30 June Thursday
ഷിൻഡെയ്ക്കൊപ്പം പോയ ശിവസേന 
 എംഎൽഎമാരെ തിരിച്ചുപിടിക്കാനായില്ല

പുറത്തേക്ക്‌ ; നിയമസഭ പിരിച്ചുവിടാൻ ശുപാർശ 
 ചെയ്യില്ലെന്ന് ഉദ്ധവ് താക്കറെ

സാജൻ എവുജിൻUpdated: Thursday Jun 23, 2022

videograbbed image


ന്യൂഡൽഹി
മഹാരാഷ്‌ട്രയിൽ ബിജെപി ആസൂത്രണം ചെയ്‌ത ജനാധിപത്യകശാപ്പ്‌ വിജയത്തിലേക്ക്‌. ഉദ്ധവ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാരിന്റെ പതനം ഉറപ്പായി. ബിജെപി  സംസ്ഥാനത്തിന്‌ പുറത്തേക്ക്‌ കടത്തിയ  മന്ത്രി ഏക്‌നാഥ്‌ ഷിൻഡെയെയും 35ൽപ്പരം എംഎൽഎമാരെയും തിരിച്ചുപിടിക്കാനുള്ള ശിവസേനയുടെ ശ്രമം പരാജയപ്പെട്ടു. രാജിക്കത്ത്‌ തയ്യാറാണെന്നും എംഎൽഎമാരിൽ ഒരാൾ എതിർപ്പ്‌ പ്രകടിപ്പിച്ചാൽ മുഖ്യമന്ത്രിയായി തുടരില്ലെന്നും ഉദ്ധവ്‌ പ്രഖ്യാപിച്ചു. തനിക്കുശേഷം ശിവസേനയിൽനിന്ന്‌ മറ്റൊരാൾ മുഖ്യമന്ത്രിയായാൽ സന്തോഷമെന്നും പറഞ്ഞു.  ഔദ്യോഗികവസതി ഒഴിഞ്ഞു. ഉദ്ധവും കുടുംബവും മാതോശ്രീയിലേക്ക് മാറി.

ഗുവാഹത്തിയിൽ ‘ഒളിവിലുള്ള’ ഷിൻഡെയുമായി ഉദ്ധവ്‌ രാവിലെ സംസാരിച്ചു. അനുരഞ്‌ജനത്തിനുള്ള സമയം കഴിഞ്ഞുവെന്നായിരുന്നു ഷിൻഡെയുടെ  മറുപടി. ഷിൻഡെയെ മുഖ്യമന്ത്രിയാക്കാമെന്ന നിർദേശം എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ മുന്നോട്ടുവച്ചു. എന്നാൽ, മഹാസഖ്യത്തിൽ തുടരില്ലെന്ന്‌ ഷിൻഡെ ആവർത്തിച്ചു.

55 ശിവസേന എംഎൽഎമാരിൽ ഭൂരിപക്ഷം ഷിൻഡെയോടൊപ്പം എത്തിയതോടെ കൂറുമാറ്റത്തെത്തുടർന്ന്‌ അയോഗ്യരാകുന്നത്‌ വിമതർക്ക്‌ ഒഴിവാക്കാനാകും. ഷിൻഡെയും സംഘവും ബുധനാഴ്‌ച പുലർച്ചെയാണ്‌ സൂറത്തിൽനിന്ന്‌ ചാർട്ടേഡ്‌ വിമാനത്തിൽ അസമിലേക്ക്‌ പോയത്‌. വിസമ്മതിച്ച ചില എംഎൽഎമാരെ ഗുജറാത്ത്‌ പൊലീസ്‌ ബലംപ്രയോഗിച്ച്‌ കയറ്റിവിട്ടുവെന്ന്‌ പരാതിയുണ്ട്‌. ചിലർക്ക്‌ മടങ്ങിവരാൻ ആഗ്രഹമുണ്ടെന്ന്‌ ഉദ്ധവും പറഞ്ഞു. ഉദ്ധവിന്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനാൽ ഓൺലൈനിൽ ചേർന്ന മന്ത്രിസഭായോഗം നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്യേണ്ടെന്ന്‌ തീരുമാനിച്ചു. ഷിൻഡെപക്ഷക്കാരായ ആറുപേരടക്കം എട്ട്‌  ശിവസേന  മന്ത്രിമാർ പങ്കെടുത്തില്ല. 

സർക്കാരിന്റെ പ്രവർത്തനം നിരാശാജനകമാണെന്നും ശിവസേനയുടെ ആശയങ്ങൾ അടിയറവച്ചെന്നും വിമതർ പ്രമേയത്തിൽ പറഞ്ഞു. വൈകിട്ട്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ വിളിച്ച നിയമസഭാകക്ഷിയോഗത്തിൽ വിപ്പ്‌ നിരാകരിച്ച്‌ വിമതർ പങ്കെടുത്തില്ല.  ഓൺലൈനായി ഇവർ യോഗംചേർന്ന്‌ ഷിൻഡെയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. എംഎൽഎമാരും കുടുംബാംഗങ്ങളും സഹായികളുമടക്കം 89 പേരെ ഗുവാഹത്തിയിലെ ഹോട്ടലിൽ ബിജെപി എംപി പല്ലബ്‌ ലോചൻദാസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.  ബിജെപിക്ക്‌ എതിരെ പോരാട്ടം തുടരുമെന്ന്‌ ശിവസേനാ വക്താവ്‌ സഞ്‌ജയ്‌ റാവത്ത്‌ എംപി ട്വീറ്റ്‌ ചെയ്‌തു.

വിമതർ തട്ടിക്കൊണ്ടുപോയെന്ന്‌ 
ശിവസേന എംഎൽഎ
ഗുജറാത്തിലെ സൂറത്തിലേക്ക്‌ വിമതർ തട്ടിക്കൊണ്ടുപോയതാണെന്ന്‌ ശിവസേന എംഎൽഎ നിതിൻ ദേശ്‌മുഖ്‌ പറഞ്ഞു.  ഷിൻഡെ ക്യാമ്പുവിട്ടെത്തിയ ഇദ്ദേഹം മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെയ്‌ക്കൊപ്പമാണെന്ന്‌ പ്രഖ്യാപിച്ചു. സൂറത്തിൽനിന്ന്‌ മുംബൈയിലെത്തിയശേഷം മാധ്യമപ്രവർത്തകരോടാണ്‌ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്‌.  ഹോട്ടലിൽനിന്ന്‌ രക്ഷപ്പെട്ട്‌ പുലർച്ചെ മൂന്നോടെ വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവെ ഗുജറാത്ത്‌ പൊലീസ്‌ ബലമായി പിടിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിവയ്‌പുകൾ നൽകി. ഹൃദയാഘാതമുണ്ടായെന്ന്‌ വ്യാജപ്രചാരണം നടത്തിയെന്നും ദേശ്‌മുഖ്‌ പറഞ്ഞു. ഭർത്താവിനെ കാണാനില്ലന്നു പറഞ്ഞ്‌ ദേശ്‌മുഖിന്റെ ഭാര്യ പ്രാഞ്ജലി തിങ്കളാഴ്‌ച പൊലീസിൽ പരാതി നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top