മുംബൈ> മഹാരാഷ്ട്രയിൽ ശിവസേനയും ബിജെപിയും തമ്മിലുള്ള അധികാര തർക്കം തുടരുന്നതിനിടെ കാലുമാറ്റം ഭയന്ന് കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. കോൺഗ്രസിന്റെ 44 എംഎൽഎമാരെയും രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോർട്ടിലേക്കാണ് മാറ്റി
കാലുമാറാന്‍ ബിജെപി പണം വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് എംഎൽഎ മാരെ ജയ്പൂരിലേക്ക് മാറ്റുന്നതെന്ന് കോൺഗ്രസ് എംഎൽഎ നിതിൻ റൗത്ത്പറഞ്ഞു. രാവിലെ പാർട്ടി നേതാവ് വിജയ് വാഡെറ്റിവാറിന്റെ വീട്ടിൽ ഒത്തുകൂടിയ ശേഷമാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയത്.
അതേസമയം എംഎൽഎമാരെല്ലാം ഒറ്റക്കെട്ടാണെന്നും ആരും കോൺഗ്രസ് വിട്ട് പോകില്ലെന്നും ഹൈക്കമാൻഡ് തീരുമാനത്തിനൊപ്പം നിൽക്കുമെന്നും കോൺഗ്രസ് നേതാവ് ഹുസൈൻ ധൽവി പറഞ്ഞു. ശിവസേനയെ പിളർത്താനുള്ള ബിജെപി നീക്കത്തെ തുടർന്ന് എംഎൽമാരെ ബാന്ദ്രയിലെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു.
അതേസമയം, സഖ്യകക്ഷികൾ തമ്മിലുള്ള അധികാര പോരാട്ടം മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിൽ കാലതാമസം വരുത്തിയിരിക്കുകയാണ്. സർക്കാർ രൂപീകരിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. മുഖ്യമന്ത്രി പദത്തിന്റെ കാര്യത്തിൽ ശിവസേനയും ബിജെപിയും ഒരു തീരുമാനത്തിലെത്തിയില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാകും. 288 അംഗ മന്ത്രിസഭയിൽ ബിജെപിക്ക് 105 അംഗങ്ങളും ശിവസേനക്ക് 56 പേരുമാണുള്ളത്. ഇതുകൂടാതെ എൻസിപിക്ക് 54 എംഎൽഎമാരുമാണുള്ളത്.