26 June Wednesday

അഞ്ചാംഘട്ടം പ്രചാരണത്തിന‌് സമാപനം

സ്വന്തം ലേഖകൻUpdated: Sunday May 5, 2019

ന്യൂഡൽഹി
അഞ്ചാംഘട്ട ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ‌് നടക്കുന്ന ഏഴ‌് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിൽ പരസ്യപ്രചാരണം സമാപിച്ചു. തിങ്കളാഴ‌്ചയാണ‌് വോട്ടെടുപ്പ‌്. കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേഠിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി മത്സരിക്കുന്ന റായ‌്ബറേലിയും തിങ്കളാഴ‌്ച ബൂത്തിലേക്ക‌് നീങ്ങും.

ഉത്തർപ്രദേശ‌്–- 14 , രാജസ്ഥാൻ–- 12, ബംഗാൾ,  മധ്യപ്രദേശ‌് എന്നിവിടങ്ങളിൽ ഏഴ‌് , ബിഹാറിൽ അഞ്ച‌്, ജാർഖണ്ഡിൽ നാല‌് , ജമ്മു–-കശ‌്മീരിൽ രണ്ട‌് എന്നിങ്ങനെയാണ‌് അഞ്ചാംഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. ശനിയാഴ‌്ച ബിഹാർ, യുപി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ‌് യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അമേഠിയിൽ തെരഞ്ഞെടുപ്പ‌് യോഗങ്ങളിൽ പങ്കെടുത്തു.

വോട്ടെടുപ്പ‌് നടക്കുന്ന 51 മണ്ഡലങ്ങളിൽ 41 ഇടത്തും 2014 ൽ ജയിച്ചത‌് എൻഡിഎയായിരുന്നു. യുപിയിൽ വോട്ടെടുപ്പ‌് നടക്കുന്ന 14 ൽ റായ‌്ബറേലിയും അമേഠിയും ഒഴികെ 12 മണ്ഡലങ്ങളിലും 2014 ൽ ബിജെപി ജയിച്ചു. രാജസ്ഥാനിലെ 12 സീറ്റിലും മധ്യപ്രദേശിലെ ഏഴ‌് സീറ്റിലും ജാർഖണ്ഡിലെ നാല‌് സീറ്റിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയാണ‌് ജയിച്ചത‌്. ബീഹാറിലെ മൂന്നിടത്ത‌് ബിജെപി ജയിച്ചപ്പോൾ രണ്ടിടത്ത‌് സഖ്യകക്ഷികൾ

വിജയിച്ചു. ജമ്മു–-കശ‌്മീരിലെ ലഡാക്ക‌് സീറ്റിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയം ബിജെപിക്കൊപ്പമായിരുന്നു.  രണ്ടുഘട്ടമായി വോട്ടെടുപ്പ‌് നടക്കുന്ന രാജസ്ഥാനിൽ അഞ്ചാംഘട്ടത്തോടെ പോളിങ‌് പ്രക്രിയ അവസാനിക്കും. സിപിഐ എമ്മിന്റെ അമ്രാറാം ശക്തമായ ത്രികോണ മത്സരമുയർത്തുന്ന സിക്കർ, കേന്ദ്രമന്ത്രി രാജ്യവർധൻ സിങ‌് റാത്തോഡും ഡിസ‌്ക്കസ‌് ത്രോ താരം കൃഷ‌്ണ പൂനിയയും ഏറ്റുമുട്ടുന്ന ജയ‌്പ്പുർ റൂറൽ എന്നിവയുമാണ‌് ശ്രദ്ധേയ മണ്ഡലങ്ങൾ. ബംഗാളിൽ തെരഞ്ഞെടുപ്പ‌് നടക്കുന്ന ഏഴ‌് മണ്ഡലങ്ങളും തൃണമൂലിന്റെ സിറ്റിങ‌് സീറ്റുകളാണ‌്. ജമ്മു–-കശ‌്മീരിൽ ലഡാക്കിന‌് പുറമെ അനന്ത‌്നാഗ‌് മണ്ഡലത്തിലെ പുൽവാമ, ഷോപ്പിയാൻ മേഖലകളിൽ തിങ്കളാഴ‌്ച വോട്ടെടുപ്പുണ്ടാകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top