Deshabhimani

അഘാഡി സർക്കാരിനെ അട്ടിമറിച്ചത്‌ അദാനിയോ ? ചോദ്യവുമായി ഉദ്ദവ്‌ ; അജിത് പവാറിന്റെ വെളിപ്പെടുത്തലിൽ കുലുങ്ങി മഹായുതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 02:19 AM | 0 min read


ന്യൂഡൽഹി
അഞ്ചുവർഷം മുമ്പ്‌ മഹാരാഷ്‌ട്രയിൽ ബിജെപിക്ക്‌ അധികാരം പിടിക്കാൻ ശതകോടീശ്വരൻ ഗൗതം അദാനി ഇടനിലക്കാരനായെന്ന ഉപമുഖ്യമന്ത്രി അജിത്‌ പവാറിന്റെ വെളിപ്പെടുത്തലിൽ കലങ്ങിമറിഞ്ഞ്  സംസ്ഥാന രാഷ്ട്രീയം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കെ, ബിജെപി–- അദാനി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കിയത് മഹായുതി സർക്കാരിനെ പ്രതിരോധത്തിലാക്കി.

തന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ പണമിറക്കിയത്‌ അദാനിയാണോയെന്ന്‌ ശിവസേന(യുബിടി) നേതാവ്‌ ഉദ്ദവ്‌ താക്കറെ ചോദിച്ചു. "എന്റെ സർക്കാരിനെ താഴെയിറക്കാൻ പണമിറക്കിയതാരാണ്‌. വിമത എംഎൽഎമാർക്ക്‌ അമ്പത്‌ കോടിരൂപ വീതമാണ്‌ നൽകിയത്‌. മുംബൈ പിടിച്ചെടുക്കാനാണ്‌ ഇപ്പോൾ ശ്രമിക്കുന്നത്. അത്‌ അനുവദിക്കില്ല'–- സിന്ധുദുർഗ് ജില്ലയിലെ പ്രചാരണ യോഗത്തിൽ ഉദ്ദവ്‌ പറഞ്ഞു.

ഏക്‌നാഥ്‌ ഷിൻഡെ സർക്കാർ അദാനിക്ക്‌ നൽകിയ 20,000 കോടിരൂപയുടെ ധാരാവി പുനർവികസന പദ്ധതി കരാർ അഘാഡി സർക്കാർ അധികാരത്തിലെത്തിയാൽ റദ്ദാക്കുമെന്ന് ഒരു അഭിമുഖത്തിൽ ഉദ്ദവ്‌ പറഞ്ഞു. അദാനിയുടെ കരാറിന്‌ സുതാര്യതയില്ലാത്തതിനാൽ തന്റെ സർക്കാർ അത്‌  റദ്ദാക്കിയിരുന്നു. നിക്ഷേപകരുടെ ദുബായ്‌ ബന്ധവും സംശയാസ്‌പദമായിരുന്നു –- ഉദ്ദവ്‌ പറഞ്ഞു. 

വിവാദം കത്തിയതോടെ മുൻ പ്രസ്താവനയിൽ നിന്ന് അജിത് പവാർ മലക്കം മറിഞ്ഞു. "തന്റെ പ്രസ്‌താവന തെറ്റിദ്ധരിക്കപ്പെട്ടു. ഡൽഹിയിലെ പലയിടത്തും വെച്ച്‌ ആറ്‌ ചർച്ച നടന്നു. അദാനിയുടെ ഗസ്റ്റ്‌ഹൗസിലും ചർച്ച നടന്നു. എന്നാൽ അദാനി പങ്കെടുത്തില്ല.' –- അജിത്‌ പവാർ വ്യാഴാഴ്‌ച പറഞ്ഞു. അദാനിയുടെ ഗസ്റ്റ്‌ഹൗസിൽ എന്തിനാണ്‌ സർക്കാർ രൂപീകരണ ചർച്ചയെന്ന്‌ വിശദീകരിക്കാൻ അജിത്‌ പവാർ തയ്യാറായില്ല.



deshabhimani section

Related News

0 comments
Sort by

Home