20 March Wednesday

നാഗേശ്വരറാവുവിന് സംഘപരിവാറുമായി ഉറ്റബന്ധം

സ്വന്തം ലേഖകൻUpdated: Saturday Oct 27, 2018

ന്യൂഡൽഹി > സിബിഐ താൽക്കാലിക ഡയറക്ടറായി കേന്ദ്രസർക്കാർ നിയമിച്ച എം നാഗേശ്വരറാവുവിന് ആർഎസ‌്എസുമായും ബിജെപിയുമായും അടുത്ത ബന്ധം. തെലങ്കാന വാറങ്കൽ സ്വദേശിയായ നാഗേശ്വരറാവു ആർഎസ‌്എസ് ബന്ധമുള്ള  സംഘടനകളില്‍ സജീവമാണെന്ന്  ദേശീയമാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു.

ക്ഷേത്രങ്ങളെ സംസ്ഥാനങ്ങളുടെ നിയന്ത്രണങ്ങളിൽനിന്ന‌് മോചിപ്പിക്കുക, ന്യൂനപക്ഷങ്ങൾക്ക‌് അനുകൂലവും ഹിന്ദുക്കൾക്ക‌് പ്രതികൂലവുമായ നിയമങ്ങൾ റദ്ദാക്കുക, മാംസ കയറ്റുമതിക്ക‌് നിരോധനമേർപ്പെടുത്തി രാജ്യത്തിന്റെ സാംസ‌്കാരികത്തനിമ സംരക്ഷിക്കുക– തുടങ്ങിയ ആവശ്യങ്ങൾ മുന്നിൽനിർത്തി പ്രവർത്തിക്കുന്ന സംഘടനകളാണിവ. ആർഎസ‌്എസ‌് ദേശീയ വക്താവും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ റാംമാധവിന്റെ അടുത്ത സുഹൃത്ത‌് കൂടിയാണ‌് നാഗേശ്വരറാവു.

ബിജെപിയുടെ മുതിർന്ന നേതാവ‌ും ഉപരാഷ്ട്രപതിയുമായ എം  വെങ്കയ്യനായിഡുവുമായും അടുത്ത ബന്ധമുണ്ട‌്. നരേന്ദ്ര മോഡി സർക്കാരിനുകീഴില്‍ തഴച്ചുവളരുന്ന  ഇന്ത്യാഫൗണ്ടേഷൻ, വിവേകാനന്ദ ഇന്റർനാഷണൽ  ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളുടെ പരിപാടികളിൽ അദ്ദേഹം സ്ഥിരമായി പങ്കെടുക്കാറുണ്ട‌്.

സംഘപരിവാർ ആശയങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഏഴുപേർ ചേർന്ന‌് അടുത്തിടെ രൂപീകരിച്ച ‘ഹിന്ദു ചാർട്ടർ ഓഫ‌് ഡിമാന്റ‌്സിന‌്’ പിന്നിൽ നാഗേശ്വരറാവുവിന‌് വലിയ പങ്കുണ്ടെന്ന‌ വാർത്തകളും പുറത്തുവന്നിട്ടുണ്ട‌്. ‘ഹിന്ദു ചാർട്ടർ ഓഫ‌് ഡിമാന്റ‌്സ‌്’– രൂപീകരണത്തിന്റെ ഭാഗമായി ശ്രീജൻ ഫൗണ്ടേഷൻ ഡൽഹിയിലെ നാഷണൽ ട്രസ‌്റ്റ‌് ഫോർ ആർട്ട‌് ആൻഡ‌് കൾച്ചറൽ ഹെറിറ്റേജ‌് ആഗ‌സ‌്ത‌് 25ന‌് സംഘടിപ്പിച്ച പരിപാടിയിൽ നാഗേശ്വരറാവുവും പങ്കെടുത്തു.

‘ഇടതുപക്ഷ, മാർക‌്സിസ‌്റ്റ‌് ചരിത്രകാരന്മാരുടെ ദേശവിരുദ്ധവും ഹിന്ദുത്വവിരുദ്ധവുമായ ചരിത്രം മാറ്റി, ഭാരതീയ വീക്ഷണകോണിലുള്ള ചരിത്രം’ നിർമിക്കുകയാണ‌് ശ്രീജൻ ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന‌് സംഘടന വെബ‌്സൈറ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സിബിഐ സ‌്പെഷ്യൽ ഡയറക്ടറും മോഡിയുടെയും അമിത് ഷായുടെയും വിശ്വസ‌്തനുമായ ഗുജറാത്ത‌് കേഡർ ഉദ്യോഗസ്ഥൻ രാകേഷ‌് അസ‌്താനയ‌്ക്ക‌് എതിരെ ഉയർന്ന അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേസ‌് എടുത്തതിന‌് പിന്നാലെയാണ‌് സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന‌് നിർബന്ധിത അവധി എടുക്കാൻ സർക്കാർ അലോക‌്‌ വർമയോട‌് നിർദേശിച്ചത‌്.

വിവാദമായ റഫേൽ ഇടപാടിനെ കുറിച്ചുള്ള പരാതികൾ അലോക‌്‌ വർമയുടെ പരിഗണനയിൽ ഉണ്ടായിരുന്നു. ബുധനാഴ‌്ച പുലർച്ചെ അസാധാരണ ഉത്തരവിലൂടെ താൽക്കാലിക ഡയറക്ടർ പദവിയിൽ എത്തിയ നാഗേശ്വരറാവു ആദ്യം ചെയ‌്ത കാര്യം, അസ‌്താനയ‌്ക്ക‌് എതിരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനുൾപ്പെടെയുള്ളവരെ സ്ഥലംമാറ്റി ഉത്തരവ‌് പുറപ്പെടുവിക്കലാണ‌്. ഒഡിഷ കേഡർ ഉദ്യോഗസ്ഥനും സിബിഐ ജോയിന്റ‌് ഡയറക്ടറുമായ നാഗേശ്വരറാവുവിന‌് എതിരെ നിരവധി അഴിമതി ആരോപണങ്ങളും നിലവിലുണ്ട‌്.

ഹിന്ദുസ്ഥാൻ ടെലിപ്രിന്റേഴ്സ‌് ലിമിറ്റഡിന്റെ ശതകോടികൾ വിലമതിക്കുന്ന ചെന്നൈയിലെ ഭൂമി വിജിഎൻ ഡെവലപ്പേഴ്സ‌് എന്ന റിയൽഎസ‌്റ്റേറ്റ‌് കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം റാവു ഇടപെട്ട‌് അട്ടിമറിച്ചതായി തമിഴ‌് വാർത്താപോർട്ടൽ ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്ന അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണ‌് നാഗേശ്വരറാവുവെന്ന‌് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത‌്ഭൂഷൺ പ്രതികരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top