13 December Friday

മഹാരാഷ്‌ട്രയിലെ കോൺഗ്രസ്‌, ശിവസേന, എൻസിപി സർക്കാർ; നാളെ നിർണായക യോഗം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

ന്യൂഡൽഹി > മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ കോൺഗ്രസ്, എൻസിപി, ശിവസേന പാർട്ടികൾ ഏകദേശ ധാരണയിൽ എത്തിനിൽക്കെ തിങ്കളാഴ്ച സോണിയ ഗാന്ധിയും ശരദ് പവാറും ഡൽഹിയിൽ നടത്തുന്ന ചർച്ച നിർണായകമാകും. ഇന്ന് നടത്താനിരുന്ന ചർച്ചയാണ് തിങ്കളാഴ്ചത്തേക്കു മാറ്റിയത്. ഇന്ന് വൈകിട്ടോടെ എൻസിപി അധ്യക്ഷൻ ഡൽഹിയിലേക്കു തിരിക്കും. ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാനാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നതെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മല്ലികാർജുൻ ഖർഗെ പറഞ്ഞു.
മൂന്നു പാർട്ടി വക്താക്കളും ശനിയാഴ്ച സർക്കാർ രൂപീകരിക്കാൻ ഗവർണറെ കാണാൻ പോകുന്നുവെന്ന വാർത്തകൾ വന്നതിനു തൊട്ടുപിന്നാലെയായിരുന്നു ഖർഗെയുടെ പ്രതികരണം. എന്നാൽ എംഎൽഎമാരും മറ്റും അവരുടെ നിയോജകമണ്ഡലങ്ങളിൽ വരൾച്ചാ പരിശോധന, തിരഞ്ഞെടുപ്പ് ചിലവ് രേഖകൾ സമർപ്പിക്കുക തുടങ്ങിയ പരിപാടികളിൽ തിരക്കിലായതിനാലാണ് ചർച്ച മാറ്റിവച്ചത്.

കോൺഗ്രസ്–എൻസിപി–ശിവസേന സഖ്യം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. പവാർ– സോണിയ ചർച്ചകൾക്കു ശേഷം കാര്യങ്ങൾ വ്യക്തമാകുമെന്നാണ് ഖർഗെ പറയുന്നത്. സേന–എൻസിപി–കോൺഗ്രസ് സഖ്യം സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും ആ സർക്കാർ അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്നുമാണ് ശരദ് പവാർ കഴിഞ്ഞ ദിവസം പറഞ്ഞത്.

അതിനിടെ ഉദ്ധവ് താക്കറെയും  സോണിയയുമായി കൂടിക്കാഴ്ച നടത്തിയേക്കും. പൊതുമിനിമം പരിപാടിക്ക് ഇതോടെ അന്തിമരൂപമാകും. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേൽ ഉദ്ധവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.  മുന്നണി ബന്ധം ഉപേക്ഷിച്ച സ്ഥിതിക്ക് പാർലമെന്റിലെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി ഇന്നു നടക്കുന്ന എൻഡിഎ യോഗത്തിൽ ശിവസേന പങ്കെടുക്കില്ല.

എൻഡിഎ അംഗങ്ങളുടെ യോഗം നവംബർ 17ന് നടക്കുമെന്നാണ് അറിഞ്ഞത്. മഹാരാഷ്ട്രയിലെ കാര്യങ്ങൾ പരിഗണിച്ച് യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണു ഞങ്ങളുള്ളത്. ഞങ്ങളുടെ മന്ത്രിമാര്‍ കേന്ദ്രസർക്കാരിൽ നിന്നു രാജിവച്ചിട്ടുണ്ടെന്നും ശിവസേന വക്താവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചു. രാജ്യസഭയിൽ ശിവസേന ഇനി പ്രതിപക്ഷത്തിനൊപ്പമിരിക്കുമെന്ന് റാവുത്ത് ഇന്നലെ പറഞ്ഞിരുന്നു. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ചരമദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി അനുസ്മരണ പരിപാടികൾ പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top