19 November Tuesday

"മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന്‌ കരുതേണ്ട'; ശിവസേനയോട്‌ ഫഡ്‌നവിസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2019

മുംബൈ > മുഖ്യമന്ത്രി സ്ഥാനത്തിന്‌ അവകാശവാദമുന്നയിച്ച ശിവസേന നിലപാടിനെ പരസ്യമായി തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ്. ശിവസേനയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ഫഡ്‌നവിസ് മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ 50-50 ഫോര്‍മുല ഒരിക്കലും അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് മുന്നെ മുന്നണി രൂപീകരണത്തിന്റെ സമയത്ത് ശിവസേന 50-‐50 ഫോര്‍മുല മുന്നോട്ട് വെച്ചിരുന്നുവെങ്കിലും ബിജെപി അത് അംഗീകരിച്ചിരുന്നില്ലെന്നും ഫഡ്‌നവിസ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പദം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ തന്നെ വ്യക്തമാക്കിയതാണ്. ഇതുവരെ ഒരു ഫോര്‍മുലയും തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും ഫഡ്‌നവിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തില്‍ നിര്‍ണായക ശക്തിയായി മാറിയ ശിവസേനയുടെ, മുഖ്യമന്ത്രി പദം എന്ന ആവശ്യത്തോട് ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടാവുന്ന ആദ്യത്തെ വ്യക്തമായ പ്രതികരണമാണ് ഫഡ്‌നവിസിന്റേത്. നിലവിലെ മുഖ്യമന്ത്രിയായ ഫഡ്‌നവിസിനെ തന്നെയാണ് ബിജെപി തെരഞ്ഞെടുപ്പില്‍ ഭാവി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയിരുന്നത്.

ഫഡ്‌നവിസിന്റെ പ്രസ്‌താവന വരുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുന്‍പ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് തങ്ങള്‍ മറ്റ് സാധ്യതകള്‍ പരിശോധിക്കുമെന്ന മുന്നറിയിപ്പും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ സാധ്യതകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാന്‍ റാവത്ത് തയ്യാറായില്ല. എന്നാല്‍ ശിവസേനയുടെ ഇത്തരം പ്രകോപനങ്ങള്‍ വിലപേശലിനായുള്ള തന്ത്രങ്ങളായാണ് ബിജെപി ക്യാമ്പ് വിലയിരുത്തുന്നത്. കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വലിയ ആത്മവിശ്വാസത്തോടെ രംഗത്തിറങ്ങിയ ബി.ജെ.പി 105 സീറ്റിലേക്ക് ഒതുങ്ങിയിരുന്നു.

കേവല ഭൂരിപക്ഷത്തില്‍ നിന്നും 40 എംഎല്‍എമാരുടെ കുറവാണ് ബിജെപിക്കുള്ളത്. ഇതാണ് 56 സീറ്റുള്ള ശിവസേനയെ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിലെ നിര്‍ണായക ശക്തിയാക്കി മാറ്റിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top