14 October Monday

മാധബി പുരിയുടെ സ്ഥാപനം പണം കൈപ്പറ്റി ; പുതിയ വെളിപ്പെടുത്തല്‍

പ്രത്യേക ലേഖകൻUpdated: Wednesday Sep 11, 2024


ന്യൂഡൽഹി
ഓഹരിവിപണിയിലെ പരമോന്നത നിയന്ത്രണ ഏജന്‍സിയായ സെബിയുടെ മേധാവി മാധബി പുരി ബുച്ചിന്റെ ഉടമസ്ഥതയിലുള്ള അഗോറ അഡ്‌വൈസറി എന്ന സ്ഥാപനം മഹീന്ദ്ര ആൻഡ്‌ മഹീന്ദ്ര, ഡോ. റെഡ്ഡീസ്‌ ലബോറട്ടീസ്‌ തുടങ്ങിയ കമ്പനികളിൽനിന്ന്‌ കൺസൾട്ടൻസി ഫീസ്‌ വാങ്ങിയെന്ന്‌ വെളിപ്പെടുത്തൽ. 2016–-2017 മുതൽ 2023–-2024 വരെ 2.95 കോടി രൂപയാണ്‌ അഗോറയ്‌ക്ക്‌ ഈ കമ്പനികളിൽനിന്ന്‌ ലഭിച്ചത്‌. സെബി ഡയറക്ടർമാരോ ചെയർപേഴ്‌സണോ ഇതര സ്ഥാപനങ്ങളിൽനിന്ന്‌ പ്രതിഫലം കൈപ്പറ്റരുതെന്ന വ്യവസ്ഥയുടെ ലംഘനമാണിത്‌. അഗോറയും മാധബിയുടെ ഭർത്താവ്‌ ധാവൽ ബുച്ചും മഹീന്ദ്ര ആൻഡ്‌ മഹീന്ദ്രയിൽനിന്ന്‌ മറ്റൊരു 4.78 കോടി രൂപ പ്രതിഫലമായി വാങ്ങിയെന്നും കോൺഗ്രസ്‌ വക്താവ്‌ പവൻ ഖേര ആരോപിച്ചു.

ഹിൻഡൻബർഗ്‌ റിസർച്ച്‌ റിപ്പോർട്ടിൽ അഗോറയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ താൻ സെബിയിൽ ചുമതലയേറ്റശേഷം അഗോറ നിഷ്‌ക്രിയമാക്കിയെന്നാണ്‌ മാധബി പുരി പ്രതികരിച്ചത്‌. ഇത്‌ കളവാണെന്ന്‌ പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. 2017ൽ സെബിയിൽ പൂർണസമയ ഡയറക്ടറായ മാധബി പുരി 2022ൽ ചെയർപേഴ്‌സണുമായി. 2016 മുതൽ ഇക്കൊല്ലം വരെ അഗോറ നൽകിയ കൺസൾട്ടൻസി സേവനങ്ങൾക്ക്‌ പ്രതിഫലം ലഭിച്ചു. 2018 മാർച്ച്‌ 26, 2019 മെയ്‌ 31, 2020 ഏപ്രിൽ 21, 2020 ജൂലൈ 21, 2021 ആഗസ്‌ത്‌ 27 എന്നീ തീയതികളിൽ മഹീന്ദ്ര ആൻഡ്‌ മഹീന്ദ്രയ്‌ക്ക്‌ അനുകൂലമായി സെബി ഉത്തരവുകൾ ഇറക്കിയിട്ടുണ്ടെന്നും ഖേര ആരോപിച്ചു.

അതേസമയം ധാവൽ ബുച്ച്‌ മഹീന്ദ്ര ആൻഡ്‌ മഹീന്ദ്രയിൽ ജോലി ചെയ്‌തിട്ടുണ്ടെന്നും സപ്ലൈ ചെയിൻ മാനേജ്‌മെന്റിൽ അദ്ദേഹത്തിനുള്ള വൈദഗ്‌ധ്യം പരിഗണിച്ചാണ്‌ ജോലിക്ക്‌ എടുത്തതെന്നും കമ്പനി പ്രതികരിച്ചു. ഐസിഐസിഐ ബാങ്കിൽനിന്ന്‌ മാധബി പുരിക്ക്‌ 16 കോടിയിൽപരം രൂപ ലഭിച്ചതായി നേരത്തെ വെളിപ്പെടുത്തൽ വന്നിരുന്നു. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള വിദേശകമ്പനികളിൽ മാധബി പുരിയുടെ കുടുംബത്തിന്‌ നിക്ഷേപമുണ്ടെന്നും വെളിപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top