22 July Monday

ആന്ധ്രയും തെലങ്കാനയും ഇന്ന‌് ബൂത്തിലേക്ക‌്; കോൺഗ്രസും ബിജെപിയും ചിത്രത്തിലില്ല

സാജൻ എവുജിൻUpdated: Thursday Apr 11, 2019

ന്യൂഡൽഹി
ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ആന്ധ്രയും തെലങ്കാനയും വ്യാഴാഴ‌്ച ബൂത്തിലേക്ക‌്. ആന്ധ്രപ്രദേശ‌് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ദക്ഷിണേന്ത്യയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ‌് നടക്കുന്ന ആന്ധ്രയിൽ 25ഉം തെലുങ്കാനയിൽ 17ഉം ലോക‌്സഭാ സീറ്റുകളാണുള്ളത‌്.  മുഖ്യദേശീയ പാർടികളായ കോൺഗ്രസും ബിജെപിയും പ്രതീക്ഷ കൈവിട്ട സംസ്ഥാനങ്ങളാണ‌് രണ്ടും. ഇരു പാർടികളും അപ്രസക്തമായി മാറിയിരിക്കയാണ‌്. ദക്ഷിണേന്ത്യയിൽ വൻവിജയം അവകാശപ്പെടുന്ന കോൺഗ്രസിന‌് രണ്ട‌ു സംസ്ഥാനങ്ങളിലായി ഒറ്റ സീറ്റും ലഭിക്കില്ല.

ആന്ധ്രപ്രദേശിൽ ടിഡിപി, വൈഎസ‌്ആർ കോൺഗ്രസ‌്, പവൻ കല്യാൺ നേതൃത്വം നൽകുന്ന ജനസേന പാർടി, സിപിഐ എം, സിപിഐ, ബിഎസ‌്പി എന്നീ കക്ഷികൾ ഉൾപ്പെട്ട മുന്നണിയുമാണ‌് പ്രധാനമായും മത്സരരംഗത്തുള്ളത‌്. 175 നിയമസഭാ മണ്ഡലങ്ങളിലേക്കാണ‌് വോട്ടെടുപ്പ‌്.

ആന്ധ്രപ്രദേശിനു പ്രത്യേക സംസ്ഥാനപദവി വാഗ‌്ദാനം ചെയ‌്തശേഷം വാക്കുമാറിയതാണ‌് ബിജെപിയോടുള്ള ജനരോഷത്തിനു മുഖ്യകാരണം. സംസ്ഥാനത്തെ 10 ശതമാനത്തോളം വരുന്ന മുസ്ലിം ജനവിഭാഗങ്ങളും ബിജെപിയുടെ നയങ്ങളെ ഭയാശങ്കകളോടെ കാണുന്നു. ഇതു തിരിച്ചറിഞ്ഞാണ‌് ബിജെപി ബന്ധം വിച്ഛേദിക്കാൻ ചന്ദ്രബാബുനായിഡു തയ്യാറായത‌്. കഴിഞ്ഞതവണ ടിഡിപിയുമായി സഖ്യത്തിൽ മത്സരിച്ച‌് രണ്ട‌ു സീറ്റിൽ വിജയിച്ച ബിജെപിക്ക‌്  ഇത്തവണ  പ്രതീക്ഷിക്കാൻ ഒന്നുമില്ല‌. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട‌് ടിഡിപിയും വൈഎസ‌്ആർ കോൺഗ്രസും വാഗ‌്ദാനങ്ങൾ നൽകുന്നുണ്ട‌്. എന്നാൽ, വാഗ‌്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെതിരായ ജനവികാരം ടിഡിപിക്ക‌് ബാധ്യതയാണ‌്. കഴിഞ്ഞ തവണ എട്ട‌ു സീറ്റിൽ ജയിച്ച വൈഎസ‌്ആർ കോൺഗ്രസ‌് നില മെച്ചപ്പെടുത്താൻ സാധ്യതയുണ്ട‌്.  നിയമസഭയിലും വലിയ മുന്നേറ്റമുണ്ടാക്കും. കോൺഗ്രസ‌് മത്സര ചിത്രത്തിലേ ഇല്ല.
 

ജനങ്ങൾ കോൺഗ്രസിനെ വെറുക്കുന്നു: പ്രകാശ‌് റെഡ്ഡി
ആന്ധ്രപ്രദേശിൽ കോൺഗ്രസ‌് വീണ്ടും പച്ചപിടിക്കാൻ 15 വർഷം വേണ്ടിവരുമെന്ന‌് മുൻഎംപിയും മുൻമുഖ്യമന്ത്രി കോട‌്‌ല വിജയഭാസ‌്കര റെഡ്ഡിയുടെ മകനുമായ പ്രകാശ‌് റെഡ്ഡി. ആന്ധ്രപ്രദേശിനോട‌് ചെയ‌്ത തെറ്റുകൾക്ക‌് ജനങ്ങൾ കോൺഗ്രസിനെ അത്രത്തോളം വെറുക്കുന്നു. 15 വർഷമെങ്കിലുമെടുക്കും ഈ സ്ഥിതി മാറാൻ–-കർണൂൽ ലോക‌്സഭാ മണ്ഡലത്തിലെ  ടിഡിപി സ്ഥാനാർഥിയായ  പ്രകാശ‌് റെഡ്ഡി  പറഞ്ഞു.  വോട്ട‌ു തേടി ഗ്രാമങ്ങളിൽ ചെല്ലുമ്പോൾ ‘കോൺഗ്രസുകാർ ഇങ്ങാേട്ട‌് വരേണ്ട’ എന്ന‌ുപറയുന്ന സ്ഥിതിയാണ‌്.

ആന്ധ്രപ്രദേശ‌് 2004ൽ 29 എംപിമാരെയും 2009ൽ 33 എംപിമാരെയും കോൺഗ്രസിനു നൽകി. എന്നാൽ, മുഖ്യമന്ത്രിയായിരിക്കെ വൈ എസ‌് രാജശേഖരറെഡ്ഡി ഹെലികോപ‌്റ്റർ അപകടത്തിൽ മരിച്ചശേഷം കോൺഗ്രസ‌് ദേശീയ നേതൃത്വം സ്വീകരിച്ച സമീപനം  പാർടിയുടെ അടിത്തറ ഇളക്കി. വൈഎസ‌്ആറിന്റെ മകൻ ജഗൻ മോഹൻറെഡ്ഡി കോൺഗ്രസ‌് വിട്ട‌് വൈഎസ‌്ആർ കോൺഗ്രസ‌് രൂപീകരിച്ചു. 2014ൽ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ‌് അന്നത്തെ യുപിഎ സർക്കാർ ആന്ധ്രപ്രദേശ‌് വിഭജനം നടപ്പാക്കിയതോടെ കോൺഗ്രസ‌ിന്റെ പതനം പൂർത്തിയായി. കർഷകരെ രക്ഷിക്കാൻ വേണ്ടിയാണ‌് താൻ കോൺഗ്രസ‌് വിട്ട‌് ടിഡിപിയിൽ ചേർന്നതെന്ന‌് പ്രകാശ‌് റെഡ്ഡി പറയുന്നു. നാലരവർഷം കോൺഗ്രസിനെ രക്ഷപ്പെടുത്താൻ വേണ്ടി ചെലവിട്ടെങ്കിലും ഫലമുണ്ടായില്ല. കർണൂലിലെ കർഷകരെ രക്ഷിക്കാൻ താൻ മുന്നോട്ടുവച്ച പദ്ധതികൾ നടപ്പാക്കാമെന്ന്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാക്കുനൽകി. അങ്ങനെയാണ‌് ടിഡിപിയിൽ ചേർന്നത‌്–-മൂന്ന‌ു തവണ കോൺഗ്രസ‌് എംപിയായിരുന്ന പ്രകാശ‌് റെഡ്ഡി പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top