25 June Tuesday

ചീഫ‌്ജസ‌്റ്റിസിന‌് എതിരായ ആരോപണം; പരാതിക്കാരിക്ക‌് നീതി ലഭിച്ചില്ലെന്ന‌് മുൻ ജഡ‌്ജി മദൻ ലോക്കുർ

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

ന്യൂഡൽഹി> സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്ക‌് എതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിക്ക‌് നീതി ലഭിച്ചില്ലെന്ന‌് മുൻ ജഡ‌്ജി മദൻ ബി ലോക്കുർ. അനീതിയുണ്ടായിട്ടുണ്ടെന്നത‌് വ്യക്തമാണെന്ന‌് മദൻ ബി ലോക്കുർ ‘ഇന്ത്യൻ എക‌്സ‌്പ്രസി’ൽ എഴുതിയ ലേഖനത്തിൽ വിവരിക്കുന്നു.

യുവതിയുടെ പരാതി വാർത്തയായതോടെ ഏപ്രിൽ 20ന‌് സുപ്രീംകോടതി സെക്രട്ടറി ജനറൽ ആരോപണങ്ങൾ തള്ളി പ്രസ‌്താവന ഇറക്കി. ഇതിന‌് പിന്നാലെ ആ ദിവസം തന്നെ ചീഫ‌്ജസ‌്റ്റിസ‌് അധ്യക്ഷനായ ബെഞ്ച‌് വിഷയം പരിഗണിച്ചതിൽ നിയമപരമായ അനൗചിത്യമുണ്ട‌്. രേഖകളിൽ ചീഫ‌്ജസ‌്റ്റിസിന്റെ പേര‌് വേണ്ടെന്ന‌് തീരുമാനിച്ചത‌ും അസാധാരണമായ നടപടിയാണ‌്. തനിക്ക‌് എതിരായ പരാതി അന്വേഷിക്കാൻ ചീഫ‌്ജസ‌്റ്റിസ‌് തന്നെ ആഭ്യന്തരസമിതിക്ക‌് രൂപം നൽകിയ നടപടിയും ശരിയായില്ല.

പരാതി ഉന്നയിച്ചതിനെ തുടർന്ന‌് അകാരണമായ വേട്ടയാടൽ നേരിടേണ്ടി വന്നുവെന്ന യുവതിയുടെ ആരോപണം അന്വേഷിക്കാത്ത ആഭ്യന്തരസമിതിയുടെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. സ്ഥാപനത്തിന്റെ വിശ്വാസ്യത നിലനിർത്താൻ സമിതി അംഗങ്ങളായ ജഡ‌്ജിമാരോ സുപ്രീംകോടതി തന്നെയോ രംഗത്ത‌് വരണമെന്നും മദൻ ബി ലോക്കുർ ആവശ്യപ്പെട്ടു.

സുപ്രീംകോടതി മുൻ ചീഫ‌്ജസ‌്റ്റിസ‌് ദീപക‌്മിശ്രയ‌്ക്ക‌് എതിരെ വാർത്താസമ്മേളനം നടത്തിയ അഞ്ച‌ു ജഡ‌്ജിമാരിൽ ഒരാളായിരുന്നു മദൻ ബി ലോക്കുർ. ഇപ്പോഴത്തെ ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയും അന്ന‌് വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.


പ്രധാന വാർത്തകൾ
 Top