20 June Thursday

യുപി; കാവി രാഷ്ട്രീയത്തെ ഭാഗികമായി ചെറുത്തത്‌ മഹാസഖ്യം

എം പ്രശാന്ത‌്Updated: Friday May 24, 2019

ന്യൂഡൽഹി> ഉത്തർപ്രദേശിൽ എസ‌്പിയും ബിഎസ‌്പിയും ആർഎൽഡിയും ചേർന്ന‌് രൂപീകരിച്ച മഹാസഖ്യം പ്രതീക്ഷിച്ച നേട്ടം കൈവരിച്ചില്ലെങ്കിലും ഹിന്ദി ഹൃദയഭൂമിയിലെ മറ്റ‌് സംസ്ഥാനങ്ങൾക്ക‌് സമാനമായി എൻഡിഎയുടെ പൂർണമായ കുതിപ്പിന‌് തടയിടുന്നതിൽ വിജയിച്ചു. ഹിന്ദി ഹൃദയഭൂമിയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 2014 ലെ ജയം ആവർത്തിക്കുകയോ അതിലും മുന്നേറുകയോ ചെയ‌്തപ്പോൾ യുപിയിൽ മാത്രം പിന്നോക്കം പോയി. യുപി ഒഴികെ മറ്റെല്ലാ ഹിന്ദി ഭാഷാ സംസ്ഥാനങ്ങളിലും കോൺഗ്രസോ അവർ ഉൾപ്പെടുന്ന മുന്നണിയോ ആണ‌് ബിജെപിയെ നേരിട്ടത‌്.

ബിജെപിയെ ഹിന്ദി മണ്ണിൽ തടുക്കുന്നതിൽ കോൺഗ്രസ‌് പൂർണമായും പരാജയപ്പെട്ടപ്പോൾ ഭാഗികമായെങ്കിലും പിടിച്ചുനിൽക്കാൻ മഹാസഖ്യത്തിനായി. സഖ്യത്തിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച‌് യുപിയിലെ എഴുപതിലേറെ സീറ്റുകളിൽ മൽസരിക്കാനുള്ള കോൺഗ്രസ‌് തീരുമാനമാണ‌് ബിജെപിയുടെ വഴി എളുപ്പമാക്കിയത‌്. കോൺഗ്രസിന്റെ സാന്നിധ്യം കൊണ്ടുമാത്രം പത്തിനടുത്ത‌് സീറ്റുകൾ യുപിയിൽ മഹാസഖ്യത്തിന‌് നഷ്ടമായി. ലോക‌്സഭയിലെ പ്രാതിനിധ്യം മുന്നൂറിലേക്ക‌് ഉയർത്താൻ ഈയൊരൊറ്റ കാരണത്താൽ ബിജെപിക്ക‌് കഴിഞ്ഞു.

യുപിയിൽ ബിജെപിക്ക‌് 49.6 ശതമാനം വോട്ടാണ‌് ലഭിച്ചത‌്. 2014 ലേതിനേക്കാൾ ഏഴു ശതമാനം കൂടുതൽ. വോട്ടുശതമാനം ഗണ്യമായി കൂടിയിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ച ഒമ്പത‌ു സീറ്റ‌് ബിജെപിക്ക‌് നഷ്ടപ്പെട്ടു. രണ്ട‌് സീറ്റ‌് ലഭിച്ച അപ‌്നാദളിന്റെ വോട്ടു കൂടി ചേർക്കുമ്പോൾ എൻഡിഎയ‌്ക്ക‌് അമ്പതു ശതമാനത്തിലേറെ വോട്ട‌് യുപിയിൽ ലഭിച്ചു. വോട്ടുനില അമ്പതു കടന്ന മറ്റ‌് സംസ്ഥാനങ്ങളിലെല്ലാം എല്ലാ സീറ്റുകളിലും എൻഡിഎ ജയിച്ചു. എന്നാൽ, യുപിയിൽ മാത്രം 16 സീറ്റുകൾ  നഷ്ടപ്പെട്ടു. യുപി രാഷ്ട്രീയത്തിൽ കോൺഗ്രസ‌് വഞ്ചനാപരമായ നിലപാട‌് സ്വീകരിച്ചിട്ടും മഹാസഖ്യം ഏതുവിധം ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ ചെറുത്തുവെന്ന‌് വ്യക്തമാക്കുന്ന കണക്കുകളാണിത‌്.

യുപിയിൽ സുൽത്താൻപ്പുർ, സീതാപ്പുർ, സന്ത‌്കബീർനഗർ, മീറത്ത‌്, ദൗരാഹ‌്‌ര, ബസ‌്തി, ബാരാബങ്കി, ബാണ്ട തുടങ്ങിയ സീറ്റുകളിലാണ‌് കോൺഗ്രസ‌് സാന്നിധ്യം ബിജെപിയുടെ വിജയത്തിന‌് കാരണമായത‌്. സുൽത്താൻപ്പുരിൽ 4.39 ലക്ഷം വോട്ടുനേടിയാണ‌് ബിജെപി ടിക്കറ്റിൽ മേനക ഗാന്ധി ജയിച്ചത‌്. ഇവിടെ മഹാസഖ്യത്തിന്റെ ചന്ദ്രഭദ്ര സിങ‌് 4.26 ലക്ഷം വോട്ടാണ‌് നേടിയത‌്. കോൺഗ്രസ‌് സ്ഥാനാർഥിയാകട്ടെ നാൽപ്പതിനായിരത്തിലേറെ വോട്ടുപിടിച്ചു. സീതാപ്പുരിൽ ബിജെപി സ്ഥാനാർഥി 4.04 ലക്ഷം വോട്ടുനേടി ജയിച്ചപ്പോൾ മഹാസഖ്യം സ്ഥാനാർഥി നേടിയത‌് 3.20 ലക്ഷം വോട്ടുകൾ. കോൺഗ്രസ‌് സ്ഥാനാർഥി പിടിച്ച 82000 വോട്ടുകൾ സീതാപ്പുർ മണ്ഡലം ബിജെപിക്ക‌് സമ്മാനിച്ചു. സന്ത‌്കബീർനഗർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിക്ക‌് ലഭിച്ചത‌് 4.55 ലക്ഷം വോട്ടുകളാണ‌്. ഇവിടെ ബിഎസ‌്പി സ്ഥാനാർഥിക്ക‌് 4.20 ലക്ഷം വോട്ടുകൾ കിട്ടിയപ്പോൾ കോൺഗ്രസ‌് സ്ഥാനാർഥി ഒന്നേകാൽ ലക്ഷം വോട്ട‌് പിടിച്ചു. ഇവിടെയും മതേതര വോട്ടുകൾ ചിതറിയത‌് ബിജെപിക്ക‌് ഗുണമായി.

മീറത്തിൽ ബിജെപി സ്ഥാനാർഥി 5.82 ലക്ഷം വോട്ടുകൾ നേടി ജയിച്ചപ്പോൾ ബിഎസ‌്പി 5.77 ലക്ഷം വോട്ടുകൾ നേടി തൊട്ടുപിന്നിലെത്തി. കോൺഗ്രസിന‌് ലഭിച്ച 34000 വോട്ട‌് മീറത്തിലും ബിജെപിയുടെ വിജയത്തിൽ നിർണായകമായി. ദൗരാഹ‌്‌രയിൽ 4.52 ലക്ഷം വോട്ടുകളാണ‌് ബിജെപിക്ക‌് ലഭിച്ചത‌്. 3.22 ലക്ഷം വോട്ട‌ുകൾ നേടി ബിഎസ‌്പി രണ്ടാമത‌് വന്നു. കോൺഗ്രസിന്റെ ജിതിൻ പ്രസാദയ‌്ക്ക‌് ലഭിച്ച 1.41 ലക്ഷം വോട്ടുകളാണ‌് ബിഎസ‌്പിക്ക‌് തിരിച്ചടിയായത‌്.

ബസ‌്തി മണ്ഡലത്തിൽ 3.90 ലക്ഷം വോട്ടുകൾ നേടിയാണ‌് ബിജെപിയുടെ ജയം. ബിഎസ‌്പി 3.40 ലക്ഷം വോട്ടുകളോടെ രണ്ടാമതെത്തിയപ്പോൾ കോൺഗ്രസിന‌് ലഭിച്ചത‌് എഴുപതിനായിരത്തോളം വോട്ടുകൾ. ബാരാബങ്കിയിൽ ബിജെപി 5.23 ലക്ഷം വോട്ടുകൾ നേടി ജയിച്ചപ്പോൾ എസ‌്പി സ്ഥാനാർഥി 4.21 ലക്ഷം വോട്ടുകളോടെ രണ്ടാമത‌് വന്നു. കോൺഗ്രസിന്റെ തനുഷ‌് പുനിയ‌്ക്ക‌് ലഭിച്ച 1.57 ലക്ഷം വോട്ടാണ‌് ന്യൂനപക്ഷ ജനവിഭാഗങ്ങൾ ഏറെയുള്ള മണ്ഡലം ബിജെപിക്ക‌് തളികയിലെന്ന പോലെ നൽകിയത‌്.

പുനിയ‌്ക്കായി കോൺഗ്രസ‌് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കം പ്രചാരണത്തിന‌് വന്നിരുന്നു. ബാണ്ടയിൽ ബിജെപിക്ക‌് 4.76 ലക്ഷം വോട്ടും എസ‌്പിക്ക‌് 4.17 ലക്ഷം വോട്ടുമാണ‌് ലഭിച്ചത‌്. ഇവിടെയും കോൺഗ്രസിന‌് ലഭിച്ച മുക്കാൽ ലക്ഷം വോട്ട‌് ബിജെപിയുടെ വിജയത്തിൽ നിർണായകമായി. യുപിയിൽ ഒരു തിരിച്ചുവരവ‌് സമീപ ഭാവിയിൽ കോൺഗ്രസിന‌് സാധ്യമല്ലെന്ന‌് വ്യക്തമാക്കുന്നതാണ‌് ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top