21 August Wednesday
ബൂത്തിലെത്താൻ മൂന്നുനാൾ

തമിഴകത്ത് മോഡിവിരുദ്ധ തരംഗം ; എഐഎഡിഎംകെയുടെ പിടിപ്പുകേടിനെതിരെ ജനവികാരം

വി ജയിൻUpdated: Sunday Apr 14, 2019


കോയമ്പത്തൂർ
പോളിങ് ബൂത്തിലെത്താൻ മൂന്നുനാൾ ശേഷിക്കെ തമിഴകത്ത് ആഞ്ഞുവീശുന്നത് മോഡിവിരുദ്ധ തരംഗം. ജനവിരുദ്ധ കേന്ദ്രസർക്കാരിന് നേതൃത്വം നൽകുന്ന ബിജെപിക്കൊപ്പം നിൽക്കുന്ന തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ പിടിപ്പുകേടിനെതിരെയും ജനവികാരമുയരുന്നു. ഡിഎംകെ മുന്നണി വൻ വിജയം കൊയ്യുമെന്നാണ് രാഷ‌്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.

തമിഴ്നാട്ടിലെ 39 ലോക‌്സഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി 18ന് നടക്കും. വോട്ടർമാർ 5.98 കോടി. 834 സ്ഥാനാർഥികളാണ് മത്സരരംഗത്ത‌്. ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന മുന്നണിയും എഐഎഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. ഡിഎംകെ, സിപിഐ എം, സിപിഐ, കോൺഗ്രസ്, വിടുതലൈ ചിരുതൈകൾ കച്ചി, എംഡിഎംകെ, ഇന്ത്യ ജനനായക കച്ചി, കൊങ്ങുനാട് മക്കൾ ദേശീയ കച്ചി എന്നിവയാണ് മതനിരപേക്ഷ മുന്നണിയിലുള്ളത്. ബിജെപി, പാട്ടാളി മക്കൾ കച്ചി, പുതിയ നീതി കച്ചി എന്നിവയടങ്ങിയതാണ് എഐഎഡിഎംകെ മുന്നണി.

2014ലെ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് 39ൽ 37 സീറ്റ് നേടിയ എഐഎഡിഎംകെ ഇത്തവണ പകുതി സീറ്റുകൾ നൽകി വിപുലമായ മുന്നണി രൂപീകരിക്കേണ്ടി വന്ന രാഷ്ട്രീയസാഹചര്യം തന്നെയാണ് വിധി നിർണയിക്കുന്ന പ്രധാന ഘടകം. സംസ്ഥാന ഭരണകക്ഷിയായ എഐഎഡിഎംകെയും കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും തമിഴ്നാട്ടിൽ പ്രതിരോധത്തിലാണ്. നോട്ടുനിരോധനവും ജിഎസ്ടിയും കാർഷിക, വ്യാവസായിക മേഖലകളെ തകർത്തതാണ് ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തുന്നത്.

രാഷ്ട്രീയമായി ബിജെപിയുടെ ഹൈന്ദവ വർഗീയ ആശയങ്ങളെ ശക്തമായി എതിർക്കുന്നതാണ് തമിഴ്നാടിന്റെ ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യം. തമിഴ്നാട്ടിൽ വേരോടാത്ത സവർണ-ഹൈന്ദവ വർഗീയ രാഷ്ട്രീയത്തിന് തണലൊരുക്കാൻ നിൽക്കുന്ന എഐഎഡിഎംകെയോടും തമിഴ് മനസ്സ് ഇടഞ്ഞുനിൽക്കുകയാണ്. മൂന്നുവട്ടം തമിഴ്നാട്ടിൽ സന്ദർശനം നടത്തിയിട്ടും തമിഴ്നാട്ടിൽ ചലനം സൃഷ്ടിക്കാൻ മോഡിക്ക് കഴിഞ്ഞില്ല. മോഡി ഗോ ബാക്ക് മുദ്രാവാക്യം ഇപ്പോഴും സജീവമായി തമിഴ്നാടിന്റെ രാഷ്ട്രീയാന്തരീക്ഷത്തിലുണ്ട്.

ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെ ശിഥിലമായി. ഭരണപരമായ കഴിവുകേട‌ുകൊണ്ട് ഒരു സർക്കാരിന്റെ സാന്നിധ്യം ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് എഐഎഡിഎംകെയ‌്ക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. രാഷ്ട്രീയവും സംഘടനാപരവുമായ ദൗർബല്യത്തെ പണം വാരിയെറിഞ്ഞ് പരിഹരിക്കാൻ നോക്കുകയാണ് എഐഎഡിഎംകെ.

സിപിഐ എം സ്ഥാനാർഥികളായി സു വെങ്കിടേശൻ മധുരയിലും പി ആർ നടരാജൻ കോയമ്പത്തൂരിലും മത്സരിക്കുന്നു. അന്തരിച്ച ഡിഎംകെ നേതാവ് എം കരുണാനിധിയുടെ മകൾ കനിമൊഴിയും ബിജെപി സംസ്ഥാന അധ്യക്ഷ തമിഴി ശൈ സൗന്ദരരാജനും മത്സരിക്കുന്ന തൂത്തുക്കുടിയിൽ ശക്തമായ പോരാട്ടമാണ്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ കന്യാകുമാരിയിൽ ശക്തമായ മത്സരത്തെയാണ് നേരിടുന്നത്. 

ശിവഗംഗയിലെ കോൺഗ്രസ് സ്ഥാനാർഥിയായി മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ നിശ്ചയിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ഇതുവരെ പരിഹരിച്ചിട്ടില്ല. ഈ സീറ്റിനായി രംഗത്തുണ്ടായിരുന്ന സുദർശന നാച്ചിയപ്പൻ പരസ്യമായി കാർത്തിക്കെതിരെ രംഗത്തുവന്നു. പോളിങ് ബൂത്തിൽ തങ്ങൾ മാത്രമേയുണ്ടാകൂ, മനസ്സിലായില്ലേ എന്ന് പ്രസംഗത്തിൽ ചോദിച്ച പിഎംകെ നേതാവ് ഡോ. അൻപുമണി രാംദോസിനെതിരെ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ 122.66 കോടി രൂപയാണ് തമിഴ്നാട്ടിൽ പിടിച്ചെടുത്തത്.

ഉപതെരഞ്ഞെടുപ്പും ഒപ്പം
18 നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ‌്. അരുവക്കുറിച്ചി, ഒറ്റപ്പിടാരം, സൂലൂർ, തിരുപ്പുറംകുൺട്രം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്ക് മെയ് 19നാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മെയ് 23ന്. എഐഎഡിഎംകെ മന്ത്രിസഭയ‌്ക്ക് നിലവിൽ 113 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഡിഎംകെ മുന്നണിയിൽ 97 അംഗങ്ങളുണ്ട്. 22 നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എല്ലാ സീറ്റും ഡിഎംകെ നേടിയാൽ എടപ്പാടി പളനിച്ചാമി മന്ത്രിസഭ രാജിവയ‌്ക്കേണ്ടിവരും.


പ്രധാന വാർത്തകൾ
 Top