10 November Sunday

മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു; 2 പേർ അറസ്റ്റിൽ, അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2024


ന്യൂഡൽഹി
മഹാരാഷ്‌ട്ര മുൻമന്ത്രിയും ഉപമുഖ്യമന്ത്രി അജിത്‌ പവാർ നേതൃത്വം നൽകുന്ന എൻസിപിയുടെ നേതാവുമായ ബാബ സിദ്ദിഖി(65)യെ മൂന്നംഗ സംഘം വെടിവച്ചുകൊന്നു. മകനും കോൺഗ്രസ്‌ എംഎൽഎയുമായ സീഷൻ സിദ്ദിഖിയുടെ ബാന്ദ്രയിലെ നിർമൽ നഗറിലുള്ള ഓഫീസിന്‌ മുന്നിലാണ്‌ വെടിയേറ്റത്‌. ശനി രാത്രി നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുകയായിരുന്ന സിദ്ദിഖിക്കുനേരെ മൂന്നുറൗണ്ടാണ്‌ വെടിയുതിർത്തത്‌. ഉടൻ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.   ഞായർ വൈകിട്ട്‌ പൂർണ ഔദ്യോഗിക ബഹുമതികളോടെ മുംബൈ ബഡാ ഖബർസ്ഥാനിൽ സംസ്‌കാരം നടത്തി.  ഭരണകക്ഷിയിൽ ഉൾപ്പെട്ട നേതാവ്‌ കൊല്ലപ്പെട്ടതോടെ വിമർശം ശത്മായി. എൻഡിഎ സർക്കാരിന്‌ കീഴിൽ ക്രമസമാധാനം തകർന്നുവെന്ന്‌ പ്രതിപക്ഷം പറഞ്ഞു. സർക്കാരിനെ പിരിച്ചുവിടണമെന്ന്‌ ശിവസേന യുബിടി ആവശ്യപ്പെട്ടു.

പ്രതികളായ ഹരിയാന സ്വദേശി ഗുർമൈൽ സിങ്‌ (23), യുപി സ്വദേശി ധർമരാജ് കശ്യപ് (19) എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തു. മൂന്നാമൻ ശിവ്‌കുമാറിനായുളള തിരച്ചിൽ തുടരുകയാണ്‌. ഇവർക്ക്‌ സഹായം നൽകിയ മുഹമ്മദ് സീഷാൻ അക്തറെ തിരിച്ചറിഞ്ഞു.  ഗുർമൈൽ സിങ്ങിനെ 21വരെ മുംബൈയിലെ എസ്‌പ്ലനേഡ് കോടതി പൊലീസ്‌ കസ്‌റ്റഡിയിൽ വിട്ടു. ധർമരാജിന്‌ പ്രായപൂർത്തിയായോയെന്ന്‌ പരിശോധിക്കാനും നിർദേശിച്ചു. 15 ദിവസംമുമ്പ്‌ വധഭീഷണി ലഭിച്ച സിദ്ദിഖിയുടെ സുരക്ഷ വൈ കാറ്റഗറിയിലേക്ക്‌ ഉയർത്തിയിരുന്നു. സിദ്ദിഖിയുടെ സുരക്ഷയ്‌ക്കുണ്ടായിരുന്ന പൊലീസുകാരിൽ ഒരാൾക്കും വെടിയേറ്റു. ക്രൈംബ്രാഞ്ചിന്റെ പതിനഞ്ച്‌ സംഘങ്ങളാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. പ്രതികളിൽനിന്ന്‌ രണ്ട്‌ പിസ്‌റ്റളും 28 റൗണ്ട്‌ വെടിയുണ്ടയും ക്രൈംബ്രാഞ്ച് കണ്ടെടുത്തു. അക്രമികളെ കുടുംബങ്ങൾ തള്ളിപ്പറഞ്ഞു.

ഉത്തരവാദിത്വം ഏറ്റെടുത്ത് 
ബിഷ്‌ണോയി സംഘം
തിഹാർ ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ലോറൻസ്‌ ബിഷ്‌ണോയിയുടെ സംഘം കൊലയുടെ ഉത്തരവാദിത്തമേറ്റു. ബോളിവുഡ്‌ താരം സൽമാൻ ഖാൻ, അധോലോക തലവൻ ദാവൂദ്‌ ഇബ്രഹിം എന്നിവരുമായുള്ള സിദ്ദിഖിയുടെ ബന്ധമാണ്‌ കൊലയ്‌ക്ക്‌ കാരണമെന്നാണ്‌ സമൂഹമാധ്യമത്തിലെ പോസ്‌റ്റിൽ സംഘം പറഞ്ഞത്‌.

കസ്‌റ്റഡിയിലുള്ള രണ്ടുപേരും ഇതാവർത്തിച്ചു. ബിഷ്‌ണോയി സമുദായം ആരാധിക്കുന്ന കൃഷ്‌ണമൃഗത്തെ വേട്ടയാടിയ സൽമാനെതിരെ സംഘത്തിന്റെ  വധഭീഷണി നിലനിൽക്കുന്നുണ്ട്‌. ഇതടക്കം എല്ലാ വശങ്ങളും പൊലീസ്‌ പരിശോധിക്കുകയാണ്‌. സിദ്ദിഖിയുമായി അടുത്തബന്ധമുള്ള സൽമാനും അദ്ദേഹത്തിന്റെ വസതിക്കും വൻ സുരക്ഷയേർപ്പെടുത്തി. സിദ്ദിഖി സംഘടിപ്പിക്കുന്ന ഇഫ്‌താർ പാർടികളിൽ വൻ താരനിര എത്താറുണ്ടായിരുന്നു. സൽമാൻ–-ഷാറൂഖ്‌ ഖാൻ പിണക്കം പരിഹരിച്ചതും സിദ്ദിഖിയാണ്‌. ഈ വർഷം ജനുവരിയിലാണ്‌ കോൺഗ്രസ്‌ വിട്ട്‌ സിദ്ദിഖി അജിത്‌ പവാറിന്റെ എൻസിപിയിലെത്തിയത്‌. കൊലപാതകത്തെ രാഷ്‌ട്രീയവൽക്കരിക്കരുതെന്ന്‌ അജിത്‌ പവാർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top