23 March Saturday

ദ്രാവിഡ സൂര്യന‌് തമിഴകത്തിന്റെ യാത്രാമൊഴി

ഇ എൻ അജയകുമാർUpdated: Thursday Aug 9, 2018

ചെന്നൈ
ആയിരങ്ങളെ സാക്ഷിയാക്കി ദ്രാവിഡ സൂര്യൻ കലൈഞ്ജർ എം കരുണാനിധിക്ക‌്  തമിഴകത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മറീന ബീച്ചിൽ സി എൻ അണ്ണാദുരൈ അന്ത്യവിശ്രമം കൊള്ളുന്ന സമാധിക്കടുത്ത‌് സൈന്യം നല്‍കിയ ഔദ്യോഗിക ബഹുമതികളോടെയാണ‌് സംസ‌്കാരം നടന്നത‌്. ബുധനാഴ്ച വൈകിട്ട‌് നാലിന‌് രാജാജി ഹാളിൽനിന്ന‌് ആരംഭിച്ച വിലാപയാത്ര വൈകിട്ട‌് ആറോടെ  വാനന്ദ റോഡ‌്, പെരിയാർ റോഡ‌്, വാലാജാ റോഡ‌് വഴി മറീന ബീച്ചിലെത്തുമ്പോഴേക്കും പൊതുനിരത്തുകളുടെ ഇരുവശവും ജനനിബിഡമായി. വഴിനീളെ പൂക്കൾ വിതറിയും പൂമാലകൾ ചാർത്തിയുമാണ‌് വിലാപയാത്രയെ ജനങ്ങൾ സ്വീകരിച്ചത്‌. ‘തലൈവാ തിരുമ്പി വാ’(നേതാവേ തിരിച്ചു വരൂ) എന്നു അലറിവിളിക്കുന്ന ജനക്കൂട്ടമായിരുന്നു എങ്ങും.

ചൊവ്വാഴ‌്ച വൈകിട്ട‌് 6.10നാണ‌്  ദ്രാവിഡ രാ‌ഷ‌്ട്രീയത്തിന്റെ അവശേഷിക്കുന്ന കണ്ണികളിലൊരാളായ ഡിഎംകെ അധ്യക്ഷൻ എം കരുണാനിധി കാവേരി ആശുപത്രിയിൽ നിര്യാതനായത‌്. തുടര്‍ന്ന്  ഗോപാലപുരത്തെ  കരുണാനിധിയുടെ വീട്ടിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിനു വച്ചു. മരണവാർത്ത അറിഞ്ഞതുമുതൽ തമിഴ‌്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് ഒഴുകിയെത്തിയ ജനസഞ്ചയം  തങ്ങളുടെ നേതാവിന‌് ആദരാഞ്ജലി അർപ്പിച്ചു. ബുധനാഴ‌്ച പുലർച്ചെ നാലു മുതൽ രാജാജി ഹാളിലായിരുന്നു  പൊതുദർശനം.

കല, സാഹിത്യം, സിനിമ, രാഷ‌്ട്രീയ മേഖലകളിൽനിന്ന‌് നൂറുകണക്കിനാളുകളാണ‌്  അന്ത്യോപചാരം എത്തിയത‌്. പ്രധാനമന്ത്രി നരേന്ദ്രമോഡി, മുന്‍ പ്രധാനമന്ത്രി എച്ച്  ഡി ദേവ​ഗൗഡ,  കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി സദാശിവം, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ‌്നാട‌് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർശെൽവം,  ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായി‍ഡു, സിപിഐ  എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ‌് ബ്യൂറോ അംഗങ്ങളായ പ്രകാശ‌് കാരാട്ട‌്, ജി രാമകൃഷ‌്ണൻ, തമിഴ‌്നാട‌് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ‌്ണൻ, കോൺഗ്രസ‌് പ്രസിഡന്റ‌് രാഹുൽഗാന്ധി,  ടി  കെ രംഗരാജൻ എംപി, ഫാറൂഖ‌് അബ‌്ദുള്ള, ശരത‌് പവാർ,  സിപിഐ നേതാക്കളായ മുത്തരശൻ, ആർ നല്ലക്കണ്ണ‌്, ഡി രാജ, തമിഴ‌്നാട‌് കോൺഗ്രസ‌് നേതാവ‌് തിരുനാവുക്കരശ‌്, ഡിപിഐ നേതാവ‌് തിരുമാവളവൻ, പി എം നേതാക്കളായ രാമദാസ‌്, അൻപുമണി രാമദാസ‌്,  വൈക്കോ, ബിജെപി സംസ്ഥാന പ്രസിഡന്റ‌് തമിഴിശൈ സൗന്ദരരാജൻ, എൽ ഗണേശൻ, ദ്രാവിഡ കഴകം നേതാവ‌് കെ വീരമണി, കോൺഗ്രസ‌് നേതാവ‌് ഉമ്മൻചാണ്ടി,  സിനിമാരംഗത്തുനിന്ന‌് രജനീകാന്ത‌്, കമൽഹാസൻ, വിശാൽ, അജിത‌്, സൂര്യ, ശിവകുമാർ, വടിവേലു, കുശ‌്ബു, സ‌്നേഹ എന്നീ വന്‍നിരതന്നെ രാജാജി ഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിപ്പിച്ചു. കോൺഗ്രസ‌് നേതാവ‌് സോണിയ ഗാന്ധി, നടൻ വിജയകാന്ത‌് എന്നിവർ അനുശോചന സന്ദേശമയച്ചു.

സ‌്കൂൾവിദ്യാഭ്യാസംമാത്രമുള്ള കരുണാനിധിയെ തമിഴ‌്ജനത വിളിച്ചത‌് തമിഴിൻ മറ്റൊരു പേര‌് എന്നാണ‌്. തമിഴ‌് വാക്കുകൾ കൊണ്ട‌് അദ്ദേഹം ഇന്ദ്രജാലം സൃഷ്ടിച്ചു. തമിഴ‌് ഭാഷയ‌്ക്ക‌് സമാനതകളില്ലാത്ത സംഭാവനയാണ‌് കരുണാനിധി നല്‍കിയത്. ശിവാജിഗണേശൻ അഭിനയിച്ച പരാശക്തി എന്ന ഒരൊറ്റ സിനിമ മതി തമിഴിന്റെ ശക്തി കരുണാനിധി എങ്ങനെ ഉപയോഗിച്ചു എന്നറിയാൻ. തമിഴ‌്ഭാഷയുടെ വളർച്ചയ‌്ക്ക‌് അവഗണിക്കാനാവാത്ത സംഭാവന നൽകുന്നതിൽ എന്നും കലൈഞ്ജര്‍ മുന്നിലായിരുന്നു. അതുകൊണ്ടുതന്നെ രാഷ‌്ട്രീയ വ്യത്യാസമില്ലാതെ നേതാക്കളും പ്രവർത്തകരും അന്ത്യോപചാരമർപ്പിക്കാൻ ഒഴുകിയെത്തി.

പിരിമുറുക്കങ്ങൾക്കൊടുവിൽ അണ്ണാസമാധിക്കരികിൽ
ചെന്നൈ
കരുണാനിധിയുടെ മൃതദേഹം സംസ‌്കരിക്കാൻ  മറീന ബീച്ചിനുപകരം സർദാർ വല്ലഭായ‌് പട്ടേൽ റോഡിൽ ഗാന്ധിമണ്ഡപത്തിന് അരികിൽ രണ്ടരേക്കർ അനുവദിക്കാമെന്ന‌ായിരുന്നു തമിഴ്‌നാട്‌ സര്‍ക്കാര്‍. എന്നാൽ  അണ്ണാദുരൈയുടെ സമാധിക്കരികിൽ സംസ‌്കരിക്കണമെന്ന‌് ഡിഎംകെ ഉറച്ച നിലപാട‌് എടുത്തു.  ഡിഎംകെ ഓർഗനൈസിങ്   ജനറൽ സെക്രട്ടറി ആർ എസ‌് ഭാരതി  ചൊവ്വാഴ്ച രാത്രി തന്നെ ഹൈക്കോടതിയെ സമീപിച്ചു. അഡ്വ.  പി വിൽസൺ ഡിഎംകെക്ക‌് വേണ്ടി ഹാജരായി.

എംജി ആറിന്റെ ഭാര്യയും മുഖ്യമന്ത്രിയുമായിരുന്ന    വി എൻ ജാനകിയുടെ മൃതദേഹം മറീന ബിച്ചിൽ സംസ‌്കരിക്കാൻ അന്ന‌്  മുഖ്യമന്ത്രിയായിരുന്ന കരുണാനിധി അനുമതി നൽകിയില്ല. മാത്രമല്ല മറീന ബീച്ചിൽ മൃതദേഹങ്ങൾ സംസ‌്കരിക്കുന്നതിനെതിരെ ട്രാഫിക്ക‌് രാമസ്വാമി എന്ന പൊതുപ്രവർത്തകൻ അടക്കം ആറുപേർ നൽകിയ പൊതുതാൽപ്പര്യഹർജികൾ നിലവിലുണ്ട‌് എന്നിവ സർക്കാർ ചൂണ്ടിക്കാട്ടി.  ഇതോടെ  ചെന്നൈ ഹൈക്കോടതി  ഡിഎംകെയുടെ ഹര്‍ജിയില്‍  ചൊവ്വാഴ്ച രാത്രി പത്തര വരെ   വാദം കേട്ടു. തുടർന്ന‌് കൂടുതൽ വാദത്തിനായി ബുധനാഴ‌്ച രാവിലെ എട്ടിലേക്ക് മാറ്റി.  സർക്കാർ വാദത്തിന‌് മതിയായ പിൻബലമില്ലെന്ന‌് ബുധനാഴ്ച രാവിലെ  കോടതി കണ്ടെത്തി. തുടർന്ന‌്  അണ്ണാദുരൈ സ‌്മാരകത്തിനകത്ത‌് ഉചിതമായ സ്ഥലം നൽകാൻ ഹൈക്കോടതി ആക്ടിങ് ചീഫ്  ജസ‌്റ്റീസ‌് കുലുവാടി ജി രമേഷ‌്, സുന്ദർ എന്നിവരടങ്ങളിയ ബെഞ്ച‌് ഉത്തരവിട്ടു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top