ഞു. കേന്ദ്ര മന്ത്രിസഭയിലെ ശിവസേനാ പ്രതിനിധി അരവിന്ദ്‌ സാവന്ത്‌ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്‌. സംസ്ഥാനത്ത്‌ രാഷ്‌ട്രപതി ഭരണം ആഗ്രഹിക്കുന്നില്ലെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ അശോക്‌ ചവാൻ പറഞ്ഞു. മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ ജയ്‌പുരിലെത്തി കോൺഗ്രസ്‌ എംഎൽഎമാരെ കണ്ടു.

തിങ്കളാഴ്‌ച ഖാർഗെ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. ശിവസേനയുമായി സഹകരിക്കുന്നതിൽ കോൺഗ്രസ്‌ ആശയക്കുഴപ്പത്തിലാണ്‌. ബിജെപിയെ മാറ്റിനിർത്തുന്നതിന്‌ ശിവസേനയുമായി ചേരാമെന്ന നിലപാടിലാണ്‌ ഒരുവിഭാഗം നേതാക്കൾ. എന്നാൽ, ശിവസേനയുമായി ധാരണയിൽ എത്തുന്നത്‌ തിരിച്ചടിയാകുമെന്ന്‌ കോൺഗ്രസ്‌ മുംബൈ ഘടകം മുൻ അധ്യക്ഷൻ സഞ്‌ജയ്‌ നിരുപം പറഞ്ഞു.ഞായറാഴ്‌ച രാവിലെയും വൈകിട്ടും രണ്ടു തവണ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിനുശേഷമാണ്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌ സർക്കാർ രൂപീകരണത്തിനില്ലെന്ന്‌ ഗവർണറെ അറിയിച്ചത്‌. ശിവസേന ജനവിധിയെ അവഹേളിച്ചെന്ന്‌ പിന്നീട്‌ ഫഡ്‌നാവിസ്‌ മാധ്യമങ്ങളോടു പറഞ്ഞു. കോൺഗ്രസ്‌ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ചന്ദ്രകാന്ത്‌ പാട്ടീൽ ശിവസേനയെ വെല്ലുവിളിച്ചു.

ഭൂരിപക്ഷമില്ലെങ്കിൽ ഇത്രയുംനാൾ ഏതു മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചാണ്‌ ബിജെപി സംസാരിച്ചതെന്ന്‌ ശിവസേനാ വക്താവ്‌ സഞ്‌ജയ്‌ റാവത്ത്‌ ചോദിച്ചു. ശിവസേനാ തലവൻ ഉദ്ധവ്‌ താക്കറെ മധ്‌ ഐലൻഡിലെ റിസോർട്ടിലെത്തി പാർടി എംഎൽഎമാരെ കണ്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top