13 December Friday

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ നീക്കം സജീവം

സ്വന്തം ലേഖകൻUpdated: Thursday Nov 14, 2019

ന്യൂഡൽഹി > രാഷ്ട്രപതിഭരണത്തിലായ മഹാരാഷ്ട്രയിൽ ബിജെപിയിതര സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ സമയം ഗവർണർ ഭഗത്‌സിങ്‌ കോശ്‌യാരി നൽകിയില്ലെന്ന്‌ ആരോപിച്ച്‌ സുപ്രീംകോടതിയിൽ നൽകിയ ഹർജിയുമായി മുന്നോട്ടുപോകേണ്ടെന്ന്‌ ശിവസേന തീരുമാനിച്ചു. വിഷയം ബുധനാഴ്‌ച ശിവസേനയുടെ  അഭിഭാഷകർ സുപ്രീംകോടതിയിൽ പരാമർശിച്ചില്ല.

സർക്കാർരൂപീകരണ ചർച്ചകൾ ശരിയായ ദിശയിലാണ്‌ നീങ്ങുന്നതെന്ന്‌ കോൺഗ്രസ്‌ നേതാക്കളുമായി  നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം ശിവസേന അധ്യക്ഷൻ ഉദ്ധവ്‌ താക്കറേ പറഞ്ഞു. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ അശോക്‌ ചവാൻ, ബാലസാഹിബ്‌ തൊറാത്‌, മാണിക്ക്‌റാവു താക്കറേ എന്നിവരാണ്‌ ഉദ്ധവുമായി ചർച്ച നടത്തിയത്‌. മുംബൈയിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്‌ച.

പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ സഖ്യസർക്കാരിന്‌ രൂപം നൽകാനാണ്‌ നീക്കം. ഇതിനുള്ള ചർച്ചകൾക്കായി എൻസിപി അഞ്ചംഗസമിതിയെ നിയോഗിച്ചു.  ജയന്ത്‌ പാട്ടീൽ, അജിത്‌ പവാർ, ഛഗൻ ഭുജ്‌പാൽ, ധനഞ്‌ജയ്‌ മുണ്ടെ, നവാബ്‌ മാലിക്‌ എന്നിവരാണ്‌ സമിതിയംഗങ്ങൾ. എൻസിപി  അധ്യക്ഷൻ ശരദ്‌പവാറും കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ പ്രതിനിധി അഹമ്മദ്‌ പട്ടേലും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ്‌ ഇരുകക്ഷികളും മുന്നോട്ടുനീങ്ങുന്നത്‌. ചാക്കിട്ടുപിടിത്തം ഭയന്ന്‌ ജയ്‌പുരിലെ റിസോർട്ടിലാക്കിയിരുന്ന കോൺഗ്രസ്‌ എംഎൽഎമാരെ മുംബൈയിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു. സംസ്ഥാനത്ത്‌ ശിവസേനാ മുഖ്യമന്ത്രി വരുമെന്ന്‌ പാർടി നേതാവും  മുൻ കേന്ദ്രമന്ത്രിയുമായ അരവിന്ദ്‌ സാവന്ത്‌ പറഞ്ഞു. ശിവസേനാ വക്താവ്‌ സഞ്‌ജയ്‌ റാവത്തും ഇക്കാര്യം ആവർത്തിച്ചു.


പ്രധാന വാർത്തകൾ
 Top