Deshabhimani

മഹാരാഷ്‌ട്രയിൽ ആദ്യഘട്ട 
സ്ഥാനാർഥിപ്പട്ടിക ഇന്നുണ്ടായേക്കും ; ഒറ്റയ്‌ക്ക് സഖ്യമുണ്ടാക്കാൻ ചെറുപാർടികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 02:29 AM | 0 min read


ന്യൂഡൽഹി
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് സഖ്യമുണ്ടാക്കി മത്സരിക്കാനുള്ള നീക്കവുമായി ചെറുപാർടികൾ. പ്രഹർ ജനശക്തി, സ്വരാജ്പാർടി, സ്വാഭിമാനിപക്ഷ എന്നീ പാർടികൾ ചേർന്ന് ഐക്യമുന്നണി രൂപീകരിക്കാൻ ലക്ഷ്യമിട്ട് രണ്ടാം യോഗം പുണെയിൽ ചേർന്നു. പ്രഹർ ജനശക്തി നേതാവ് ബച്ചു കടു, സ്വരാജ് സ്ഥാപകൻ ഛത്രപതി സംഭാജിരാജെ, സ്വാഭിമാനി പക്ഷ നേതാവ് രാജുഷെട്ടി എന്നിവരാണ് യോഗം ചേർന്നത്.

അമരാവതി ജില്ലയിൽ സ്വാധീനമുള്ള നേതാവാണ് ബച്ചു കടു. പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ ഷെട്ടിക്കും കോലാപ്പൂരിന്റെ ചില ഭാഗങ്ങളിൽ സംഭാജിരാജെക്കും സ്വാധീനമുണ്ട്. മൂവരും കർഷക പശ്ചാത്തലമുള്ള നേതാക്കളാണ്. ഇവർ വോട്ട് ഭിന്നിപ്പിച്ചാൽ മഹാവികാസ് അഘാഡിയുടെ സാധ്യതകൾക്ക് തിരിച്ചടിയാകും. ഒറ്റയ്‌ക്ക് മത്സരിച്ച്‌ ഹരിയാനയിൽ തിരിച്ചടിയേറ്റ കോൺഗ്രസ്‌, മഹാരാഷ്‌ട്രയിൽ ചെറുപാർടികളെ ഒപ്പം ചേർക്കുമെന്ന് പറഞ്ഞിരുന്നു. പിസിസി അധ്യക്ഷൻ നാനാപടോളെയാണ്‌ ചെറുപാർടികളെ മഹാവികാസ്‌ അഘാഡി(എംവിഎ)യിൽ ഉൾപ്പെടുത്തി സീറ്റ്‌ നൽകുമെന്ന്‌ പറഞ്ഞത്‌. ചെറുപാർടികളെ അകറ്റി നിർത്തി ഹരിയാനയിൽ തോറ്റ കോൺഗ്രസിന്‌ ഇന്ത്യകൂട്ടായ്‌മയിൽനിന്ന്‌ രൂക്ഷവിമർശം ഏറ്റിരുന്നു. മഹാരാഷ്‌ട്രയിലെ പ്രധാന സഖ്യകക്ഷിയായ ശിവസേന ഉദ്ദവ്‌ വിഭാഗം അതിരൂക്ഷമായാണ്‌ കോൺഗ്രസിനെതിരെ തിരിഞ്ഞത്‌.

പതിനെട്ടിന്‌ മഹാരാഷ്‌ട്ര, ജാർഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നിരിക്കേ മറ്റ് പാർടികളുമായി ചർച്ച അതിവേഗം പൂർത്തിയാക്കേണ്ടതുണ്ട്‌. ദസറ ദിനമായ ശനിയാഴ്‌ച ആദ്യഘട്ട സ്ഥാനാർഥി പട്ടിക എംവിഎ പുറത്തിറക്കിയേക്കും. മറാത്ത്‌വാഡ, വിദർഭ മേഖലകളിലെ 150 സീറ്റുകളിലേക്കാണ്‌ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ സാധ്യത. ആകെയുള്ള 288 സീറ്റിൽ 110–-115 സീറ്റുകളിൽ മത്സരിക്കാനാണ്‌ കോൺഗ്രസ്‌ ലക്ഷ്യമിടുന്നത്‌. എൻസിപി, ശിവസേന പാർടികൾ 80 സീറ്റിലും മത്സരിച്ചേക്കും. ബാക്കി 13 സീറ്റ്‌ മറ്റ് പാർടികൾക്കും നൽകും.
 



deshabhimani section

Related News

View More
0 comments
Sort by

Home