04 December Wednesday

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ; വിമത ഭീഷണിയിൽ സഖ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024


ന്യൂഡൽഹി
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രികകളുടെ സൂഷ്‌മപരിശോധന അവസാനിച്ചതോടെ ബിജെപി സഖ്യമായ മഹായുതിക്കും പ്രതിപക്ഷ സഖ്യമായ മഹാവികാസ്‌ അഖാഡിക്കും (എംവിഎ) നിരവധി സീറ്റുകളിൽ വിമതർ തലവേദനയാകുന്നു. ബിജെപി സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരായി 36 സീറ്റിൽ വിമതരുണ്ട്‌.

19 ബിജെപി നേതാക്കളും 16 ശിവസേനാ ഷിൻഡെ വിഭാഗം നേതാക്കളും വിമതരായി പത്രിക നൽകിയിട്ടുണ്ട്‌. എൻസിപി അജിത്‌ പവാർ വിഭാഗത്തിൽനിന്ന്‌ ഒരാളും രംഗത്തുണ്ട്‌. നവി മുംബൈയിലെ എയ്‌റോളി, മുംബൈയിലെ അന്ധേരി ഈസ്‌റ്റ്‌ തുടങ്ങി സീറ്റുധാരണ പ്രകാരം ബിജെപിക്ക്‌ ലഭിച്ച ഒമ്പത്‌ സീറ്റിൽ ശിവസേനാ ഷിൻഡെ വിഭാഗവും മത്സരിക്കുന്നുണ്ട്‌. അലിബാഗ്‌, കാർജാത്‌, ബുൾദാന തുടങ്ങി ശിവസേനാ ഷിൻഡെ വിഭാഗത്തിന്‌ നൽകിയ 10 സീറ്റിൽ ബിജെപിക്കാരും വിമതരായുണ്ട്‌. ബിജെപിയുടെ ഒമ്പത്‌ മണ്ഡലത്തിൽ എൻസിപി അജിത്‌ പവാർ പക്ഷക്കാർ വിമതരായുണ്ട്‌. എൻസിപിക്ക്‌ ലഭിച്ച ഏഴ്‌ മണ്ഡലങ്ങളിൽ ശിവസേനാ ഷിൻഡെ വിഭാഗവും പത്രിക നൽകിയിട്ടുണ്ട്‌.കോൺഗ്രസിന്റെ 10 വിമതരും ശിവസേനാ ഉദ്ധവ്‌ വിഭാഗത്തിന്റെ നാല്‌ വിമതരും പത്രിക സമർപ്പിച്ചു.

എംവിഎയിൽ ഏറ്റവും കൂടുതൽ വിമതശല്യം നേരിടുന്ന കോൺഗ്രസിന്‌ പാളയത്തിൽ തന്നെയാണ്‌ പട. മാൻഖുർഡ്‌ ശിവാജിനഗർ, വെർസോവ, മെഹ്‌കർ തുടങ്ങിയ മണ്ഡലങ്ങളിൽ കോൺഗ്രസ്‌ നേതാക്കൾ തന്നെയാണ്‌ വിമതരായി പത്രിക സമർപ്പിച്ചു. പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ നവംബർ നാലിന്‌ മുമ്പായി വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ പ്രധാന രാഷ്ട്രീയ പാർടികൾ.

ഡിജിപിയെ 
നീക്കണമെന്ന്‌ 
പ്രതിപക്ഷം
മഹാരാഷ്ട്രയിൽ ഭരണമുന്നണിയായ മഹായുതിയെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്ന സംസ്ഥാന ഡിജിപി രശ്‌മി ശുക്ലയെ നീക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സഖ്യമായ മഹാവികാസ്‌ അഖാഡി (എംവിഎ) രംഗത്ത്‌.  രശ്‌മി ശുക്ല ഡിജിപി സ്ഥാനത്ത്‌ തുടരുന്നിടത്തോളം സംസ്ഥാനത്ത്‌ നീതിപൂർവമായ തെരഞ്ഞെടുപ്പ്‌ നടക്കില്ലെന്ന്‌ ചൂണ്ടിക്കാട്ടി കോൺഗ്രസും ശിവസേനാ ഉദ്ധവ്‌ വിഭാഗവും കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്‌ കത്തയച്ചു.

പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ രശ്‌മി ശുക്ലയുടെ നിർദേശപ്രകാരം പൊലീസ്‌ ചോർത്തുന്നുവെന്ന ആക്ഷേപം ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ്‌ മുഖ്യമന്ത്രിയായിരിക്കെ ഉയർന്നിരുന്നു. ഉദ്ധവ്‌ താക്കറെയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ എംവിഎ സർക്കാർ അന്വേഷിക്കുകയും രശ്‌മി ശുക്ല ക്ഷമാപണം നടത്തുകയും ചെയ്‌തിരുന്നു. ഏക്‌നാഥ്‌ ഷിൻഡെ സർക്കാർ അധികാരത്തിലെത്തിയശേഷം രശ്‌മി ശുക്ല വീണ്ടും പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ ചോർത്തുന്നുവെന്നാണ്‌ ആക്ഷേപം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top